Life
മുസ്തഫ വീല്‍ ചെയറിലിരുന്ന് നിര്‍മിച്ചത് ആയിരത്തോളം കുടകള്‍
ഒരു കുട വാങ്ങി നിങ്ങള്‍ക്കും മലപ്പുറത്തുകാരന് മുസ്തഫയെ സഹായിക്കാം. വീല്‍ചെയറിലിരുന്ന് കുടയുണ്ടാക്കുകയാണ് ഈ സംരംഭകന്

മലപ്പുറം കൊണ്ടോട്ടി പുളിക്കല്‍ സ്വദേശിയായ മുസ്തഫ പറമ്പന്‍ 15 വര്‍ഷം മുമ്പാണ് കവുങ്ങില്‍നിന്ന് വീണത്. നട്ടെല്ലിന് ക്ഷതമേറ്റ അദ്ദേഹത്തിന്റെ അരയ്ക്ക് കീഴ്പോട്ട് തളര്‍ന്നു പോയി. ശിഷ്ടകാലം വീല്ചെയറിലായിപ്പോയെങ്കിലും അദ്ദേഹം ഇന്നൊരു സംരംഭകനാണ്.
ഭിന്നശേഷിക്കാര്‍ക്കായി പ്രവര്‍ത്തിക്കുന്ന ഹാന്‍ഡിക്രോപ്സ് എന്ന സംഘടനയുടെ പിന്‍ബലത്തില്‍ വീല്‍ ചെയറില്‍ ഇരുന്നു കൊണ്ട് മുസ്തഫ കുട നിര്‍മാണത്തിലൂടെ വരുമാനം കണ്ടെത്തുന്നു…
അതിജീവനത്തിന്റെ ആ വര്‍ണക്കുടകളുടെ കഥയിങ്ങനെ. മസ്തഫയുടെ വാക്കുകള്‍ കേള്‍ക്കാന്‍ വിഡിയോ കാണുക.
ഏത് അവസ്ഥയിലും മുന്നോട്ട് പോകണം എന്ന ദൃഢനിശ്ചയമായിരുന്നു മുസ്തഫയുടെ ജീവിതം മാറ്റി മറച്ചത്. വിപണിയില്‍ ലഭിക്കുന്ന മുന്‍നിര കമ്പനികളുടെ കുടകളോട് കിടപിടിക്കത്തക്ക രീതിയിലുള്ള കുടകളാണ് മുസ്തഫ തന്റെ പരിശ്രമം കൊണ്ട് നിര്‍മിക്കുന്നത്.
ഹാന്‍ഡിക്രോപ്സ് എന്ന സ്ഥാപനം നല്കിയ പിന്തുണയാണ് മുസ്തഫയെ പോലുള്ള ഓരോ വ്യക്തിയുടെയും വളര്‍ച്ചയ്ക്ക് പിന്നില്‍
മുസ്തഫയെ പോലുള്ളവരാണ് യഥാര്‍ത്ഥ പോരാളികള്‍… സംരംഭകത്വത്തിന്റെ ചൂടും ചൂരും അറിയുന്നവര്‍, അതിജീവനത്തിനായി പ്രയത്നിക്കുന്നവര്‍…അതിനാല്‍ തന്നെ ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ ചേര്‍ത്ത് നിര്‍ത്താം…ഈ മഴക്കാലത്ത് കുട വാങ്ങുമ്പോള്‍ മുസ്തഫ പറമ്പനെയും ഓര്‍ക്കാം.
