Connect with us

Books

വായനയിലെ അനുഭൂതിയുടെ തലങ്ങള്‍

Published

on

0 0
Read Time:11 Minute, 22 Second

”താങ്കള്‍ പറഞ്ഞിട്ടാണ് സാപിയന്‍സ് എന്ന പുസ്തകം ഞാന്‍ വാങ്ങിയത്. പക്ഷെ വായിച്ചു തുടങ്ങിയിട്ട് ഒരിഞ്ചു പോലും മുന്നോട്ട് പോകുവാന്‍ സാധിക്കുന്നില്ല. മയ്യഴിപ്പുഴയുടെ തീരങ്ങളോ ഖസാക്കിന്റെ ഇതിഹാസമോ വായിക്കുമ്പോള്‍ കിട്ടുന്ന ഒരനുഭൂതി ഈ വായനയില്‍ നിന്നും ലഭിക്കുന്നില്ല. വരണ്ട ഭൂമിയിലൂടെയുള്ള ഒരു യാത്രയായി എനിക്കിത് തോന്നുന്നു. എന്തുകൊണ്ടാണത്?” മെസ്സഞ്ചറില്‍ ഈ ദുഃഖം അറിയിച്ചത് സുഹൃത്ത് അഷ്റഫാണ്.

നമ്മുടേയും ചോദ്യം

Advertisement

അഷ്റഫിന് മാത്രമല്ല നമുക്കും പലപ്പോഴും തോന്നിയിട്ടുള്ള ഒരു ചോദ്യമാണിത്. എല്ലാ വായനകളും ഒരേപോലെ നമ്മില്‍ അനുഭൂതി സൃഷ്ട്ടിക്കുന്നില്ല. ചില പുസ്തകങ്ങള്‍ വായിക്കാനെടുത്താല്‍ ഒറ്റ ഇരുപ്പിന് വായിച്ചു തീര്‍ക്കും. മറ്റു ചിലവ എത്ര ശ്രമിച്ചിട്ടും എത്ര സമയമെടുത്തിട്ടും വായിച്ചു തീര്‍ക്കാന്‍ സാധിക്കുന്നില്ല. എന്താണ് തടസം എന്ന് നാം അത്ഭുതപ്പെടുന്നു. ഇത് എഴുത്തുകാരന്റെ കുഴപ്പമാണോ? അദ്ദേഹത്തിന്റെ അക്ഷരങ്ങള്‍ക്ക് നമ്മെ ആകര്‍ഷിക്കുവാന്‍ സാധിക്കുന്നില്ലേ? അല്ലെങ്കില്‍ ഇത് വായനക്കാരന്റെ തന്നെ പ്രശ്‌നമാണോ?

വായനക്കാരന്റെ ലക്ഷ്യം

”ഒരു സങ്കീര്‍ത്തനം പോലെ” വായിച്ചു തീര്‍ക്കുന്ന ലാഘവത്തോടെ എനിക്ക് ”മരുഭൂമികള്‍ ഉണ്ടാകുന്നത്” വായിച്ചു തീര്‍ക്കാന്‍ സാധിച്ചിട്ടില്ല. ആടുജീവിതം ഒറ്റയിരുപ്പിന് ശ്വാസമടക്കിപ്പിടിച്ചിരുന്ന് വായിച്ചു തീര്‍ത്ത പുസ്തകമാണ്. പക്ഷെ അത്ര ലളിതമായി ആരാച്ചാര്‍ വായിക്കാന്‍ കഴിഞ്ഞില്ല. വായനക്കാരനില്‍ വായന രൂപപ്പെടുത്തുന്ന തലങ്ങള്‍ വ്യത്യസ്തമാണ്. എനിക്കു തോന്നുന്നു വായനക്കാരന്‍ സ്വയം രൂപീകരിക്കുന്ന അവന്റെ ലക്ഷ്യത്തിന് വായനയില്‍ വലിയൊരു പങ്കുണ്ട്.

ലക്ഷ്യവും പ്രവൃത്തിയും

ഞാന്‍ ഓടുകയാണ്. ഓടുക എന്നത് ഒരു പ്രവൃത്തിയാണ്. ഞാന്‍ ഓടുന്നതിന് ഒരു ലക്ഷ്യമുണ്ടാകണം. ഒരു സ്ഥലത്ത് പെട്ടെന്നെത്തിച്ചേരണം. എനിക്ക് ഓടിയേ തീരൂ. എന്നാല്‍ ഞാന്‍ ആരോഗ്യ പരിപാലത്തിനായാണ് ഓടുന്നതെങ്കില്‍ എന്റെ വേഗത ആദ്യത്തേതില്‍ നിന്നും വ്യത്യസ്തമായിരിക്കും. ലക്ഷ്യമാണ് എന്റെ വേഗത എന്തായിരിക്കണമെന്ന് നിര്‍ണ്ണയിക്കുന്നത്. മറ്റ് ചില ഘടകങ്ങള്‍ കൂടി ഇതില്‍ പരിഗണിക്കേണ്ടതായിട്ടുണ്ട്. ഓടുന്ന സ്ഥലത്തിന്റെ ഭൂപ്രകൃതി, എന്റെ ആരോഗ്യം, കാലാവസ്ഥ ഇങ്ങനെയുള്ള ഘടകങ്ങള്‍ കൂടി എന്റെ ഓട്ടത്തെ സ്വാധീനിക്കുന്നു.

നൂറു മീറ്റര്‍ സ്പ്രിന്റ് ഓടുന്ന പോലെയല്ല പത്ത് കിലോമീറ്റര്‍ മാരത്തോണ്‍ ഓടുന്നത് എന്ന് സാരം. ലക്ഷ്യമാണ് എന്റെ വേഗതയെ സാധൂകരിക്കുന്നത്. വായനയും അതുപോലുള്ള ഒരു പ്രവര്‍ത്തിയായി എനിക്ക് തോന്നുന്നു. എന്തിനാണ് വായിക്കുന്നത് എന്നതാണ് പ്രാധാന്യം. വായിക്കുക എന്ന പ്രവര്‍ത്തിയെ സാധൂകരിക്കേണ്ടത് അതിന്റെ ലക്ഷ്യം തന്നെയാണ്. ലക്ഷ്യം സുവ്യക്തമാണ് എങ്കില്‍ വായനക്കായി പുസ്തകം തിരഞ്ഞെടുക്കുന്നതിനെ അത് സ്വാധീനിക്കും.

