She
ഇലപ്പൊതി ബിരിയാണി ഓണ്‍ലൈനായി ലഭ്യമാക്കാന്‍ സജ്ന
ഇലപ്പൊതി ബിരിയാണി സ്വന്തം വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി വിറ്റ് അടുത്തഘട്ടവികസനത്തിന് സജ്ന

റോഡരികിലെ ബിരിയാണി കച്ചോടത്തിലൂടെ ശ്രദ്ധേയായ സജ്ന ഷാജി വളര്‍ച്ചയുടെ അടുത്ത പടിയും ലക്ഷ്യമിടുന്നു. സ്വന്തം വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി ബിരിയാണി വില്‍ക്കാനാണ് സജ്ന ഷാജിയുടെ ഉദ്ദേശ്യം.
സജ്നാസ് ഇലപ്പൊതി ബിരിയാണി എന്ന ബ്രാന്‍ഡില്‍ ചിക്കന്‍ ബിരിയാണി വില്‍പ്പന ആരംഭിച്ചാണ് സജ്ന ശ്രദ്ധേയയത്. ഇതിലൂടെ പ്രതിദിനം 2000 രൂപയുടെ വരുമാനമാണ് ലഭിക്കുന്നതായി സജ്ന മീഡിയ ഇന്‍കിനോട് വ്യക്തമാക്കിയിരുന്നു.
സജ്നയുടെ ബിരിയോണി കച്ചോടത്തെ കുറിച്ച് കൂടുതല്‍ അറിയാന്‍ വിഡിയോ കാണുക.
ട്രെന്ഡ്ജെന്ഡറായ സജ്ന കോട്ടയം സ്വദേശിയാണ്. കൊച്ചിയിലെ ഓണ്‍ലൈന്‍ വിതരണ സ്ഥാപനത്തിലെ ജോലി പോയപ്പോഴാണ് റോഡരികിലെ ബിരിയാണി കച്ചോടം എന്ന ആശയം സജ്നയുടെ മനസിലുദിച്ചത്. ആദ്യ ദിവസം 38 ബരിയാണിപ്പൊതികളാണ് വിറ്റുപോയത്. പിന്നീട് ബിരിയാണിയുടെ എണ്ണം 200 വരെയായി വര്‍ധിച്ചു.
ഓണ്‍ലൈന്‍ വില്‍പ്പനയ്ക്കായുള്ള വെബ്സൈറ്ററ്റിന്റെ നിര്‍മാണം പൂര്‍ത്തിയായി കഴിഞ്ഞുവെന്ന് സജ്ന പറയുന്നു. ബിരിയാണി കൂടാതെ അച്ചാറുകള്‍, മസാലകള്‍ എന്നിവയും വില്‍പ്പനയ്ക്കായി എത്തിക്കാനാണ് പദ്ധതി.
Business
വീട്ടമ്മ സംരംഭകയായതിങ്ങനെ : ആര്യാസിന്റെ പിറവിക്ക് പിന്നില്‍ ഓര്‍ഡര്‍ തന്ന് മുങ്ങിയവര്‍!
350 കിലോ കണ്ണിമാങ്ങക്ക് ഓര്‍ഡര്‍ നല്കിയ ശേഷം, ഓര്‍ഡര്‍ തന്നവര്‍ മുങ്ങിയാലോ? അച്ചാറിടുകയല്ലാതെ വേറെ തരമില്ല. എങ്കില്‍ കേട്ടോളൂ, ആര്യാസ് എന്ന ഹോംമേഡ് ബ്രാന്‍ഡിന്റെ കഥ ആരംഭിക്കുന്നത് ഇങ്ങനെയാണ്…