Business
കോവിഡ്; തിരിച്ചു വന്ന 30 പ്രവാസികളുടെ കിടിലന്‍ മല്‍സ്യ-മാംസ സംരംഭം
അഞ്ച് ദില്‍മാര്‍ട്ട് മല്‍സ്യ-മാംസ സ്റ്റോറുകള്‍ പ്രവര്‍ത്തനമാരംഭിച്ചു; 3 മാസത്തിനകം15 സ്റ്റോറുകള്‍ തുറക്കും

കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആറ് ഗള്‍ഫ് രാജ്യങ്ങളിലായി ജോലി ചെയ്തിരുന്ന, മുന്‍പരിചയമില്ലാതിരുന്ന പ്രവാസികളുടെ മാതൃകാ സംരംഭം
കോവിഡ് ഭീഷണിയെത്തുടര്‍ന്ന് ജോലി നഷ്ടമാവുകയോ ശമ്പളത്തില്‍ കാര്യമായ കുറവു വരികയോ ചെയ്ത ഏതാനും ഗള്‍ഫ് മലയാളികള്‍ സര്‍ക്കാരിന്റേതുള്‍പ്പെടെയുള്ള പുനരധിവാസ പദ്ധതികള്‍ക്ക് കാത്തിരിക്കാതെ സംഘടിച്ച് സംസ്ഥാനത്തുടനീളം മത്സ്യ-മാംസ സ്റ്റോറുകളടെ ശൃംഖലയ്ക്ക് തുടക്കമിട്ടു. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളില്‍ നിന്ന് ബഹ്റിന് മുതല്‍ യുഎഇവരെയുള്ള ആറ് ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്തിരുന്ന മുപ്പത് ഗള്‍ഫ് മലയാളികളാണ് ഇങ്ങനെ ഒത്തുചേര്‍ന്ന് പ്രതിസന്ധിയെ അവസരമാക്കിയിരിക്കുന്നത്.
ദില്‍മാര്‍ട്ട് എന്നു പേരിട്ടിരിക്കുന്ന ഇവരുടെ സംരംഭം മലപ്പുറം ജില്ലയിലെ കോട്ടയ്ക്കല്‍, തൃശൂരിലെ ചാലക്കുടി, പത്തനംതിട്ടയിലെ തുമ്പമണ്‍, കൊല്ലം കുണ്ടറ, തിരുവനന്തപുരം വര്‍ക്കല എന്നിവിടങ്ങളില്‍ സ്റ്റോറുകള്‍ തുറന്നു കഴിഞ്ഞു. മൂന്നു മാസത്തിനകം 15 സ്റ്റോറുകള്‍ കൂടി തുറക്കുമെന്ന് സ്ഥാപക ഡയറക്ടര്‍മാരായ സിറില്‍ ആന്റണിയും അനില്‍ കെ പ്രസാദും പറഞ്ഞു. ഒരു വര്‍ഷത്തിനകം സംസ്ഥാനത്തൊട്ടാകെ 40 സ്റ്റോറുകള്‍ തുറക്കാനാണ് ലക്ഷ്യം. www.dilmart.in എന്ന ഇ-കോമേഴ്സ് സൈറ്റിലൂടെ സ്റ്റോറുകള്‍ കേന്ദ്രീകരിച്ചുള്ള ഓണ്‍ലൈന്‍ ഡെലിവറിയും ആരംഭിച്ചിട്ടുണ്ട്.
കൊച്ചി വരാപ്പുഴ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദില്‍മാര്‍ട്ടിന്റെ വിവിധ ചുമതലകളില്‍ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുള്ളവരുണ്ട്. സമുദ്രവിഭവങ്ങളുടെ ലഭ്യത കണക്കിലെടുത്താണ് കൊച്ചി ആസ്ഥാനമാക്കിയതെന്ന് മാര്‍ക്കറ്റിംഗ്, പര്‍ച്ചേസ് എന്നീ ചുമതലകള്‍ വഹിക്കുന്ന ഡയറക്ടര്‍ കൂടിയായ സിറില്‍ ആന്റണി പറഞ്ഞു. വരാപ്പുഴയില്‍ കേന്ദ്രീകൃത വെയര്‍ഹൗസും തുറന്നിട്ടുണ്ട്. ഉല്‍പ്പന്നങ്ങള്‍ എത്തിക്കുന്നതിന് നാല് റീഫര്‍ വാഹനങ്ങളും സ്വന്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേയ്ക്ക് കാലതാമസമില്ലാതെ നേരിട്ട് ഉല്‍പ്പന്നമെത്തിയ്ക്കാന്‍ മുനമ്പം, വൈപ്പിന്‍, തോപ്പുംപടി, നീണ്ടകര, വിഴിഞ്ഞം, പുതിയാപ്പ എന്നീ ഫിഷിംഗ് ഹാര്‍ബറുകളിലെ മീന്‍പിടുത്തക്കാരുമായി കരാറായിക്കഴിഞ്ഞു. ഇതിനു പുറമെ എറണാകുളം ജില്ലയിലെ ചെറായി, തൃശൂരിലെ കോട്ടപ്പുറം എന്നിവിടങ്ങളിലെ ഫാമുകളില്‍ കൂട്കൃഷിയായി വളര്‍ത്തുന്ന കാളാഞ്ചി, ചെമ്പല്ലി, വറ്റ എന്നിവയുടെ വിളവെടുപ്പും ആരംഭിച്ചിട്ടുണ്ട്.