പുസ്തകം നല്‍കുന്ന ആനന്ദം

എന്നെ ആഹ്‌ളാദിപ്പിക്കുകയും കേവലമായ അനുഭൂതി പ്രദാനം ചെയ്യുകയുമാണ് എല്ലാ പുസ്തകങ്ങളുടേയും ധര്‍മ്മമായി ഞാന്‍ കാണുന്നതെങ്കില്‍ എനിക്ക് തെറ്റുപറ്റും. ഓരോ പുസ്തകങ്ങള്‍ക്കും ഓരോ ഉദ്ദേശ്യമുണ്ട് എന്നു ഞാന്‍ വിശ്വസിക്കുന്നു. ഞാന്‍ ഉദ്ദേശിക്കുന്ന അനുഭൂതി ഒരു പുസ്തകത്തിന് നല്കാന്‍ കഴിഞ്ഞില്ലായെങ്കില്‍ വായനക്കാരന്‍ എന്ന നിലയില്‍ എനിക്കും അതില്‍ ഉത്തരവാദിത്വം ഉണ്ടാകാം. അനുഭൂതി ആനന്ദം മാത്രമല്ല അത് അസ്വസ്ഥതകളും കൂടിയാകാം. എന്റെ വികാരങ്ങളെ, ചിന്തകളെ സ്പര്‍ശിക്കാന്‍ നിങ്ങള്‍ക്ക് കഴിഞ്ഞില്ല എന്ന് എഴുത്തുകാരനോട് പറയുന്നതിന് മുന്‍പേ ഒരു ആത്മപരിശോധന ആവശ്യമായി വരുന്നു.

ഒരു കട്ടന്‍ചായയുമായി ചാരുകസേരയില്‍ മലര്‍ന്നു കിടന്ന് വിശ്രമിച്ച് ഒരു ഹ്രസ്വവായന പകര്‍ന്നു നല്‍കുന്ന അനുഭവത്തിനായി ഞാന്‍ ആനന്ദിന്റെ ”മരുഭൂമികള്‍ ഉണ്ടാകുന്നത്” കയ്യിലെടുക്കുകയാണ് എന്നു കരുതുക. ഞാന്‍ ആഗ്രഹിച്ച അനുഭൂതിയെ ആ സന്ദര്‍ഭത്തില്‍, ആ മാനസികാവസ്ഥയില്‍ ആ പുസ്തകം എനിക്ക് നല്കുന്നില്ല. അങ്ങിനെ വായിക്കേണ്ട ഒന്നല്ല ആ പുസ്തകം എന്നത് തിരിച്ചറിയേണ്ട ഒന്നാകുന്നു. ഇവിടെ തെറ്റുപറ്റിയത് ഞാന്‍ എന്ന വായനക്കാരനാണ് എന്റെ തിരഞ്ഞെടുക്കലിനാണ്. മറ്റൊരു സന്ദര്‍ഭത്തില്‍, തികച്ചും വിഭിന്നമായ മറ്റൊരു മാനസികാവസ്ഥയില്‍ ആ പുസ്തകത്തിന് എന്നില്‍ അനുഭൂതികള്‍ നിറക്കുവാന്‍ ചിലപ്പോള്‍ സാധിക്കാം.

പുസ്തകത്തിന്റെ തിരഞ്ഞെടുപ്പ്

പ്രേമലേഖനത്തിനോ നാലുകെട്ടിനോ സൂസന്നയുടെ ഗ്രന്ഥപ്പുരക്കോ പ്രതി പൂവന്‍ കോഴിക്കോ ആ നിമിഷങ്ങളെ സുരഭിലമാക്കുവാന്‍ കഴിയും. പക്ഷേ അഷ്റഫിന്റെ ദുഃഖം പോലെ സാപിയന്‍സ് എന്ന പുസ്തകത്തിന് ആ ലക്ഷ്യത്തെ കണ്ടെത്താന്‍ സാധിക്കണമെന്നില്ല. ഇവിടെ പുസ്തകത്തിന്റെ തിരഞ്ഞെടുക്കലിന് വായനക്കാരന്റെ ലക്ഷ്യത്തിനും ആസ്വാദനശേഷിക്കും വലിയൊരു പങ്കുണ്ട്.

ചരിത്രത്തേയും മാനവരാശിയുടെ പരിണാമത്തേയും നരവംശ ശാസ്ത്രത്തേയും ഇഷ്ട്ടപ്പെടുന്ന അത്തരം വായനയെ ഗൗരവപൂര്‍വ്വം സമീപിക്കുന്ന ഒരാളാണ് ഞാനെങ്കില്‍ സാപിയന്‍സ് എന്ന പുസ്തകത്തോടുള്ള എന്റെ സമീപനം വളരെ വ്യത്യസ്തമായിരിക്കും. എന്താണ് ഞാന്‍ പ്രതീക്ഷിക്കുന്നത് എന്ന് എനിക്ക് തീര്‍ച്ചയുണ്ട്. ആ ലക്ഷ്യം പ്രാപ്തമാക്കുന്ന പുസ്തകങ്ങളാണ് എന്റെ ലക്ഷ്യം. അങ്ങനെയുള്ള എന്നില്‍ അനുഭൂതി ഉണര്‍ത്താന്‍ സാപിയനസിനു കഴിയുന്നു. ഒരു സാധാരണ വായനക്കാരനില്‍ ”ടോട്ടോചാന്‍” പകരുന്ന അനിര്‍വ്വചനീയമായ ആനന്ദം ഇവിടെ എനിക്ക് സാപിയന്‍സ് നല്കുന്നു.