കോട്ടയം കുമാരനെല്ലൂരില്‍ പ്രവര്‍ത്തനം ആരംഭിച്ച് കേരളമൊട്ടാകെ വ്യാപിച്ച ആര്യാസ് എന്ന ഹോംമേഡ് അച്ചാറുകള്‍ക്ക് ഒരു പ്രത്യേകതയുണ്ട്. ഒരിക്കല്‍ ഉപയോഗിച്ചാല്‍, പിന്നീട് അടുത്തകാലത്തൊന്നും ആ സ്വാദ് നാവിന്തുമ്പില് നിന്നും മായില്ല എന്നത് തന്നെ. വീട്ടമ്മയായിരുന്ന വിജയശ്രീയുടെ സംരംഭകരംഗത്തേക്കുള്ള അവിചാരിതമായ രംഗപ്രവേശമായിരുന്നു ആര്യാസ് എന്ന ബ്രാന്‍ഡിന്റെ ആരംഭം. പാചകം ഇഷ്ടമാണ്, എന്നാല്‍ സ്വന്തമായൊരു സംരംഭം ആരംഭിക്കണം എന്നൊന്നും ഒരിക്കലും ചിന്തിച്ചിരുന്നില്ല വിജയശ്രീ. അങ്ങനെയിരുന്ന വിജയശ്രീ ഒരിക്കല്‍ ഒരു അബദ്ധത്തില്‍ ചെന്ന് ചാടി. പരിചയത്തില്‍ ഒരു വ്യക്തി നല്കിയ ഓര്‍ഡര്‍ പ്രകാരം 350 കിലോ കണ്ണിമാങ്ങ വാങ്ങി വീട്ടില്‍ വച്ചു. മാങ്ങ എത്തിയ കാര്യം പറയാന്‍ അദ്ദേഹത്തെ വിളിച്ചപ്പോഴോ… ഏത് മാങ്ങ.. എന്ത് മാങ്ങ.. ഞങ്ങള്‍ ഓര്‍ഡര്‍ കാന്‍സലാക്കി എന്ന പല്ലവിയും. അന്ന് 350 കിലോ കണ്ണി മാങ്ങ എന്തുചെയ്യണമെന്നറിയാതെ പകച്ചു നിന്ന വിജയശ്രീ എന്ന വീട്ടമ്മ ഒടുവില്‍ സംരംഭകയായി.
350 കിലോ കണ്ണിമാങ്ങയുമായി എന്ത് ചെയ്യണം ഇതെന്നറിയാതെ പകച്ചു നിന്ന വിജയശ്രീയുടെ മുന്നില്‍ വിളക്കാകുന്നത് ഭര്‍ത്താവ് വാസന് നമ്പൂതിരിയാണ്. ചെറുപ്പം മുതലേ പാചകത്തില്‍ അല്പം താല്പര്യമുള്ള വ്യക്തിയായിരുന്നു വിജയശ്രീ. വിജയശ്രീയുടെ കൈപ്പുണ്യം ചേരുന്ന അച്ചാറുകള്‍ക്ക് വീടിനകത്തും സുഹൃത്തുക്കള്‍ക്കിടയിലും ആരാധകര്‍ ഏറെയായിരുന്നു. ആസ്വദിച്ചു പാചകം ചെയ്യുന്ന വ്യക്തിയുമായിരുന്നു അവര്‍. അങ്ങനെയിരിക്കെയാണ്, 2007 ല്‍ ഒരു കൂട്ടായ്മയ്ക്ക് വേണ്ടി 300 കിലോ കണ്ണിമാങ്ങ അച്ചാറിട്ടു തരുമോ എന്ന് ചോദിച്ച് ഒരു വ്യക്തി വിജയശ്രീയെ സമീപിക്കുന്നത്.
പാചകം ചെയ്യാന്‍ ഏറെ ഇഷ്ടമായതിനാല്‍ തന്നെ വിജയശ്രീ ആ ദൗത്യം ഏറ്റെടുത്തു. അതിനു പിന്നില്‍ മറ്റൊരു കാരണം കൂടി ഉണ്ടായിരുന്നു. വിജയശ്രീ കൂടി അംഗമായ കൂട്ടായ്മയിലെ അംഗങ്ങള്‍ക്ക് വേ?ിയായിരുന്നു ആ ബള്‍ക്ക് ഓര്‍ഡര്‍ ലഭിച്ചത്.കണ്ണിമാങ്ങ കിട്ടാന്‍ ഏറെ പ്രയാസപ്പെട്ടിരുന്ന സമയമായിരുന്നു അത്. പലയിടത്തും അന്വേഷിച്ചിട്ടും ലഭിച്ചില്ല. ഒടുവില്‍ അല്പം അകലെ നിന്നും വാഹനത്തില്‍ ഇറക്കുമതി ചെയ്യേണ്ടി വന്നു. നല്ല ഉഗ്രന്‍ കണ്ണിമാങ്ങാ സാമ്പിള്‍ ആയി ലഭിക്കുക കൂടി ചെയ്തതോടെ വ്യക്തിപരമായ ആവശ്യത്തിനായി 50 കിലോയും ചേര്‍ത്ത് 350 കിലോ കണ്ണിമാങ്ങ വിജയശ്രീ വാങ്ങി. ഇനിയാണ് കഥയിലെ യഥാര്‍ത്ഥ ട്വിസ്റ്റ് നടക്കുന്നത്. കണ്ണിമാങ്ങ എത്തിയ വിവരം പറയാന്‍ വിളിച്ചപ്പോള്‍ ഓര്‍ഡര്‍ തന്ന വ്യക്തി വിദഗ്ധമായി മുങ്ങി. ഓര്‍ഡര്‍ കാന്‍സല്‍ ചെയ്യുന്നു എന്ന് അദ്ദേഹം ഒരു ദയയും കൂടാതെ തന്നെ പറഞ്ഞു. തുടക്കത്തില്‍ കേട്ട വാര്‍ത്ത വിശ്വസിക്കാന്‍ പോലും വിജയശ്രീക്ക് ആയില്ല. അന്നത്തെക്കാലത്ത് 12000 രൂപ മുടക്കിയാണ് കിട്ടാക്കനി ആയിരുന്ന കണ്ണിമാങ്ങ വാങ്ങിയത്.
പിന്തുണയായത് ഭര്‍ത്താവ്
മുന്നില്‍ കുന്നു കൂടിക്കിടക്കുന്ന കണ്ണിമാങ്ങ എന്ത് ചെയ്യും എന്നും നഷ്ടപ്പെട്ട പണം എങ്ങനെ വീണ്ടെടുക്കും എന്നും ഓര്‍ത്ത് വിഷമിച്ചിരിക്കുമ്പോഴാണ് വിജയശ്രീയുടെ ഭര്‍ത്താവ് വാസന് നമ്പൂതിരി 350 കിലോ മാങ്ങയും മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം അച്ചാറിടാന്‍ പറഞ്ഞത്. ആദ്യം അതിനോടൊരു യോജിപ്പ് തോന്നിയില്ല. കാരണം, ഇതെല്ലാം എങ്ങനെ വില്‍ക്കും എന്ന ചിന്ത തന്നെ. എന്നാല്‍ ഭര്‍ത്താവ് ശക്തമായ പിന്തുണ നല്‍കിയതോടെ വിജയശ്രീ കണ്ണിമാങ്ങ അച്ചാറിനായി തീ പൂട്ടി. ‘ബിസിനസില്‍ എനിക്ക് യാതൊരു പരിചയവും ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ തുടക്കത്തില്‍ കിട്ടിയ ആ തിരിച്ചടിയില്‍ ഞാന്‍ ആകെ തകര്‍ന്നു പോയി. എന്നിരുന്നാലും ഭര്‍ത്താവിന്റെ വാക്ക് കേട്ട് ഞാന്‍ 350 കിലോ കണ്ണിമാങ്ങയും അച്ചാറിട്ടു. അത് വിറ്റ് മുടക്കിയ പണം തിരികെ നേടണം എന്നതായിരുന്നു ലക്ഷ്യം. എവിടെ നിന്നൊക്കെയോ ലഭിച്ച ഒരു കരുത്തിന്റെ വെളിച്ചത്തില്‍ ഞാന്‍ പാചകം പൂര്‍ത്തിയാക്കുകയായിരുന്നു. ആദ്യം വീടിനടുത്തുള്ളവരോടും ബന്ധുക്കളോടുമൊക്കെ പറഞ്ഞു. ആവശ്യക്കാര്‍ വന്നു വാങ്ങി. ചിലര്‍ക്ക് കൂടുതല്‍ ഓര്‍ഡറുകള്‍ ആവശ്യമായി വന്നു. എങ്ങനെയൊക്കെയോ രണ്ടു മാസം കൊണ്ട് ഞാന്‍ 350 കിലോ കണ്ണിമാങ്ങ അച്ചാര്‍ വിറ്റു തീര്‍ത്തു. മുടക്ക് മുതല്‍ തിരികെ കിട്ടിയ സന്തോഷമായിരുന്നു എനിക്ക് ആദ്യം, പിന്നീടാണ് ഒപ്പം കിട്ടിയ ലാഭത്തെപ്പറ്റി ചിന്തിക്കുന്നത,്” സംരംഭകയായ കഥ വിജയശ്രീ ബിസിനസ് ഡേയോട് പറയുന്നു.

ആര്യാസ് എന്ന ബ്രാന്‍ഡിന്റെ പിറവി
അച്ചാര്‍ വാങ്ങി ഉപയോഗിച്ചവര്‍ നല്ല അഭിപ്രായം പറയാന്‍ തുടങ്ങിയതോടെ, കൂടുതല്‍ അച്ചാറുകള്‍ക്ക് ഓര്‍ഡര്‍ ലഭിച്ചു തുടങ്ങി. അങ്ങനെ അടുത്തറിയാവുന്ന വ്യക്തികള്‍ക്കായി വിജയശ്രീ വീണ്ടും അച്ചാര്‍ നിര്‍മാണം തുടര്‍ന്നു. യാതൊരു വിധ പരസ്യങ്ങളും ചെയ്തില്ലെങ്കിലും അച്ചാറുകള്‍ക്ക് ആവശ്യക്കാര്‍ വര്‍ധിച്ചുകൊണ്ടിരുന്നു. അങ്ങനെ ആവശ്യക്കാരുടെ നിര്‍ദേശാനുസരണം പലവിധത്തിലുള്ള അച്ചാറുകള്‍ ഉണ്ടാക്കി. അപ്പോഴേക്കും രണ്ടു വര്‍ഷം കഴിഞ്ഞിരുന്നു. ഒരു സംരംഭക എന്ന നിലയിലേക്ക് വിജയശ്രീ പതിയെ രൂപപ്പെട്ടു വന്നു. ആവശ്യക്കാര്‍ പിന്നെയും വര്‍ധിച്ചതോടെ അതൊരു ചെറുകിട അച്ചാര്‍ നിര്‍മാണ യൂണിറ്റ് ആയി. 2009 ആയപ്പോള്‍ ആര്യാസ് ഫുഡ്സ് എന്ന പേരില്‍ വിജയശ്രീ തന്റെ ഉല്‍പ്പന്നത്തെ ബ്രാന്‍ഡാക്കി സംരംഭം രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. കണ്ണിമാങ്ങ, നാരങ്ങ, ചെത്തുമാങ്ങ, വാടുകാപ്പുളി, ഇഞ്ചിപ്പുളി തുടങ്ങി വ്യത്യസ്തങ്ങളായ അച്ചാറുകള്‍, ചമ്മന്തിപ്പൊടികള്‍, വെന്ത വെളിച്ചെണ്ണ, വിവിധതരം കൊണ്ടാട്ടങ്ങള്‍, കറി പൗഡറുകള്‍ എന്നിവ വിജയശ്രീ വിപണിയില്‍ എത്തിച്ചു. പക്ഷെ അപ്പോഴും കാര്യമായ മാര്‍ക്കറ്റിങ് തന്ത്രങ്ങള്‍ ഒന്നും തന്നെ വിജയശ്രീ പരീക്ഷിച്ചില്ല. ഓരോ മാസവും ഓര്‍ഡറുകള്‍ വര്‍ധിച്ചു വന്നു. അതെല്ലാം തന്നെ മൗത്ത് റ്റു മൗത്ത് പബ്ലിസിറ്റി വഴി വന്നു എന്നതാണ് ആര്യാസിന്റെ വിജയം.”ഞാന്‍ എനിക്ക് ഇഷ്ടമുള്ളതിനാല്‍ പാചകം ചെയ്യുന്നു. കൂടുതല്‍ വലിയ പരസ്യം ചെയ്യാനൊക്കെ എനിക്ക് ഭയമാണ്. കാരണം ആവശ്യക്കാര്‍ കൂടിയാല്‍ ഉത്തരവാദിത്വവും വര്‍ധിക്കില്ലേ? ഇപ്പോഴത്തെ അവസ്ഥയില്‍ ഞാന്‍ തൃപ്തയാണ്. കേരളത്തിലെ വിപണിയില്‍ എന്റെ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാണ് കൂടുതല്‍ ഓര്‍ഡറുകള്‍ പുറത്ത് നിന്നും വന്നാല്‍ കൊറിയര്‍ ആയി അയച്ചു നല്‍കുന്നുമുണ്ട്. ആര്യാസ് ഫുഡ്സ് പത്തോളം പേര്‍ക്ക് പ്രത്യക്ഷമായും പരോക്ഷമായും ജോലി നല്‍കുന്നുമുണ്ട്,”വിജയശ്രീ പറയുന്നു.