ഇന്ത്യന്‍ കോഫീ ഹൗസ് മാതൃകയില്‍ 30 ഓഹരിയുടമകളും മുന്‍പിന്‍ മറന്ന് ജോലി ചെയ്യുന്ന മാതൃകയാണ് തങ്ങള്‍ നടപ്പാക്കുന്നതെന്ന് അഡ്മിന്, ഓപ്പറേഷന്‍സ് ചുമതല വഹിക്കുന്ന അനില്‍ കെ പ്രസാദ് പറഞ്ഞു. ഗള്‍ഫിലെ വിവിധ മേഖലകളില്‍ ജോലി ചെയ്തിരുന്നവര്‍ കൂട്ടത്തിലുണ്ട്. അവരവരുടെ അനുഭവസമ്പത്തുമായി ബന്ധപ്പെട്ട മേഖലകളിലെ ജോലികള്‍ തന്നെയാണ് ഓരോരുത്തരും ദില്‍മാര്‍ട്ടിലും ഏറ്റെടുത്ത് ചെയ്യുന്നത്. ഉദാഹരണത്തിന് ഖത്തര്‍, ബഹ്റിന്, യുഎഇ എന്നിവിടങ്ങളില്‍ ട്രാന്‍സ്പോര്‍ടിംഗ് മേഖലയില്‍ ജോലി ചെയ്തിരുന്നവരാണ് ദില്‍മാര്‍ട്ടിന്റെ ട്രാന്‍സ്പോര്‍ടിംഗ് ചുമതലകള്‍ വഹിക്കുന്നത്. അതേ സമയം ബഹ്റിനില്‍ ഹോട്ടല്‍ ഷെഫുമാരായിരുന്ന മൂന്നു പേരുടെ നേതൃത്വത്തില്‍ റെഡി-റ്റു-കുക്ക് വിഭവങ്ങളും അച്ചാറുകളും ഒരുങ്ങുന്നു. ഇവ ഒരു മാസത്തിനകം ദില്‍മാര്‍ട്ടുകളിലൂടെ വില്‍പ്പനയ്ക്കെത്തും.
500 മുതല്‍ 1000 ച അടി വരെയുള്ള സ്റ്റോറുകളാണ് ദില്‍മാര്‍ട്ട് തുറക്കുന്നത്. ഒരു ഓഹരിയുടമയെങ്കിലും ഒരു സ്റ്റോറില്‍ ജോലി ചെയ്യും. അതിനു പുറമെ ഡെലിവറി, ക്ലീനിംഗ് സ്റ്റാഫ് അടക്കം ചുരുങ്ങിയത് 2-3 പേര്‍ക്കു കൂടി ഒരു സ്റ്റോറില്‍ ജോലി നല്കുന്നു. ഓഹരിയുടമയ്ക്കും ജോലി ചെയ്യുന്നതിന് മാസശമ്പളമുണ്ട്. ഓരോ സ്റ്റോറില്‍ നിന്നും പ്രതിദിനം ചുരുങ്ങിയത് ഒരു ലക്ഷം രൂപയുടെ വിറ്റുവരവാണ് കമ്പനി ലക്ഷ്യമിടുന്നത്.