വായനയുടെ തലം

വായനയുടെ തലം ഉയര്‍ത്തുകയാണ് എന്റെ ലക്ഷ്യമെങ്കില്‍ ഞാന്‍ മാരത്തോണ്‍ ഓടുന്ന സമീപനവും തന്ത്രവും സ്വീകരിക്കണം. അവിടെ ലളിതമായി മുന്നോട്ടു പോകുന്ന സുഗമമായ ഒരു പ്രവര്‍ത്തിയല്ല വായന. വായനയുടെ തലം ഉയര്‍ത്താന്‍ എനിക്കിന്നുവരെ പരിചിതമല്ലാത്ത തികച്ചും അന്യമായ ഒരു പ്രദേശം കടന്നു പോയേ തീരൂ. അത് അല്പ്പം സങ്കീര്‍ണ്ണമാണ്. തുടക്കത്തില്‍ ഞാന്‍ പ്രതീക്ഷിക്കുന്ന അനുഭവമോ അനുഭൂതിയോ വായന ഉളവാക്കണമെന്നില്ല. നിരന്തരമായ മടുപ്പുകള്‍ക്ക് ശേഷം കഠിനമായ പരിശ്രമങ്ങള്‍ക്ക് ശേഷം മാത്രമേ അനുഭൂതി എന്നെത്തേടി എത്തുകയുള്ളൂ.

എന്റെ ലക്ഷ്യമെന്താണ്?

വിശ്രമവേളകളില്‍ കൂട്ടിനായുള്ള പ്രിയ സുഹൃത്തുക്കള്‍ മാത്രമല്ല പുസ്തകങ്ങള്‍. തീഷ്ണമായ അനുഭവങ്ങള്‍ നമുക്കുള്ളിലേക്ക് ഉരുക്കിയൊഴിക്കാന്‍ അവയ്ക്ക് സാധിക്കും. നമ്മിലെ മനുഷ്യനെ രൂപപ്പെടുത്താനും രൂപാന്തരപ്പെടുത്താനും പുസ്തകങ്ങള്‍ക്ക് കഴിവുണ്ട്. ഓരോ വായനയും നല്‍കുന്ന അറിവും ആനന്ദവും ചിന്തകളിലെ സ്‌ഫോടനവും വ്യത്യസ്തമാണ്. എപ്പോഴും വായനക്കാരന്റെ പ്രതീക്ഷകള്‍ പോലെയാകണം അവ എന്നില്ല. ഞാന്‍ പ്രതീക്ഷിച്ചത് ലഭിച്ചില്ല എന്നത് ചിലപ്പോള്‍ എഴുത്തുകാരന്റെ കുറവല്ല. മറ്റ് ചില വായനക്കാരില്‍ അനുഭൂതി സൃഷ്ട്ടിക്കാന്‍ ആ പുസ്തകത്തിന് കഴിഞ്ഞിട്ടുണ്ടാകാം. എന്റെ ലക്ഷ്യവുമായി എന്റെ വായനകള്‍ക്ക് അഭേദ്യമായ ബന്ധമുണ്ട്. ആ ബന്ധം കണ്ടെത്താന്‍ എനിക്ക് മാത്രമേ കഴിയൂ.

എന്റെ ലക്ഷ്യങ്ങളെ ഭേദിക്കുന്ന അസ്വസ്ഥതകള്‍ ചില വായനകള്‍ ഉളവാക്കുന്നുണ്ട്. ഈ അസ്വസ്ഥതകള്‍ എന്നെ പരിഭ്രമിപ്പിക്കുന്നു. മറ്റു ചിലപ്പോള്‍ അതെന്നെ ചകിതനാക്കുന്നു. പുസ്തകം ആനന്ദം മാത്രമല്ല നല്‍കുന്നത് എന്ന തിരിച്ചറിവ് എന്നെ പൊതിയുന്നു. വായന നമുക്കന്യമായ പ്രദേശങ്ങളിലേക്ക് നമ്മെ കൂട്ടിക്കൊണ്ടു പോകാം. അപരിചിതമായ ആ യാത്രകള്‍ നമ്മില്‍ അസ്വസ്ഥതകള്‍ തീര്‍ക്കുന്നു. ലക്ഷ്യം പോലും ചില വായനകള്‍ ഭേദിക്കും. വായനക്കാരന്‍ ആനന്ദത്തേയും അസ്വസ്ഥതകളെയും സ്വീകരിക്കേണ്ടി വരും.

വായനയെ പിന്തുടരുക. വിസ്മയകരങ്ങളായ മാറ്റങ്ങള്‍ നമ്മില്‍ ഉടലെടുക്കും. ജീവശാസ്ത്രപരമായ പരിണാമം മാത്രം പൂര്‍ണ്ണനായ ഒരു മനുഷ്യനെ സൃഷ്ട്ടിക്കുന്നില്ല. അറിവും അനുഭവങ്ങളും പരിണാമത്തിന്റെ വിടവുകളെ ഇല്ലാതെയാക്കും. വായന നമ്മെ പുതിയ മനുഷ്യരാക്കട്ടെ.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Advertisement

Books

അമിഷ് തൃപാഠിയുടെ മാസ്റ്റര്‍പീസുകള്‍ മലയാളത്തിലും ഓഡിയോ പുസ്തകങ്ങളായി

അമിഷ് തൃപാഠിയുടെ മാസ്റ്റര്‍പീസുകളായ ശിവ ത്രയം, രാം ചന്ദ്ര സീരിസ് എന്നിവയിലെ ആറ് പുസ്തകങ്ങളും നോണ്‍-ഫിക്ഷന്‍ സീരിസില്‍പ്പെട്ടവയുമുള്‍പ്പെടെ ഒമ്പത് ഓഡിയോ പുസ്തകങ്ങളാണ് ഓഡിയോ ബുക് ആപ്പായ സ്റ്റോറിടെല്‍ എക്സ്‌ക്ലൂസീവായി ഇപ്പോള്‍ ശ്രോതാക്കള്‍ക്കെത്തിച്ചിരിക്കുന്നത്