ഒരു വനിത നേതൃത്വം നല്കുന്ന സംരംഭം എന്നതില്‍ ഉപരിയായി തൊഴിലാളികളായി വനിതകള്‍ മാത്രമുള്ള സംരംഭം കൂടിയാണ് ആര്യാസ് ഫുഡ്സ.് കഴിഞ്ഞ 13 വര്‍ഷങ്ങളായി വിജയകരമായി പ്രവര്‍ത്തിക്കുന്ന ആര്യാസ് ഫുഡ്സിന് ഇന്ന് കേരളത്തിലുടനീളം ഉപഭോക്താക്കളുണ്ട്. പ്രിസര്‍വേറ്റിവുകള്‍ ചേര്‍ക്കാത്തതാണ് ഉല്‍പ്പന്നങ്ങള്‍ എന്നത് തന്നെയാണ് പ്രധാന പ്രത്യേകത. ഓര്‍ഡര്‍ ലഭിക്കുന്നതനുസരിച്ച് കൊറിയര്‍ ആയി ഉല്‍പ്പന്നങ്ങള്‍ എത്തിച്ചു നല്‍കും. ഇളം തലമുറ ബിസിനസിലേക്ക് കടന്നു വരുന്ന പക്ഷം കൂടുതല്‍ വിപുലീകരണപ്രവര്‍ത്തനങ്ങള്‍ക്ക് വഴിയൊരുക്കാനുള്ള തയാറെടുപ്പിലാണ് വിജയശ്രീ.
Home
മയക്കിയ കളിമണ്‍ പാത്രങ്ങള്‍ വില്പനയ്ക്ക്, വ്യത്യസ്തമാണ് പ്രിയയുടെ സംരംഭം
മണ്‍പാത്രത്തില്‍ വച്ചുണ്ടാക്കിയ കറികളുടെ നൊസ്റ്റാള്‍ജിയ ഈ ഹൈടെക്ക് യുഗത്തിലും ആസ്വദിക്കാന്‍ അവസരമൊരുക്കുകയാണ് പ്രിയ ദീപക്കിന്റെ getkitch.in

കാലം മാറുന്നതിനനുസരിച്ച് നാം മലയാളികള്‍ മറന്നു തുടങ്ങിയ ഒരു ശീലമാണ് കളിമണ്‍ പാത്രങ്ങളിലെ പാചകം. ശുദ്ധമായ കളിമണ്‍ പാത്രങ്ങളുടെ അഭാവമായിരുന്നു ഇതിനുള്ള പ്രധാന കാരണം. ഇത് മനസിലാക്കി www.getkitch.in എന്ന വെബ്സൈറ്റിലൂടെ മയക്കിയ കളിമണ്‍ പാത്രങ്ങള്‍ ജനങ്ങളിലേക്കെത്തിച്ച് ആരോഗ്യ സംരക്ഷണത്തിന്റെ വക്താവാകുകയാണ് തൃശ്ശൂര്‍ സ്വദേശിയായ പ്രിയ ദീപക് എന്ന സംരംഭക.
ഐടി മേഖലയില്‍ ജോലി ചെയ്തിരുന്ന പ്രിയ ആ രംഗത്ത് നിന്നും ജോലി രാജി വച്ച ശേഷമാണ് പൂര്‍ണമായും ഒരു സംരംഭകയുടെ റോളിലേക്ക് തിരിയുന്നത്. കളിമണ്‍ പാത്രങ്ങള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് തന്നെ, ഇന്ന് ഇല്ലാതായിക്കൊണ്ടിരിക്കുന്ന ലോഹപാത്രങ്ങള്‍, കലചട്ടികള്, ഓട്ടുപാത്രങ്ങള്‍, ചിരട്ടപ്പാത്രങ്ങള്‍ എന്നിവയും പ്രിയ വില്പനയ്ക്കായി എത്തിക്കുന്നു.

സംരംഭകത്വം എന്ന മേഖല തെരഞ്ഞെടുക്കുമ്പോള്‍ എന്ത് ബിസിനസ് ചെയ്യും എന്ന ചോദ്യം പ്രിയയുടെ മുന്നില്‍ ബാക്കിയായിരുന്നു. ഇവിടെയായാണ് സാമൂഹിക പ്രതിബദ്ധതയുള്ള ഒരു സംരംഭക എന്ന നിലയില്‍ സ്വയം പാകപ്പെട്ട പ്രിയ തീരുമാനങ്ങള്‍ എടുത്തത്. തന്റെ സംരംഭത്തിന് എന്നും ഒരു സാമൂഹിക സംരംഭത്തിന്റെ മുഖം നല്‍കാനായിരുന്നു പ്രിയ ആഗ്രഹിച്ചിരുന്നത്. സാധാരണക്കാരായ ആളുകള്‍ക്ക് തന്റെ സംരംഭം കൊണ്ട് ഗുണം ലഭിക്കണം, സമൂഹത്തില്‍ അര്‍ഹമായ സ്ഥാനം ലഭിക്കാതെ പോകുന്ന ഒരു വിഭാഗം ജനങ്ങള്‍ക്ക് തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വിപണിയിലേക്ക് എത്തിക്കാനുള്ള വഴിയൊരുക്കണം, അതോടൊപ്പം വീട്ടമ്മമാര്‍ എന്ന പേരില്‍ വീടിനുള്ളില്‍ ഒതുങ്ങുന്ന സാധാരണക്കാരായ സ്ത്രീകള്‍ക്ക് വരുമാനത്തിനുള്ള വകയൊരുക്കണം. ഇങ്ങനെയൊക്കെ ചിന്തിച്ച പ്രിയ തീര്‍ത്തും അവിചാരിതമായാണ് 2015 ല്‍ പ്രിയ വില്ലേജ് ഫെയര്‍ എന്ന സ്ഥാപനത്തിന് തുടക്കം കുറിച്ചത്.