ഗള്‍ഫിലെ വിവിധ രാജ്യങ്ങളില്‍ ജോലി ചെയ്തിരുന്നവരും കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ളവരുമായതിനാല്‍ ഭൂരിപക്ഷം പേര്‍ക്കും പരസ്പരം മുന്‍പരിചയമില്ല. എന്നാല്‍ സമാന ജീവിതസാഹചര്യങ്ങളും വെല്ലുവിളികളുമാണ് ഇവരെ ഒരുമിപ്പിച്ചിരിക്കുന്നത്. സുഹൃത്തുക്കള്‍ വഴിയും സമൂഹമാധ്യമങ്ങള്‍ വഴിയുമാണ് ദില്‍മാര്‍ട്ടിന്റെ സംഘാടനത്തിനു മുന്നോടിയായി എല്ലാവരും പരിചയപ്പെട്ടത്. ദുബായില്‍ മാര്‍ക്കറ്റിംഗ് രംഗത്ത് ജോലി ചെയ്തിരുന്ന സിറില്‍ ആന്റണിയുടെ ഒരു ഫേസ്ബുക്ക് പോസ്റ്റില്‍ നിന്നായിരുന്നു 30 പേരില്‍ 8 പേര് ഇപ്പോഴും ഗള്‍ഫില്‍ ജോലി ചെയ്യുകയാണ്. ബാക്കിയുള്ള 22 പേര് രണ്ടു മാസത്തിലൊരിയ്ക്കലെങ്കിലും വരാപ്പുഴയിലെ ആസ്ഥനത്ത് ഒത്തുകൂടും.
തുടക്കത്തില്‍ സമുദ്രവിഭവങ്ങള്‍ വില്‍പ്പനയ്ക്കെത്തിച്ചിരിക്കുന്ന ദില്‍മാര്‍ട്ടുകള്‍ ഒരു മാസത്തിനുള്ളില്‍ വിവിധ തരം മാംസങ്ങളും ലഭ്യമാക്കും. രണ്ടാം ഘട്ടത്തില്‍ കറിമസാലകള്‍, പച്ചക്കറികള്‍, ഫ്രൂട്സ് എന്നിവ കൂടി ഉള്‍പ്പെടുത്തും.
Business
കുറഞ്ഞ ചെലവില്‍ ആഡംബര വീടുകള്‍ നിര്മിക്കുന്നതെങ്ങനെ? ദേവദത്തന് പറയുന്നു
24.5 ലക്ഷം രൂപ ചെലവില്‍ കോവിഡ് പാക്കേജായി ആഡംബര വീട് എന്ന പ്രോജക്റ്റ് ഏറ്റെടുത്ത ദേവദത്തന്, ചെലവ് ചുരുക്കിയുള്ള വീട് നിര്‍മാണത്തെ പറ്റി സംസാരിക്കുന്നു.

സ്വന്തമായൊരു വീട് എന്ന സ്വപ്നം മനസില്‍ സൂക്ഷിക്കാത്ത ആളുകള്‍ കുറവായിരിക്കും. എന്നാല്‍ പഴമക്കാര്‍ പറയുന്നത് പോലെ വീട് നിര്‍മാണവും കല്യാണവും ഒക്കെ ഒരു നിയോഗമാണ്. സമയം ഒത്തുവരുമ്പോള്‍ മാത്രം നടക്കുന്ന ഒന്ന്. എന്നാല്‍ പലപ്പോഴും വീട് എന്ന സ്വപ്നം കയ്യില്‍ ഒതുങ്ങാതിരിക്കുന്നതിന് പിന്നിലെ പ്രധാന കാരണം, വീട് നിര്‍മാണത്തിനുള്ള ചെലവ് കയ്യില്‍ ഒതുങ്ങില്ല എന്നതാണ്. എന്നാല്‍ ഈ ധാരണയ്ക്ക് പിന്നില്‍ ഒട്ടും യാഥാര്‍ഥ്യമില്ലെന്നും പത്തര ലക്ഷം രൂപ ചെലവില്‍ വരെ വീട് നിര്‍മിക്കാമെന്നും തെളിയിക്കുകയാണ് കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലോറ വെന്‍ച്വേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്റ്റര്‍ പി ദേവദത്തന്. 24.5 ലക്ഷം രൂപ ചെലവില്‍ കോവിഡ് പാക്കേജായി ആഡംബര വീട് എന്ന പ്രോജക്റ്റ് ഏറ്റെടുത്ത ദേവദത്തന്, ചെലവ് ചുരുക്കിയുള്ള വീട് നിര്‍മാണത്തെ പറ്റി സംസാരിക്കുന്നു.