Published

on

0 0
Read Time:3 Minute, 25 Second

ജനപ്രിയ എഴുത്തുകാരന്‍ അമിഷ് തൃപാഠി ഇംഗ്ലീഷില്‍ രചിച്ച പ്രസിദ്ധ രചനകള്‍ ഇപ്പോള്‍ മലയാളമുള്‍പ്പെടെ എട്ട് ഇന്ത്യന്‍ ഭാഷകളില്‍ ഓഡിയോ പുസ്തകങ്ങളായി ലഭ്യമായി. അമിഷ് തൃപാഠിയുടെ മാസ്റ്റര്‍പീസുകളായ ശിവ ത്രയം, രാം ചന്ദ്ര സീരിസ് എന്നിവയിലെ ആറ് പുസ്തകങ്ങളും നോണ്‍-ഫിക്ഷന്‍ സീരിസില്‍പ്പെട്ടവയുമുള്‍പ്പെടെ ഒമ്പത് ഓഡിയോ പുസ്തകങ്ങളാണ് ഓഡിയോ ബുക് ആപ്പായ സ്റ്റോറിടെല്‍ എക്സ്‌ക്ലൂസീവായി ഇപ്പോള്‍ ശ്രോതാക്കള്‍ക്കെത്തിച്ചിരിക്കുന്നത്. ഇംഗ്ലീഷിലാണ് എഴുതുന്നതെങ്കിലും ഇന്ത്യയിലെ എല്ലാ ഭാഷകളിലേയ്ക്കും തന്റെ പുസ്തകങ്ങലെത്തുന്നത് ഏറെ സന്തോഷമുള്ള കാര്യമാണെന്ന് അമിഷ് ത്രിപാഠി പറഞ്ഞു. ‘പുസ്തകങ്ങളായി എത്തിയപ്പോള്‍ത്തന്നെ അവ ഏറെ ജനപ്രീതി നേടി. ഇപ്പോള്‍ സ്റ്റോറിടെലിലൂടെ ഓഡിയോ പുസ്തകങ്ങള്‍ കൂടി ആയതോടെ അവ കൂടുതല്‍ പേരിലേയ്ക്കെത്തുമെന്ന് ഉറപ്പുണ്ട്,’ അദ്ദേഹം പറഞ്ഞു.

അമിഷിന്റെ പുസ്തകങ്ങള്‍ തലമുറകളോട് സംവദിക്കുന്നതാണെന്നും വിശേഷിച്ചും പുതുതലമുറയ്ക്ക് അദ്ദേഹം പ്രിയങ്കരനാണെന്നും സ്റ്റോറിടെല്‍ ഇന്ത്യാ കണ്‍ട്രി മാനേജര്‍ യോഗേഷ് ദശരഥ് പറഞ്ഞു.

Advertisement

ശിവ ത്രയത്തിലെ ദി ഇമ്മോര്‍ടല്‍സ് ഓഫ് മെലുവ, ദി സീക്രട്ട് ഓഫ് ദി നാഗാസ്, ദി ഓത്ത് ഓഫ് ദി വായുപുത്രാസ്, രാമ ചന്ദ്ര സീരിസിലെ രാം: സ്‌കിയോണ്‍ ഓഫ് ഇക്ഷാകു, സീത: വാരിയര്‍ ഓഫ് മിഥില, രാവണ്‍: എനിമി ഓഫ് ആര്യാവര്‍ത്ത; ഇന്‍ഡിക് ക്രോണിക്കിള്‍സിലെ ലെജന്‍ഡ് ഓഫ് സുഹെല്‍ദേവ്: ദി കിംഗ് ഹു സേവ്ഡ് ഇന്ത്യ, നോണ്‍-ഫിക്ഷന്‍ വിഭാഗത്തില്‍ ഇമ്മോര്‍ടല്‍ ഇന്ത്യ: യംഗ് ഇന്ത്യ, ടൈംലെസ് സിവിലൈസേഷന്‍; ധര്‍മ: ഡീകോഡിംഗ് ദി എപിക്സ് ഫോര്‍ എ മീനിംഗ്ഫുള്‍ ലൈഫ് എന്നിവയാണ് ഇപ്പോള്‍ ലഭ്യമായിരിക്കുന്നത്.

അമിഷ് തൃപാഠിയുടെ ഓഡിയോ പുസ്തകങ്ങളിലേയ്ക്കുള്ള ലിങ്ക്:  https://www.storytel.com/in/en/books/2677971-Meluhayile-Chiranjeevikal?appRedirect=true

സ്വീഡനിലെ സ്റ്റോക്ക്ഹോം ആസ്ഥാനമായി ലോകത്തിന്റെ 25 വിവിധ വിപണികളില്‍ സാന്നിധ്യമുള്ള സ്റ്റോറിടെല്‍ ഇംഗ്ലീഷുള്‍പ്പെടെ 12 ഇന്ത്യന്‍ ഭാഷകളില്‍ രണ്ടു ലക്ഷത്തിലേറെ ഓഡിയോ പുസ്തകങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്. 2017 നവംബറിലാണ് ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിച്ചത്.