”വില്ലേജ് ഫെയറില്‍ നിന്നായിരുന്നു തുടക്കം. മണ്‍പാത്ര നിര്‍മാതാക്കളായ ആളുകളില്‍ നിന്നും ശുദ്ധമായ കളിമണ്ണില്‍ നിര്‍മിച്ച മണ്‍പാത്രങ്ങള്‍ വിപണിയിലേക്ക് എത്തിക്കുക എന്നതായിരുന്നു വില്ലേജ് ഫെയര്‍ ചെയ്തിരുന്നത്. ഫേസ്ബുക്ക് തന്നെയായിരുന്നു പ്രധാന വിപണി. മൂന്നു വര്‍ഷത്തോളം ആ സ്ഥാപനം വിജയകരമായി പ്രവര്‍ത്തിച്ച ശേഷമാണ് കുറച്ചു കൂടി വിപുലമായ രീതിയില്‍ , കൂടുതല്‍ ജനങ്ങളിലേക്ക് എത്തണം എന്ന ആഗ്രഹത്തോടെ getkitch.in ആരംഭിക്കുന്നത്. ഒരു ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം എന്നതില്‍ ഉപരിയായി ജനങ്ങളെ പ്രകൃതിയിലേക്ക് മടക്കിക്കൊണ്ടു വരുന്നതിനായുള്ള ഒരു ഇനിഷ്യേറ്റിവ് കൂടിയാണ് getkitch.in ” പ്രിയ ദീപക് പറയുന്നു.

എന്ത് കൊണ്ട് getkitch.in ?
എന്ത് കൊണ്ട് getkitch.in ? എന്നതും എന്ത് കൊണ്ട് കളിമണ്‍ പാത്രങ്ങള്‍ എന്നതും ഒരേ പോലെ പ്രസക്തിയാര്ഹിക്കുന്ന ചോദ്യമാണ്. കളിമണ്‍ പാത്രങ്ങളിലെ പാചകവും ഭക്ഷ്യ രീതികളുമെല്ലാം മലയാളികള്‍ക്ക് നൂറ്റാണ്ടുകള്‍ക്ക് മുന്‍പേ പരിചിതമാണ്. എന്നാല്‍ കാലം മാറുന്നതിനനുസരിച്ച് കൂടുതല്‍ പരിഷ്കരിക്കപ്പെട്ട നോണ്‍സ്റ്റിക്ക് പോലുള്ള പാത്രങ്ങള്‍ മലയാളിയുടെ അടുക്കളകളില്‍ സ്ഥാനം പിടിച്ചപ്പോള്‍ കളിമണ്‍ പാത്രങ്ങള്‍ക്ക് പടിയിറങ്ങേണ്ടതായി വന്നു.
പക്ഷേ, കളിമണ്‍ പാത്രങ്ങള്‍ നല്‍കിയിരുന്ന ആരോഗ്യ സംരക്ഷണം ഉറപ്പാക്കാന്‍ ഇവയ്ക്ക് ആയില്ല. കളിമണ്‍ പാത്രങ്ങളില്‍ പാചകം ചെയ്ത ഭക്ഷണം കഴിക്കുമ്പോള്‍ ഒരു വ്യക്തിക്ക് പ്രകൃതിയില്‍ നിന്നും ലഭിക്കുന്ന വിറ്റാമിനുകളും ധാതുക്കളും ശരീരത്തിലേക്ക് എത്തുക കൂടിയാണ് ചെയ്യുന്നത്. മണ്പാത്രങ്ങളില് സൂക്ഷിച്ചിരിക്കുന്ന വെള്ളം കുടിക്കുന്നത് ശരീരത്തിന്റെ പി.എച്ച് നിലനിര്‍ത്താനും അസിഡിറ്റിയും ഗ്യാസ്ട്രിക് പ്രശ്നങ്ങളും ഒഴിവാക്കാനും സഹായിക്കും. ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങള്‍ അനുഭവിക്കുന്ന ആളുകള്‍ കളിമണ്‍ കലത്തില്‍ നിന്ന് വെള്ളം കുടിക്കുന്നത് ഗുണകരമായി കണ്ടിട്ടുണ്ട്.

ഇത്തരത്തില്‍ ഒട്ടേറെ ഗുണങ്ങളുള്ള കളിമണ്‍ പാത്രങ്ങളെ അവഗണിച്ച് വിദേശ മാതൃകകളിലേക്ക് ചേക്കേറുന്ന മലയാളികള്‍ക്ക് പഴമയിലേക്ക് മടങ്ങാനുള്ള അവസരമാണ് getkitch.in എന്ന തന്റെ സംരംഭത്തിലൂടെ പ്രിയ ദീപക് ഒരുക്കുന്നത്. ഏത് രൂപത്തിലും വലുപ്പത്തിലുമുള്ള പലവിധ പാചകാവശ്യങ്ങള്‍ക്കുള്ള കളിമണ്‍ പാത്രങ്ങള്‍ getkitch.in എന്ന വെബ്സൈറ്റ് വഴി ഓര്‍ഡര്‍ ചെയ്യാവുന്നതാണ്. പാത്രങ്ങള്‍ ഉടയാത്ത രീതിയിലുള്ള ശക്തമായ പാക്കിംഗ് ഉള്‍പ്പെടെ ഇന്ത്യക്കകത്തും പുറത്തും എവിടെ വേണമെങ്കിലും നിശ്ചിത ദിവസത്തിനുള്ളില്‍ getkitch.in ഉല്‍പ്പന്നങ്ങള്‍ എത്തും. കല്ലില്‍ നിര്‍മിച്ച പാത്രങ്ങള്‍,ലോഹപാത്രങ്ങള്‍ എന്നിവയും പ്രിയ വില്പനയ്ക്കായി എത്തിക്കുന്നുണ്ട്.

മയക്കിയ കളിമണ്‍ പാത്രങ്ങള്‍ മാത്രം
കളിമണ്‍ പാത്രങ്ങളുടെ ഗുണത്തെപ്പറ്റിയും അവ ഉപയോഗിച്ചാല്‍ ഉണ്ടാകുന്ന ആരോഗ്യപരമായ നേട്ടങ്ങളെപ്പറ്റിയും അറിയാമെങ്കിലും പലരും കളിമണ്‍ പത്രങ്ങളോട് വിമുഖത കാണിക്കുന്നതിനുള്ള പ്രധാന കാരണം അവ മയക്കി ഉപയോഗിക്കണം എന്നതാണ്. ഇത് പലര്‍ക്കും അറിയില്ല. അതായത് വാങ്ങിയ ഉടനെ തന്നെ കളിമണ്‍ പാത്രങ്ങള്‍ ഉപയോഗിക്കാന്‍ കഴിയില്ല. അവര്‍ പാചകത്തിനായി പാകപ്പെട്ടു വരുന്നത് മൂന്നോ നാലോ ദിവസത്തെ പാചക പരീക്ഷണങ്ങള്‍ക്ക് ശേഷം മാത്രമായിരിക്കും.
ഉദാഹരണമായി പറഞ്ഞാല്‍ കളിമണ്ണുകൊണ്ടുള്ള ദോശക്കല്ലില്‍ ആദ്യമുണ്ടാക്കുന്ന ദോശകള്‍ കല്ലിലില്‍ നിന്നും വിട്ട് പോരണമെന്നില്ല. ഇത് വെള്ളത്തിലിട്ട്, എണ്ണ പുരട്ടി ചൂടാക്കി, അതില്‍ മൂന്നോ നാലോ വട്ടം ദോശ ഉണ്ടാക്കി കഴിഞ്ഞാല്‍ അത് പിന്നെ നോണ്‍സ്റ്റിക്കിനെ വെല്ലുന്ന ദോശക്കല്ലായി മാറും. എന്നാല്‍ ഇത്തരത്തില്‍ കളിമണ്‍ പാത്രങ്ങള്‍ മയക്കിയെടുക്കുന്നതിനായി കഷ്ടപ്പെടാന്‍ ജനങ്ങള്‍ ഒരുക്കമല്ല. ഈ ചുമതലയാണ് പ്രിയ ദീപക്കിന്റെ നേതൃത്വത്തിലുള്ള ടീം ഏറ്റെടുക്കുന്നത്.