ബഡ്ജറ്റ് ഹോമുകള്‍ എന്ന ആശയത്തെ മുറുകെപ്പിടിക്കുന്നതിനുള്ള കാരണമെന്താണ് ?
പണ്ടത്തെ അപേക്ഷിച്ച് ആളുകളുടെ ചിന്താഗതിയില്‍ വന്ന മാറ്റം തന്നെയാണീ പ്രധാന കാരണം. കയ്യിലുള്ള പണം മുഴുവനായ്റ്റി ചെലവഴിച്ച വീട് നിര്‍മിക്കുന്ന രീതിയോട് ജനങ്ങള്‍ക്ക് മടുപ്പ് തോന്നിത്തുടങ്ങിയിട്ടുണ്ട്. ചെലവ് ചുരുക്കി, ഗുണമേന്മയില് കോട്ടം തട്ടാതെ നിര്‍മിക്കുന്ന വീടുകളോടാണ് ആളുകള്‍ ഇന്ന് താല്പര്യം കാണിക്കുന്നത്. ഇത്തരത്തില്‍ നിര്‍മിക്കുന്ന വീടുകളില്‍ ആഡംബര ഗൃഹങ്ങളും ഉള്‍പ്പെടും എന്നത് തന്നെയാണ് പ്രധാന വിഷയം. അതിനാല്‍ തന്നെയാണ് ലോറ വെന്‍ച്വേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് ബഡ്ജറ്റ് വീടുകള്‍ക്ക് പ്രാധാന്യം നല്‍കുന്നതും.
കുറഞ്ഞ ബഡ്ജറ്റില്‍ നിര്‍മിക്കുന്ന വീട് ഗുണമേന്മയെ ബാധിക്കുമോ?
ഈ ചിന്തയാണ് ആദ്യം മാറ്റേണ്ടത്. വീടിന്റെ ഗുണമേന്മയിലും ബലത്തിലും യാതൊരു വിധത്തിലുള്ള വിട്ടു വീഴ്ചയും കൂടാതെ, ഉയര്‍ന്ന ഗുണനിലവാരത്തിലുള്ള ഉല്‍പ്പന്നങ്ങള്‍ കൊണ്ട് മാത്രമാണ് നിര്‍മാണം പൂര്‍ത്തിയാക്കുന്നത്. ഇതില്‍ ചെലവ് ചുരുക്കുന്ന ഘടകം ബില്‍ഡറുടെ എക്സ്പീരിയന്‍സില്‍ നിന്നും ഉരുത്തിരിയുന്ന ചില മാറ്റങ്ങളാണ്. ഉദാഹരണമായി പറഞ്ഞാല്‍ അനാവശ്യമായ എലവേഷനുകള്‍ ഒഴിവാക്കിയാല്‍ നല്ല രീതിയില്‍ ചെലവ് നിയന്ത്രിക്കാന്‍ സാധിക്കും. ഈ ഒരു രീതി ബഡ്ജറ്റ് ഹോം നിര്‍മാണത്തില്‍ ഞങ്ങള്‍ പരീക്ഷിക്കുന്നുണ്ട്.

ബഡ്ജറ്റ് ഹോം കണ്‍സപ്റ്റിനോട് കേരളത്തിലെ ജനങ്ങളുടെ സമീപനം എന്താണ് ?