ഗൂഗ്ള്‍ പ്ലേസ്റ്റോറില്‍ http://bit.ly/2rriZaU -ല്‍ നിന്നും ആപ്പ്ള്‍ സ്റ്റോറില്‍ https://apple.co/2zUcGkG-ല്‍ നിന്നും സ്റ്റോറിടെല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Books

പ്രൊഫ. എം കെ സാനുവിന്റെ സമ്പൂര്‍ണ കൃതികളുമായി സമൂഹ് പ്രസാധനരംഗത്തേയ്ക്ക്

പുസ്തകത്തിന്റെ പ്രീപബ്ലിക്കേഷന്‍ ബുക്കിംഗ് ഒക്ടോബറില്‍ പ്രഖ്യാപിക്കുമെന്നും സാമൂഹ്യ സംരംഭക സഹകരണ സംഘം (സമൂഹ്)

Published

on

0 0
Read Time:10 Minute, 6 Second
  • എഴുപതു വര്‍ഷത്തിനിടെ എഴുതിയ 60-ഓളം പുസ്തകങ്ങള്‍ വിവിധ വാല്യങ്ങളായി ഒരുമിച്ച് പ്രസിദ്ധീകരിക്കും

എറണാകുളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാമൂഹ്യ സംരംഭക സഹകരണ സംഘമായ സമൂഹ് പ്രസാധനരംഗത്തേയ്ക്ക് കടക്കുന്നു. പ്രശസ്ത എഴുത്തുകാരനും വാഗ്മിയുമായ പ്രൊഫ. എം കെ സാനുവിന്റെ സമ്പൂര്‍ണകൃതികള്‍ പ്രസിദ്ധീകരിച്ചുകൊണ്ടാണ് സാമൂഹ്യ സംരംഭക സഹകരണ സംഘം (സമൂഹ്) പ്രസാധനരംഗത്തേയ്ക്കു കടക്കുന്നതെന്ന് സമൂഹിന്റെ സാരഥികള്‍ കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സാനു മാസ്റ്ററുടെ മുഴുവന്‍ കൃതികളും ഉള്‍പ്പെടുത്തി വിവിധ വാല്യങ്ങളായാണ് സമ്പൂര്‍ണ്ണ കൃതികള്‍ പുറത്തിറക്കുകയെന്ന് സമ്പൂര്‍ണകൃതികളുടെ എഡിറ്റര്‍ എസ്. രമേശന്‍ പറഞ്ഞു.

കഴിഞ്ഞ ഏതാണ്ട് എഴുപത് വര്‍ഷത്തിനിടയില്‍ സാനുമാസ്റ്റര്‍ എഴുതിയ അറുപതിലേറെ പുസ്തങ്ങളാണ് ഇങ്ങനെ പുന:സമാഹരിച്ച് പ്രസിദ്ധീകരിക്കുന്നത്. പല കൃതികളും നിരവധി എഡിഷനുകള്‍ പ്രസിദ്ധീകരിച്ചവയാണ്. ഇപ്പോള്‍ നിലവിലില്ലാത്തവ ഉള്‍പ്പെടെയുള്ള നിരവധി ചെറുതും വലുതുമായ സ്ഥാപനങ്ങളാണ് മാഷിന്റെ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്. വൈവിധ്യമായ വിഷയങ്ങളും സാമൂഹ്യ മാറ്റങ്ങള്‍ക്ക് വെളിച്ചം കാണിച്ച പുരോഗമന ചിന്തകളും മാനവികതയിലൂന്നിയ വിശാലമായ കാഴ്ചപ്പാടുള്ള അപൂര്‍വ വ്യക്തിത്വമാണ് സാനു മാഷിന്റേതെന്നും ഇവയത്രയും പ്രതിഫലിക്കുന്ന സാനു മാഷിന്റെ സമ്പൂര്‍ണകൃതികളുടെ പ്രസിദ്ധീകരണം കേരളീയ നവോത്ഥാനചരിത്രത്തിലെ വലിയ ചുവടുവെയ്പാകുമെന്നും എസ് രമേശന്‍ പറഞ്ഞു.

Advertisement

ആത്മകഥ, ബാലസാഹിത്യം, സാഹിത്യ വിമര്‍ശനം, ഭാഷാശാസ്ത്രം, സാഹിത്യ പഠനങ്ങള്‍, വ്യാഖ്യാനങ്ങള്‍, യാത്രാവിവരണങ്ങള്‍, ജീവിതരേഖാ ചിത്രങ്ങള്‍, ഓര്‍മ്മക്കുറിപ്പുകള്‍, ലേഖനസമാഹാരങ്ങള്‍, വിവര്‍ത്തനങ്ങള്‍, എഡിറ്റ് ചെയ്ത പുസ്തകങ്ങള്‍ തുടങ്ങി സാഹിത്യത്തിന്റെ എല്ലാ ശാഖകളിലും മാഷ് പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. നാടകം, കവിത, നവോത്ഥാനം, വിമര്‍ശനം, രാഷ്ട്രീയം, ചരിത്രം, മനഃശാസ്ത്രം തുടങ്ങിയ വൈവിധ്യമാര്‍ന്ന മേഖലകള്‍ ആ തൂലികയ്ക്ക് വിഷയങ്ങളായി. ഇത്തരത്തില്‍ പരിശോധിക്കുമ്പോള്‍ മലയാള ഭാഷയ്ക്ക് അമൂല്യമായ സംഭാവനയാണ് കഴിഞ്ഞ 70 വര്‍ഷത്തെ എഴുത്തിലൂടെ സാനു മാഷ് നല്‍കി വരുന്നത്.