”getkitch.in വഴി ഞങ്ങള്‍ വില്‍ക്കുന്നത് പൂര്‍ണമായും മയക്കിയെടുത്ത കളിമണ്‍ പാത്രങ്ങള്‍ മാത്രമാണ്. വെള്ളം വലിച്ചെടുക്കുന്ന, റഫ് ആയിട്ടുള്ള കളിമണ്ണിന്റെ സ്വഭാവം പൂര്‍ണമായും മാറ്റിയെടുത്ത് വാങ്ങി ആദ്യ ദിവസം തന്നെ പാചകത്തിന് ഉതകുന്ന രീതിയിലുള്ള പാത്രങ്ങളാക്കിയാണ് ഞങ്ങള്‍ ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നത്. അതിനായി കളിമണ്‍ പാത്രങ്ങള്‍ മയക്കുന്നതില്‍ പ്രത്യേക പ്രാവീണ്യം ലഭിച്ച ഒരു വിഭാഗം തൊഴിലാളികള്‍ എനിക്കൊപ്പമുണ്ട്. ഉപഭോക്താക്കളുടെ വിഷമതകള്‍ പരമാവധി ഒഴിവാക്കുക എന്നതാണ് പാത്രങ്ങള്‍ മയക്കി നല്‍കുന്നതിലൂടെ ഞങ്ങള്‍ ലക്ഷ്യമിടുന്നത്” പ്രിയ ദീപക് പറയുന്നു.

കളിമണ്‍ പാത്ര നിര്‍മാതാക്കള്‍ക്ക് കൈത്താങ്ങ്
കളിമണ്‍ പത്രങ്ങള്‍ക്ക് വ്യാജ പതിപ്പുകള്‍ ഇറങ്ങിയതോടു കൂടി യഥാര്‍ത്ഥത്തില്‍ വരുമാനം മുട്ടിയത് പരമ്പരാഗത കളിമണ്‍ പത്ര നിര്‍മാതാക്കള്‍ക്കാണ്. റെഡ് ഓക്സൈഡ് പോലുള്ള വസ്തുക്കള്‍ ചേര്‍ത്തുണ്ടാക്കുന്ന കളിമണ്‍ പാത്രങ്ങളുടെ വ്യാജപതിപ്പുകള്‍ ഉപഭോക്താക്കള്‍ക്കുണ്ടാക്കുന്ന ശാരീരിക പ്രശ്നങ്ങള്‍ ചെറുതല്ല. എന്നാല്‍ പലര്‍ക്കും ഇത്തരം വ്യാജന്മാരെ തിരിച്ചറിയാന്‍ സാധിക്കുന്നില്ല എന്നതാണ് പ്രധാന പ്രശ്നം. ഈ അവസ്ഥ ഒഴിവാക്കുന്നതിനായി പരമ്പരാഗത കളിമണ്‍ പത്ര നിര്‍മാതാക്കളില്‍ നിന്നും വ്യത്യസ്തമായ കളിമണ്‍ ഉല്‍പ്പന്നങ്ങള്‍ നേരിട്ട് വാങ്ങി മയക്കുന്നതിനായി വെയര്‍ ഹൗസില്‍ എത്തിക്കുന്നു. അവിടെ വച്ചാണ് കളിമണ്പാത്രങ്ങളെ വ്യത്യസ്തമായ രീതികളിലൂടെ മയക്കിയെടുക്കുന്നത്.

‘കളിമണ്‍ പാത്രങ്ങള്‍ കെമിക്കലുകള്‍ ഉപയോഗിച്ച് മയക്കുന്ന രീതിയല്ല ഇവിടെ നടക്കുന്നത്. തികച്ചും പരമ്പരാഗതമായ രീതിയില്‍ കഞ്ഞിവെളളം, എണ്ണ, വെള്ളം എന്നിവ ഉപയോഗിച്ചാണ് പാത്രങ്ങള്‍ മയക്കുന്നത്. ഇത്തരത്തില്‍ കളിമണ്‍ പാത്രങ്ങള്‍ മയക്കി നല്കുന്ന ഏക സംരംഭമാണ് getkitch.in എന്നതും ശ്രദ്ധേയമാണ്. ഏറ്റവും കൂടുതല്‍ സന്തോഷം നല്കുന്ന ഘടകം എന്റെ സംരംഭത്തിലൂടെ പരമ്പരാഗത മണ്‍പാത്ര നിര്‍മാതാക്കള്‍ക്ക് വരുമാനത്തിനുള്ള ഒരു മാര്‍ഗം തുറന്നു നല്കാനായിക്കഴിഞ്ഞു എന്നതാണ്” പ്രിയ ദീപക് പറയുന്നു.
നാടിനെയും നാട്ടുകാരെയും ആരോഗ്യപരമായ ജീവിതചര്യങ്ങളും പാചകവും അഭ്യസിപ്പിക്കുന്നതിനായി ഒരു അമ്മയും മകളും ചേര്‍ന്ന് തുടങ്ങിയ സംരംഭമാണ് getkitch.in എന്ന പ്രത്യേകതയും ഈ സംരംഭത്തിനുണ്ട്. പ്രിയയുടെ അമ്മയുടെ പ്രായവും അനുഭവ സമ്പത്തും ഈ രംഗത്ത് പ്രിയക്ക് പിന്തുണയായിട്ടുണ്ട്. 20 വര്‍ഷമായി ഐടി രംഗത്ത് പ്രവര്‍ത്തിച്ചിരുന്ന പ്രിയ ജോലിയും സംരംഭവും ഒപ്പത്തിനൊപ്പം കൊണ്ട് പോകുന്ന രീതിയിലാണ് സംരംഭം ആരംഭിച്ചതെങ്കിലും പിന്നീട് സംരംഭത്തിലേക്ക് കൂടുതല്‍ ശ്രദ്ധ തിരിച്ചതോടെ, ജോലി പൂര്‍ണമായും വിട്ടു.

വിദേശത്തേക്കും ഉല്‍പ്പന്നങ്ങള്‍
ഇന്ത്യക്കകത്തും പുറത്തുമുള്ള ഉപഭോക്താക്കളെ ഒരേ പോലെ കൃത്യമായ സര്‍വീസിലൂടെ പിന്തുണയ്ക്കുന്നുണ്ട് getkitch.in. ഇന്ത്യക്ക് പുറത്തുള്ളവര്‍ക്ക് കളിമണ്‍ പാത്രങ്ങള്‍ എന്നത് പ്രധാനമായും അവരുടെ നൊസ്റ്റാള്‍ജിയയുടെ ഭാഗമാണ്. കളിമണ്‍ ചട്ടിയില്‍ ഉണ്ടാക്കിയ മീന്‍കറി, പുളിശ്ശേരി, പായസം ഇതൊക്കെ അവരുടെ ഒരാഗ്രഹമാണ്. ഈ ആഗ്രഹത്തിന് പൂര്‍ണ പിന്തുണനല്‍കി വിദേശത്തേക്കും ഉല്‍പ്പന്നങ്ങള്‍ കയറ്റിയയക്കുന്നുണ്ട് getkitch. കളിമണ്‍ പാത്രങ്ങള്‍ എക്സ്പോര്‍ട്ട് ചെയ്യുക എന്നത് ഏറെ റിസ്കുള്ള ഒരു കാര്യമാണ്. എന്നിരുന്നാലും ആസ്ത്രേലിയ , അമേരിക്ക, യുകെ , ജര്‍മനി തുടങ്ങിയ വിദേശ രാജ്യങ്ങളിലെ തങ്ങളുടെ ഉപഭോക്താക്കളെ മുന്‍നിര്‍ത്തി ഏറെ ഉത്തരവാദിത്വത്തോടെ തന്നെ getkitch.in ഈ ആവശ്യം നിറവേറ്റുന്നു.

ഉപഭോക്താക്കളില്‍ സെലിബ്രിറ്റികളും
getkitch.in എന്ന സംരംഭത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ നേട്ടം എന്നത് സെലിബ്രിറ്റികളില്‍ നിന്നും ലഭിക്കുന്ന പിന്തുണയും പ്രോത്സാഹനവുമാണ്. ഉപഭോക്താക്കളായി വന്ന് സ്ഥാപനത്തിന്റെ ഗുഡ്വില് അംബാസിഡര്‍മാരായി മാറിയ വ്യക്തികളാണവര്‍.പാചകവിദഗ്ദരും സിനിമ രംഗത്ത് പ്രവര്‍ത്തിക്കുന്നവരും ഇതില്‍ ഉള്‍പ്പെടുന്നു. ചലച്ചിത്രതാരം റിമ കല്ലിങ്കല്‍, ഇന്റര്‍നാഷണല്‍ ഷെഫുകളായ സ്മിത ഡിയോ, വരുണ്‍, സഞ്ജീവ് കപൂര്‍, സുരേഷ് പിള്ളൈ, രാജി, മറീന, സംഗീത ഖന്ന തുടങ്ങിയവര്‍ കാലങ്ങളായുള്ള ഉപഭോക്താക്കളും ഗുഡ്വില് അംബാസിഡര്‍മാരുമാണ്.

ഇന്ത്യയിലെ നമ്പര്‍ 1 കുക്ക് വെയര്‍ സ്ഥാപനമാകണം
ഭാവിയില്‍ വ്യത്യസ്തമായ പ്രദേശങ്ങള്‍ക്ക് ഉതകുന്ന രീതിയിലുള്ള കളിമണ്‍ പാത്രങ്ങള്‍ വില്പനയ്ക്കായി എത്തിക്കുക എന്നതാണ് getkitch.in ലക്ഷ്യമിടുന്നത്. ഉദാഹരണമായി പറഞ്ഞാല്‍ ആസാം, മേഘാലയ തുടങ്ങിയ പ്രദേശങ്ങളില്‍ ഉപയോഗിക്കുന്ന രൂപത്തിലുള്ള പാത്രങ്ങള്‍ ആയിരിക്കില്ല ഗുജറാത്തില്‍ ഉപയോഗിക്കുക. കേരളത്തില്‍ പോലും ഇത്തരത്തില്‍ പ്രാദേശികമായ വ്യത്യാസങ്ങള്‍ കാണാറുണ്ട്. അതിനാല്‍ ഇന്ത്യയൊട്ടാകെ സഞ്ചരിച്ച് ഓരോ പ്രദേശങ്ങള്‍ക്കും അനുചിതമായ കളിമണ്‍ പാത്രങ്ങള്‍ getkitch.in വഴി വില്പനയ്ക്കായി എത്തിക്കണം എന്നതാണ് പ്രിയ ലക്ഷ്യമിടുന്നത്.
നിലവില്‍ കേരളം, തമിഴ്നാട് എന്നിവിടങ്ങളിലെ തെരെഞ്ഞെടുത്ത പരമ്പരാഗത കളിമണ്‍ പാത്ര നിര്‍മാതാക്കളില്‍ നിന്നുമാണ് നിലവില്‍ പാത്രങ്ങള്‍ ശേഖരിക്കുന്നത്. ഭാവിയില്‍ ഇന്ത്യയൊട്ടാകെയുള്ള പരമ്പരാഗത മണ്‍പാത്ര നിര്‍മാതാക്കളെ കൂടി സ്ഥാപനത്തിന്റെ ഭാഗമാക്കണം എന്നാണ് ആഗ്രഹിക്കുന്നത്. അതോടൊപ്പം ഭാവിയില്‍ ഇന്ത്യയിലെ നമ്പര്‍ വണ്‍ കുക്ക് വെയര്‍ സ്ഥാപനമാകണം എന്ന ലക്ഷ്യത്തോടെയാണ് പ്രിയ ദീപക് തന്റെ സ്ഥാപനത്തെ മുന്നോട്ട് നയിക്കുന്നത്.
Business
വീട്ടമ്മമാര്‍ക്ക് വരുമാനം; സെലിബീസിനെ ലോകമേറ്റെടുക്കാന് കാരണമിതാണ്
ലോകത്തെ മികച്ച ഒമ്പത് സ്റ്റാര്‍ട്ട് അപ്പുകളില്‍ ഒന്നായി തെരഞ്ഞെടുക്കപ്പെട്ട സെലിബീസ് വീട്ടമ്മമാര്‍ക്ക് വരുമാനത്തിന് കിടിലന്‍ അവസരമാണ് ഒരുക്കുന്നത്

ലോകത്തെ മികച്ച ഒമ്പത് സ്റ്റാര്‍ട്ട് അപ്പുകളില്‍ ഒന്നായി തെരഞ്ഞെടുക്കപ്പെട്ട സെലിബീസ് വീട്ടമ്മമാര്‍ക്ക് വരുമാന് നല്കാന് കിടിലന്‍ അവസരമാണ് ഒരുക്കുന്നത്
സ്ത്രീ ശാക്തീകരണത്തിന്റെ ഒന്നാന്തരം മാതൃകയാണ് കൊച്ചി കാക്കനാട് ആസ്ഥാനമായ സെലിബീസ് എന്ന സംരംഭം. വീട്ടമ്മമാരുടെ ഒഴിവുസമയങ്ങള്‍ ഫലപ്രദമായി വിനിയോഗിച്ച് വരുമാനം നേടാനാണ് ഈ സ്റ്റാര്‍ട്ട് അപ്പ് അവസരമൊരുക്കുന്നത്. ഇതുവരെ 1,800 ലധികം സ്ത്രീകളെയാണ് സെലിബീസ് എന്ന സ്റ്റാര്‍ട്ട് അപ്പ് സംരംഭകരാക്കി മാറ്റിയത്. കൊച്ചിയിലെ ഫൈസല്‍ എം ഖാലിദ് – സുനിത ദമ്പതിമാരാണ് സെലിബീസ് സ്ഥാപിച്ചത്.