ഇക്കാലത്തിനിടെ അടച്ചു പൂട്ടപ്പെട്ട പ്രസാധകര്‍ പുറത്തിറക്കിയ പുസ്തകങ്ങള്‍ ഉള്‍പ്പടെ നിരവധി പുസ്തകങ്ങള്‍ നിലവില്‍ വിപണിയില്‍ ലഭ്യമല്ലാതെയായിട്ടുണ്ട്. ഇവയ്ക്കു പുറമെ മാഷ് മറ്റ് പുസ്തങ്ങള്‍ക്കായി എഴുതിയ അവതാരികകള്‍, പത്രങ്ങളിലും ആനുകാലികങ്ങളിലും മറ്റും എഴുതിയ കുറിപ്പുകളും ലേഖനങ്ങളും, പ്രസംഗങ്ങള്‍, മാഷിനെയും മാഷിന്റെ രചനകളേയും കുറിച്ച് മറ്റുള്ളവരെഴുതിയ കുറിപ്പുകള്‍ എന്നിവയില്‍ പലതും നിലവില്‍ നമ്മുടെ പൊതുമണ്ഡലത്തില്‍ ലഭ്യമല്ലെന്ന് എസ് രമേശന്‍ ചുണ്ടിക്കാണിച്ചു. ചരുക്കത്തില്‍ മാഷിന്റെ കൃതികളും മാഷിനെപ്പറ്റിയുള്ള പഠനങ്ങളുമെല്ലാം ഒരുമിയ്ക്കുന്ന പല വാല്യങ്ങളുള്ള ഒരു സമാഹാരമാണ് സമൂഹ് പ്രസിദ്ധീകരിക്കാന്‍ പോകുന്നത്.

എറണാകുളത്ത് 2018, 2019, 2020 വര്‍ഷങ്ങളില്‍ സംഘടിപ്പിക്കപ്പെട്ട കൃതി അന്താരാഷ്ട്ര പുസ്തക സാഹിത്യോത്സവത്തിന്റെ ആശയരൂപീകരണത്തിലും രൂപകല്‍പനയിലും നിര്‍വഹണത്തിലും ആദ്യവര്‍ഷം തന്നെ കൃതിയെ ഇന്ത്യയിലെ പ്രധാനപ്പെട്ട പുസ്തകോത്സവമാക്കുന്നതിലും മുഖ്യപങ്ക് വഹിച്ച എറണാകുളം ആസ്ഥാനമായ സാമൂഹ്യ സംരംഭക സഹകരണ സംഘമാണ് (സമൂഹ്) സാനു മാഷുമായി വിശദമായ ഒരു കരാറില്‍ ഏര്‍പ്പെട്ട് ഈ ചുമതല ഏറ്റെടുത്തിരിക്കുന്നത്. കഴിഞ്ഞ 5 വര്‍ഷമായി എറണാകുളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സഹകരണ സംഘമാണ് സമൂഹ്. സാമൂഹ്യ സംരംഭകത്വം, സാങ്കേതികത, മാനേജ്‌മെന്റ് എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരാണ് സംഘത്തിലെ അംഗങ്ങള്‍. എറണാകുളത്തെ അഭിമന്യു കേന്ദ്രത്തിന്റെ രൂപകല്‍പ്പനയും നിര്‍മാണവും ഇതിനിടയില്‍ സമൂഹ് പൂര്‍ത്തീകരിച്ചു.

ചെറായിയിലെ പണ്ഡിറ്റ് കറുപ്പന്‍ സാംസ്‌കാരിക കേന്ദ്രം, എറണാകുളത്തെ ടി കെ രാമകൃഷ്ണന്‍ സാംസ്‌കാരിക കേന്ദ്രം എന്നിവയുടെ രൂപകല്‍പ്പനയും നിര്‍വ്വഹണവും ഏറ്റെടുത്തിരിക്കുന്നതും സമൂഹാണ്. ഇതോടൊപ്പം സമൂഹ് നടപ്പിലാക്കിയ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമാണ് www.sahyan.store. പുസ്തകങ്ങള്‍ക്കും ജൈവ, പ്രാദേശിക ഉത്പന്നങ്ങള്‍ക്കുമായി ഒരു ഓണ്‍ലൈന്‍ ഇടമായാണ് സഹ്യന്‍ പ്രവര്‍ത്തിക്കുന്നത്. സമൂഹ് നടപ്പാക്കി വരുന്ന ഇത്തരം പദ്ധതികളുടെ സ്വാഭാവികമായ തുടര്‍ച്ചയായാണ് സംഘം പ്രസാധക രംഗത്തേയ്ക്കു കൂടി കടക്കുന്നതെന്ന് സമൂഹിന്റെ സെക്രട്ടറി ജോസഫ് തോമസ് പറഞ്ഞു.

പ്രൊഫ. എം തോമസ് മാത്യു ജനറല്‍ എഡിറ്ററും കവി എസ് രമേശന്‍ എഡിറ്ററും , പ്രൊഫ. വിഷ്ണുരാധന്‍ അസോസിയേറ്റ് എഡിറ്ററും ആയ ഒരു പത്രാധിപ സമിതിയാണ് സാനു മാഷുടെ സമ്പൂര്‍ണകൃതികളുടെ എഡിറ്റിംഗ് നിര്‍വഹിക്കുകയെന്ന് പദ്ധതിയുടെ കണ്‍വീനര്‍ ജോബി ജോണ്‍ പറഞ്ഞു. ഇപ്പോള്‍ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഓരോ വാല്യത്തിലും ഏതാണ്ട് 350-400 പേജുള്ള ഏതാണ്ട് 9-10 വാല്യങ്ങളാണ് പ്രതീക്ഷിക്കുന്നത്. എല്ലാ വാല്യങ്ങളും ഒരുമിച്ച് ഒരു പാക്കിങ്ങില്‍ ലഭ്യമാക്കും. ഏതാണ്ട് 15 മാസം കൊണ്ട് തയ്യാറെടുപ്പുകള്‍ പൂര്‍ത്തീകരിച്ച് 2022 ഡിസംബറോടെ സമാഹാരം പ്രസിദ്ധീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്നും ജോബി ജോണ്‍ പറഞ്ഞു. ഒക്ടോബര്‍ അവസാനത്തോടെ പ്രീ പബ്ലിക്കേഷന്‍ ബുക്കിംഗ് ആരംഭിക്കും.

പൂര്‍ണ്ണമായും പുനരുപയോഗിക്കുവാന്‍ സാധ്യമായ ഡിജിറ്റൈസേഷനും ഇതിനൊപ്പം നടക്കും. സര്‍വ്വകലാശാലകള്‍, കോളേജുകള്‍, സ്‌കൂളുകള്‍, വായനശാലകള്‍, ഹോം ലൈബ്രറികള്‍ എന്നിവിടങ്ങളിലെല്ലാം സൂക്ഷിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്ന ഒരു സുപ്രധാന റഫറന്‍സ് ശേഖരമായാണ് സാനുമാഷുടെ കൃതികള്‍ സമാഹരിക്കുക.