2019 ഏപ്രില്‍ മാസത്തിലാണ് സെലിബീസിന് ശുഭാരംഭം കുറിച്ചത്. കൊച്ചിയില്‍ മാത്രം ഇതുവരെ 1800-ഓളം സ്ത്രീകള്‍ സെലിബീസില്‍ രജിസ്റ്റര്‍ ചെയ്തു. ജീവിതത്തില്‍ സ്വന്തമായി എന്തെങ്കിലും ചെയ്യണമെന്ന സ്ത്രീകളുടെ ആഗ്രഹം സഫലമാക്കുന്നതാണ് തങ്ങളുടെ സംരംഭമെന്ന് ഫൈസല്‍ അവകാശപ്പെടുന്നു. പൂജ്യം നിക്ഷേപത്തില്‍ സ്ത്രീകള്‍ക്ക് ബിസിനസ് തുടങ്ങാനുള്ള അവസരമാണ് ലഭിക്കുന്നത്. ഓരോ പതിനഞ്ച് ദിവസം കഴിയുമ്പോഴും സ്ത്രീകളുടെ എക്കൗണ്ടില്‍ പണമെത്തും.
സെലിബീസ്
വീട്ടമ്മമാര്‍ സ്വന്തം വീട്ടില്‍ ഉണ്ടാക്കുന്ന വിഭവങ്ങള്‍ക്ക് ഉപഭോക്താക്കളെ കണ്ടെത്തികൊടുക്കുകയാണ് സെലിബീസ് ചെയ്യുന്നത്. എന്നാല്‍ ഭക്ഷ്യവിഭവങ്ങള്‍ ഉന്നത നിലവാരം പുലര്‍ത്തുന്നതും സ്വാദിഷ്ഠവുമാണെന്ന് സെലിബീസ് ഉറപ്പുവരുത്തും. ഇതിനായി സ്ത്രീകളായ ഷെഫുമാര്‍ക്ക് പരിശീലനവും മാര്‍ഗനിര്‍ദേശങ്ങളും നല്‍കും. സമൂസ, കട്ലറ്റ് തുടങ്ങിയ സ്നാക്സ് വിഭവങ്ങളാണ് പ്രധാനമായും ലഭ്യമാക്കുന്നത്. ഓരോ വീട്ടമ്മയ്ക്കും ഒരു ദിവസം മൂന്ന് മണിക്കൂറെങ്കിലും ഒഴിവുസമയം ലഭിക്കുമെന്ന കണക്കുകൂട്ടലിലാണ് സെലിബീസിന്റെ പ്രവര്‍ത്തനം.

ഈ സമയം ഫലപ്രദമായും ഉല്‍പ്പാദനക്ഷമമായും വിനിയോഗിക്കാന്‍ പ്രോത്സാഹിപ്പിക്കുകയാണ് സെലിബീസ്. സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണമാണ് ലക്ഷ്യമിടുന്നതെന്ന് സെലിബീസ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഫൈസല്‍ എം ഖാലിദും ഭാര്യ സുനിതയും പറയുന്നു. മുടക്കുമുതല്‍ തീരെ ഇല്ലാതെയാണ് സെലിബീസിന് കീഴില്‍ സ്ത്രീകള്‍ സംരംഭകരായി മാറുന്നത്.
‘സെലിബീസ്’- പേരിലെ കൗതുകം
‘സെലിബ്രേറ്റ് ലൈക്ക് ബീസ്’ എന്ന ആംഗലേയ വാചകം ചുരുക്കിയാണ് സെലിബീസ് എന്ന പേര് കണ്ടെത്തിയത്. ബീ എന്നാല്‍ തേനീച്ച. വരുമാനം ലഭിക്കുന്നതും ഒരു കൂട്ടായ്മയുടെ ഭാഗമാകുന്നതും സ്ത്രീകളില്‍ സന്തോഷം ജനിപ്പിക്കുന്നത് സ്വാഭാവികമാണെന്നും സെലിബീസിന് കീഴില്‍ സ്ത്രീകള്‍ തേനീച്ചകളെപ്പോലെ ആഘോഷിക്കുകയാണെന്നും ഈ സംരംഭത്തിന്റെ സാരഥികള്‍ പറയുന്നു. വീട്ടമ്മമാര്‍ക്ക് ചിറകുകള് നല്കിയ സംരംഭമെന്ന് സെലിബീസിനെ വിശേഷിപ്പിക്കുന്നതാണ് കൂടുതല്‍ ഉചിതം.
ലോകശ്രദ്ധയില്‍ സെലിബീസ്
കാക്കനാട് ആസ്ഥാനമായ സെലിബീസ് ഇതിനകം ലോകശ്രദ്ധ പിടിച്ചുപറ്റി. തുര്‍ക്കിയില്‍ നടന്ന ഈ വര്‍ഷത്തെ ‘സ്റ്റാര്‍ട്ട് അപ്പ് ഇസ്താന്‍ബുള്‍’ പരിപാടിയില്‍ ലോകത്തെ മികച്ച ഒമ്പത് സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളിലൊന്നായാണ് സെലിബീസ് തെരഞ്ഞെടുക്കപ്പെട്ടത്. 166 രാജ്യങ്ങളിലെ 1.60 ലക്ഷം സ്റ്റാര്‍ട്ട് അപ്പുകളില്‍ നിന്നാണ് സെലിബീസ് ഈ നേട്ടം കൈവരിച്ചത്. കൂടുതല്‍ ഫണ്ടിംഗ് നേടി പ്രവര്‍ത്തനം വിപുലീകരിക്കാന്‍ ഉദ്ദേശിക്കുന്നതായി ഫൈസല്‍ എം ഖാലിദ് പറഞ്ഞു. ‘സ്റ്റാര്‍ട്ട് അപ്പ് ഇസ്താന്‍ബുള്‍’ സെലിബീസിന്റ അഞ്ച് ശതമാനം ഓഹരി വാങ്ങാമെന്ന് വാഗ്ദാനം നല്‍കിയതായും ഫൈസല്‍.
ഒറ്റച്ചോദ്യം… സെലിബീസ് പിറന്നു
ഇന്‍ഫോപാര്‍ക്കില്‍ ഐടി കമ്പനി സിഇഒ ആയിരിക്കുമ്പോഴാണ് പുതിയ സംരംഭം സംബന്ധിച്ച ആശയം ലഭിച്ചതെന്ന് ഫൈസല്‍ വ്യക്തമാക്കുന്നു. സ്ഥാപനത്തില്‍ 150 ഓളം പേരാണ് ജോലി ചെയ്തിരുന്നത്. എച്ച്ആര്‍ വിഭാഗത്തിന്റെ ചുമതല ഭാര്യ സുനിതക്കായിരുന്നു. ജോലി + ആഘോഷം എന്നതാണ് ഇന്‍ഫോപാര്‍ക്കിലെ ഒരു രീതി. എല്ലാ വെള്ളിയാഴ്ച്ചകളിലും പിറന്നാള്‍, വിവാഹ വാര്‍ഷികം തുടങ്ങി ഏതെങ്കിലും ആഘോഷ പരിപാടി ഉണ്ടായിരിക്കും. ഈ എല്ലാ പരിപാടികളിലും അവശ്യവസ്തുവായ കേക്ക് കൂടാതെ സ്നാക്സും മറ്റും വേണ്ടി വരും.

ഇന്‍ഫോപാര്‍ക്കിന് സമീപത്തെ ബേക്കറികളിലും റെസ്റ്ററന്റുകളിലുമാണ് സ്നാക്സ് ഓര്‍ഡര്‍ ചെയ്തിരുന്നത്. സമൂസയും കട്ലറ്റും മറ്റും സ്ഥിരം വിഭവങ്ങളായതോടെ മിക്കവര്‍ക്കും ബോറടിച്ചു. വൈവിധ്യമാര്‍ന്ന വിഭവങ്ങള്‍ക്ക് എന്താണ് വഴിയെന്ന് തല പുകയ്ക്കുമ്പോഴാണ് സമീപ വീടുകളിലെ സ്ത്രീകള്‍ക്ക് എന്തുകൊണ്ട് ഓര്‍ഡര്‍ നല്കിക്കൂടാ എന്ന് ഭാര്യ സുനിത ചോദിക്കുന്നത്. ആ നിമിഷത്തില്‍ സെലിബീസ് എന്ന സ്റ്റാര്‍ട്ട് അപ്പ് പിറവിയെടുക്കുകയായിരുന്നു.
സെലിബീസ് ആപ്പ്
ആദ്യം വാട്സ്ആപ്പ് കൂട്ടായ്മയായിരുന്നു. 2017 ല്‍ കമ്പനി രജിസ്റ്റര്‍ ചെയ്തു. വാട്സ്ആപ്പ് കൂട്ടായ്മ വിപുലീകരിച്ചാണ് സെലിബീസ് ആപ്പ് വികസിപ്പിച്ചത്. 2019 ജൂലൈ – ഓഗസ്റ്റില്‍ ആപ്പ് പുറത്തിറക്കി. ഷെഫുകളെ കണ്ടെത്താന്‍ ഷെഫ് ഹണ്ട് തന്നെ നടത്തി. ആദ്യഘട്ടത്തില്‍ 22 സ്ത്രീകള്‍ മാത്രമാണ് ചേര്‍ന്നത്. പിന്നീട് കാക്കനാട് നടത്തിയ ഷെഫ് ഓഡിഷനില്‍ നൂറിലധികം വീട്ടമ്മമാര്‍ സെലിബീസിന്റെ ഭാഗമായി. സെലിബീസുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്ക് കമ്പനി വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയും.
ഓരോ ഷെഫിന്റെയും പ്രൊഫൈല്‍, വിഭവങ്ങള്‍ എന്നിവ ഡിസ്പ്ലേ ചെയ്യും വിധമാണ് ആപ്പ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഉപഭോക്താവിന് ഇഷ്ടമുള്ള ഷെഫിന്റെ ഇഷ്ടമുള്ള വിഭവങ്ങള്‍ ഓര്‍ഡര്‍ ചെയ്യാന്‍ കഴിയും. ഉപഭോക്താക്കള്‍ക്കും ഷെഫുകള്‍ക്കും ഡെലിവറി ടീമിനുമായി മൂന്ന് ആപ്പുകളാണ് വികസിപ്പിച്ചിരിക്കുന്നത്. ഷെഫിന്റെ ആപ്പിലേക്കാണ് ഓര്‍ഡറുകള്‍ വരുന്നത്. ഉപഭോക്താക്കള്‍ക്ക് ഓരോ ഷെഫിനും റിവ്യൂ, റേറ്റിംഗ് എന്നിവ നല്കാന് കഴിയും. ലൊക്കേഷന്‍ അടിസ്ഥാനമാക്കിയാണ് ആപ്പ് പ്രവര്‍ത്തിക്കുന്നത്. ഭക്ഷ്യവിഭവങ്ങള്‍ ഡെലിവറി ചെയ്യുന്നതിന്റെ ചെലവുകള്‍ സെലിബീസ് നേരിട്ടാണ് വഹിക്കുന്നത്. ലഭിച്ച ഓര്‍ഡര്‍ അനുസരിച്ച് സ്ത്രീകള്‍ വിഭവങ്ങള്‍ തയ്യാറാക്കി പായ്ക്കു ചെയ്യുകയാണ് വേണ്ടത്.
കാക്കനാടുനിന്ന് മറ്റിടങ്ങളിലേക്ക്
കാക്കനാട്, ഇടപ്പള്ളി, പാലാരിവട്ടം എന്നിവിടങ്ങളിലാണ് തുടക്കത്തില്‍ സേവനം നല്‍കിയിരുന്നത്. ജനങ്ങളുടെ ഭാഗത്തുനിന്ന് മികച്ച പ്രതികരണം ലഭിച്ചതോടെ ഫോര്‍ട്ടു കൊച്ചി, ആലുവ എന്നിവിടങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ചു. കുടുംബശ്രീ യൂണിറ്റുകളുമായും മറ്റു വനിത കൂട്ടായ്മകളുമായും സെലിബീസ് സഹകരിച്ചു പ്രവര്‍ത്തിക്കുന്നതായി ഫൈസല്‍ എം ഖാലിദ് വ്യക്തമാക്കി.
വമ്പന്‍ ലക്ഷ്യം
ഒരു ലക്ഷം സ്ത്രീകളെ സംരംഭകരാക്കി മാറ്റുകയാണ് സെലിബീസിന്റെ അടുത്ത ലക്ഷ്യമെന്ന് ഫൈസല്‍ പറയുന്നു. ഇതിന്റെ ഭാഗമായി രാജ്യത്തെ പതിനഞ്ച് നഗരങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കും. ഓരോ വീട്ടമ്മയും ഒരു ദിവസം മൂന്ന് മണിക്കൂര്‍ ചെലവിടുമ്പോള്‍ തങ്ങള്‍ക്ക് ആകെ മൂന്ന് ലക്ഷം മണിക്കൂറാണ് ലഭിക്കുന്നത്. ഒരു ലക്ഷം കുടുംബങ്ങള്‍ക്ക് വരുമാനമുണ്ടാകുന്നത് സന്തോഷമുള്ള കാര്യമാണെന്ന് ഫൈസല്‍ പറഞ്ഞു.
കൂടാതെ കേരളത്തില്‍ എല്ലായിടത്തും പ്രവര്‍ത്തനം വ്യാപിപ്പിക്കാനാണ് സെലിബീസ് തയ്യാറെടുക്കുന്നത്. ഇതിനു മുന്നോടിയായി ഫണ്ടിംഗ് സമാഹരിക്കാന്‍ ലക്ഷ്യമിടുന്നു. സമൂഹത്തിന്റെ താഴെക്കിടയില്‍ നില്ക്കുന്ന സ്ത്രീകള്‍ക്ക് അവസരം നല്‍കുന്നതിനാണ് കൂടുതല്‍ പരിഗണന.
-
Business2 weeks ago
കോവിഡ്; തിരിച്ചു വന്ന 30 പ്രവാസികളുടെ കിടിലന്‍ മല്‍സ്യ-മാംസ സംരംഭം
-
Business2 weeks ago
‘ശബ്ദം’ കേള്‍ക്കാന്‍ കാശ് നല്കിയാലെന്താ പ്രശ്നം?
-
Entertainment3 weeks ago
നേരും നെറിവുമുള്ള മറ്റൊരു കള്ളന്റെ കഥ സിനിമയാകുന്നു
-
Home1 week ago
കോവിഡിനിടയിലും ലക്ഷ്യമിട്ട 500 ഭവനങ്ങളുടെ നിര്‍മാണം പൂര്‍ത്തീകരിച്ച് അസറ്റ് ഹോംസ്
-
Entertainment4 weeks ago
ലവ് ക്ലിക്സ് – കായല്റിസോര്ട്ടിലെ ബ്രൈഡല്‍ ഷൂട്ടില്‍ സംഭവിച്ചത് മ്യൂസിക്കലായപ്പോള്
-
Business7 days ago
ആരോഗ്യ പരിചരണത്തിന് ആദിത്യ ബിര്‍ളയുമായി ചേര്‍ന്ന് യെസ് ബാങ്ക് വെല്‍നസ് ക്രെഡിറ്റ് കാര്‍ഡ് അവതരിപ്പിച്ചു
-
Business1 day ago
കള്ളിയത്ത് ടി.എം.ടിക്ക് ഇന്ത്യ 5000 ബെസ്റ്റ് അവാര്‍ഡ്
-
Business6 hours ago
എ പ്ലസ്; സമാനതകളില്ലാത്ത ഡിറ്റര്‍ജെന്റ് ബ്രാന്‍ഡ്