സാനുമാഷിന്റെ കൃതികളിലെ വിവിധ തലങ്ങള്‍ പ്രധാന വിഷയങ്ങളാക്കി സംസ്ഥാനത്തെ 14 ജില്ലകളിലേയും പ്രധാനപ്പെട്ട കോളേജുകള്‍/യൂണിവേഴ്‌സിറ്റികള്‍ എന്നിവ കേന്ദ്രീകരിച്ച് 14 സിമ്പോസിയങ്ങള്‍ നടത്താനും പരിപാടിയുണ്ട്. ഇതിന്റെ ഭാഗമായി അവതരിപ്പിക്കപ്പെടുന്ന ഗവേഷണ പ്രബന്ധങ്ങളില്‍ നിന്നുള്ള പ്രസക്തഭാഗങ്ങളും സമ്പൂര്‍ണ്ണ കൃതികളുടെ ഭാഗമായിരിക്കും. മറ്റുള്ളവരുടെ പുസ്തകങ്ങള്‍ക്ക് സാനുമാഷ് എഴുതിയ അവതാരികകളും ഏറെ പ്രശസ്തമാണ്. എന്നാല്‍ ഇവയില്‍ പലതും ഇപ്പോള്‍ ലഭ്യമല്ല. കൈവശമുള്ളവര്‍ ഇവയുടെ കോപ്പികള്‍ പ്രസിദ്ധീകരണ സമിതിയ്ക്ക് അയച്ചു തരണമെന്നും സമൂഹ് ഭാരവാഹികള്‍ അറിയിച്ചു.

സമൂഹിന്റെ ഇത്തരം സംരംഭങ്ങള്‍ക്കായി കേരളത്തിന്റെ ഭാഷയും സംസ്‌കാരവും സാമൂഹികവിഷയങ്ങളുമായി ബന്ധപ്പെട്ട് അക്കാദമിക് മേഖലയേയും പൊതുസമൂഹത്തെയും ബന്ധപ്പെടുത്തി ഒരു വിക്കി വെബ്‌സൈറ്റ് സജ്ജമാക്കാനും പരിപാടിയുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്കും നിര്‍ദേശങ്ങളും സാനുമാഷിന്റെ കൃതികളുടെ വിവരങ്ങളും കോപ്പികളും അയക്കുന്നതിനും ഇനി പറയുന്ന വിലാസത്തില്‍ ബന്ധപ്പെടുക.

സാമൂഹ്യ സംരംഭക കോ-ഓപ്പറേറ്റീവ് സൊസൈറ്റി, 32/1820 എ, മില്ലെനിയം നഗര്‍, കൊടുവത്തറ റോഡ്, പാടിവട്ടം, കൊച്ചി – 682 024. ഫോണ്‍: 0484-4853145/92075 70145 ഇ-മെയില്‍: info@samoohkochi.com www.samoohkochi.com

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Books

മാസം 149 രൂപയ്ക്ക് വരിക്കാരാകാവുന്ന സ്റ്റാര്‍ട്ടര്‍ പാക്കേജുമായി സ്റ്റോറിടെല്‍

11 ഇന്ത്യന്‍ ഭാഷകളിലെ ഓഡിയോ പുസ്തകങ്ങള്‍ പരിധിയില്ലാതെ കേള്‍ക്കാം

Published

on

0 0
Read Time:5 Minute, 44 Second

പ്രാദേശിക ഭാഷകളിലെ ഓഡിയോ പുസ്തകങ്ങള്‍ക്ക് ഡിമാന്‍ഡ് വര്‍ധിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ സെലക്റ്റ് എന്ന സ്റ്റാര്‍ട്ടര്‍ വരിസംഖ്യാ പ്ലാന്‍ കൂടുതല്‍ ആകര്‍ഷമാക്കി ഓഡിയോ ബുക്, ഇ-ബുക് ആപ്പായ സ്റ്റോറിടെല്‍. 11 വിവിധ ഇന്ത്യന്‍ ഭാഷകളിലെ ഓഡിയോ പുസ്തകങ്ങള്‍ പരിധിയില്ലാതെ കേള്‍ക്കാമെന്നതാണ് സെലക്റ്റിന്റെ സവിശേഷത.

2020-ല്‍ മാത്രമാണ് ആയിരക്കണക്കിന് ഓഡിയോ പുസ്തകങ്ങളും ഇ-പുസ്തകങ്ങളുമായി ഇന്ത്യന്‍ ഭാഷകളിലാദ്യമായി മറാത്തിയില്‍ സ്റ്റോറിടെല്‍ വന്നത്. ചുരുങ്ങിയ കാലം കൊണ്ട് മലയാളം, തമിഴ് ഉള്‍പ്പെടെ 11 ഇന്ത്യന്‍ ഭാഷകളിലേയ്ക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ചു. ഈ 11 ഭാഷകളിലുമുള്ള ഓഡിയോ പുസ്തകങ്ങളും ഇ-പുസ്തകങ്ങളും കേള്‍ക്കാനും വായിക്കാനുമുള്ള പരിധിയില്ലാത്ത പാക്കേജാണ് ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്ന സെലക്റ്റ്. മാസം 149 രൂപ മാത്രമാണ് സ്റ്റാര്‍ട്ടര്‍ പാക്കേജിന്റെ വരിസംഖ്യ. വരിക്കാരാകുന്നതിന് https://www.storytel.com/in/en/subscriptions സന്ദര്‍ശിക്കുക.

Advertisement

സെലക്റ്റ് ഓപ്ഷനില്‍ 149 രൂപയ്ക്ക് 11 ഭാഷകളിലേയ്ക്ക് പ്രവേശനം ലഭിയ്ക്കുമ്പോള്‍ അണ്‍ലിമിറ്റഡ് എന്നു പേരിട്ടിരിക്കുന്ന ഓപ്ഷനില്‍ 299 രൂപയ്ക്ക് ഇംഗ്ലീഷ് പുസ്തകങ്ങളിലേയ്ക്കു കൂടി പരിധിയില്ലാത്ത പ്രവേശനം ലഭ്യമാകും. ഇന്ത്യന്‍ ഭാഷകള്‍ മാത്രമായോ ഇംഗ്ലീംഷ് ഉള്‍പ്പെടെയോ തെരഞ്ഞെടുക്കുന്നവരുടെ സൗകര്യാര്‍ത്ഥമാണ് രണ്ട് ഓപ്ഷന്‍ നല്‍കിയിരിക്കുന്നത്.

മലയാളത്തിലെ ക്ലാസിക്കുകളായ ഖസാക്കിന്റെ ഇതിഹാസം, മയ്യഴിപ്പുഴയുടെ തീരങ്ങളില്‍, ആരാച്ചാര്‍ തുടങ്ങിയ നോവലുകള്‍, മുഖ്യമന്ത്രി പിണറായി വിജയന്റെ പൗരത്വവും ദേശക്കൂറും, മുന്‍ കേന്ദ്രമന്ത്രിയും ലോകപ്രശസ്ത പ്രാസംഗികനുമായ ശശി തരൂരിന്റെ പുസ്തകങ്ങള്‍, ബെസ്റ്റ്സെല്ലിംഗ് ക്രൈം സ്റ്റോറികളായ കോഫി ഹൗസ്, പോയട്രി കില്ലര്‍, പുസ്തകം വരുംമുമ്പേ ഓഡിയോ പുസ്തകമായി വന്ന രാജീവ് ശിവശങ്കറിന്റെ റബേക്ക, ത്രില്ലറുകളായ ഡച്ച് ബംഗ്ലാവിലെ പ്രേതരഹസ്യം, കാളിഖണ്ഡകി, പ്രണയകഥകളായ പ്രേമലേഖനം, നമുക്ക് ഗ്രാമങ്ങളില്‍ച്ചെന്ന് രാപ്പാര്‍ക്കാം എന്നിവയുമുള്‍പ്പെടെ അരുന്ധതി റോയ്, ബെന്യാമിന്‍, എസ് ഹരീഷ്, മനു എസ് പിള്ള തുടങ്ങിയ ഒട്ടേറെ പ്രശസ്ത എഴുത്തുകാരുടെ പുസ്തകങ്ങളാണ് ഓഡിയോ രൂപത്തില്‍ സ്റ്റോറിടെല്ലില്‍ ലഭ്യമായിരിക്കുന്നത്. ഇവയ്ക്കു പുറമെ മറ്റ് ആയിരക്കണക്കിന് പുസ്തകങ്ങള്‍ ഉടന്‍ തന്നെ ലഭ്യമാകുമെന്നും സ്റ്റോറിടെലിന്റെ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ഉപയോക്താവിന്റെ പ്രാദേശിക താല്‍പ്പര്യങ്ങള്‍ കണക്കിലെടുക്കുന്ന നയത്തിന്റെ ഭാഗമായാണ് സെലക്റ്റിന്റെ വികസനം സ്റ്റോറിടെല്‍ നടപ്പാക്കുന്നത്.

കഥകളോടും സാഹിത്യത്തോടും ആളുകളെ കൂടുതല്‍ അടുപ്പിയ്ക്കുകയാണ് സ്റ്റോറിടെലിന്റെ ലക്ഷ്യമെന്ന് സ്റ്റോറിടെല്‍ ഇന്ത്യ കണ്‍ട്രി മാനേജര്‍ യോഗേഷ് ദശരഥ് പറഞ്ഞു. ഉപയോക്താക്കള്‍ക്ക് തങ്ങള്‍ ആഗ്രഹിക്കുന്നതിനു മാത്രം പണം മുടക്കിയാല്‍ മതിയാകുമെന്നതാണ് സെലക്റ്റിന്റെ വിപുലീകരണത്തിലൂടെ യാഥാര്‍ത്ഥ്യമാക്കുന്നത്. പ്രാദേശികഭാഷകളിലെ സേവനത്തിന് വന്‍ഡിമാന്‍ഡാണ് ലഭിയ്ക്കുന്നത്. ഇത് കണക്കിലെടുത്താണ് ഇന്ത്യയ്ക്ക് മാത്രമായ ഈ പ്ലാന്‍ ആരംഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. സെലക്റ്റിലൂടെ തങ്ങളുടെ ഭാഷകളിലെ ഓഡിയോ ബുക്സ് താങ്ങാവുന്ന വിലയ്ക്ക് ലഭ്യമാക്കുകയാണ്.

സ്വീഡനിലെ സ്റ്റോക്ക്ഹോം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിച്ചത് 2017 നവംബറിലാണ്. നിലവില്‍ 25 വിപണികളില്‍ സാന്നിധ്യമുള്ള കമ്പനിക്ക് മലയാളം, ഹിന്ദി, തമിഴ് ഉള്‍പ്പെടെ 11 ഇന്ത്യന്‍ ഭാഷകളിലും ഇംഗ്ലീഷിലുമായി ഇന്ത്യന്‍ വിപിണിയില്‍ 2 ലക്ഷത്തിലേറെ ഓഡിയോ ബുക്കുകളും ഇ-ബുക്കുകളുമുണ്ട്.

ഗൂഗ്ള്‍ പ്ലേസ്റ്റോറില്‍ http://bit.ly/2rriZaU-ല്‍ നിന്നും ഐഒഎസ് ആപ്പ് സ്റ്റോറില്‍ https://apple.co/2zUcGkG-ല്‍ നിന്നും സ്റ്റോറിടെല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Trending