ആദ്യകാലത്ത് ബഡ്ജറ്റ് ഹോം എന്നത് വിദേശത്ത് മാത്രമായി ഒതുങ്ങി നിന്ന ഒരു ആശയമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതില്‍ മാറ്റം സംഭവിച്ചിട്ടുണ്ട്. കേരളത്തിലെ കാര്യമെടുത്താല്‍ ബഡ്ജറ്റ് ഹോമുകളും കോമ്പാക്റ്റ് ഹോമുകളും ഒന്നാണ് എന്ന ധാരണ ഇടക്കലത്ത് ജനങ്ങളില്‍ ഉണ്ടായിരുന്നു. അതിനാല്‍ ബഡ്ജറ്റ് ഹോമുകളോട് അത്ര താല്പര്യമില്ലായിരുന്നു. എന്നാല്‍ ഇന്ന് അവസ്ഥ മാറി. ബഡ്ജറ്റ് ഹോം എന്നത് കോമ്പാക്റ്റ് ഹോമില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാണ് എന്നും ബഡ്ജറ്റ് ഹോം ആശയത്തില്‍ ആഡംബര വീടുകള്‍ വരെ പണിയാനാകുമെന്നും ആളുകള്‍ മനസിലാക്കിക്കഴിഞ്ഞു. അതിനാല്‍ ഇന്ന് കേരളത്തില്‍ ബഡ്ജറ്റ് ഹോം എന്ന ആശയത്തിന് പ്രാധാന്യം വര്‍ധിച്ചു വരികയാണ്.
ബഡ്ജറ്റ് ഹോമും കോമ്പാക്റ്റ് ഹോമും എങ്ങനെ വ്യത്യസപ്പെട്ടിരിക്കുന്നു ?
ചെലവ് കുറച്ചു നിര്‍മിക്കുന്ന വീടുകള്‍ പ്രധാനമായും എക്കണോമിക് ബഡ്ജറ്റ് കാറ്റഗറിയിലും കോമ്പാക്റ്റ് ബഡ്ജറ്റ് കാറ്റഗറിയിലും പെടുന്നവയാണ്. ഇതില്‍ എക്കണോമിക് ബഡ്ജറ്റ് കാറ്റഗറിയില്‍ പെടുന്നവയാണ് 20-30 ലക്ഷം ചെലവില്‍ എല്ലാവിധ സൗകര്യങ്ങളോടും കൂടിയ വീട്. കോമ്പാക്റ്റ് ബഡ്ജറ്റ് കാറ്റഗറിയില്‍ പെടുന്നവയ്ക്ക് എക്കണോമിക് ബഡ്ജറ്റ് വിഭാഗത്തേക്കാള്‍ 30 ശതമാനത്തോളം ചെലവ് കുറവായിരിക്കാം. എന്നാല്‍ നിര്‍മാണം പൂര്‍ത്തിയാക്കുമ്പോള്‍ ഈ രണ്ട് വീടുകളും തമ്മില്‍ പ്രകടമായ വ്യത്യാസം ഉണ്ടായിരിക്കും. ഭാവിയില്‍ കോമ്പാക്റ്റ് ഹോമുകള്‍ ഗുണകരമാവില്ലെന്ന് മാത്രമല്ല, സാമ്പത്തിക നഷ്ടം ഉണ്ടാക്കുകയും ചെയ്യും.കോമ്പാക്റ്റ് ഹോം നിര്‍മിക്കുമ്പോള്‍ മുറികളുടെ വലുപ്പം പരമാവധി കുറച്ച്, വീടിന്റെ വിസ്തീര്‍ണം കുറക്കുന്നു. ഇതിലൂടെ നിര്‍മാണ ചെലവും കുറയും. എന്നാല്‍ ഇത്തരത്തില്‍ 900 ചതുരശ്ര അടിയില്‍ ഒരു മൂന്നു ബെഡ്റൂം വീട് നിര്‍മിക്കുന്നത് കൊണ്ട് വീട്ടുടമസ്ഥര്‍ക്ക് യാതൊരു ഗുണവും ഉണ്ടാകുന്നില്ല. ഇനി രണ്ട് ബെഡ് റൂം വീടാണ് താല്‍ക്കാലിക ആവശ്യത്തെ മുന്‍നിര്‍ത്തി നിര്‍മിക്കുന്നത് എങ്കില്‍ ഭാവിയില്‍ അംഗസംഖ്യ കൂടുമ്പോള്‍ അത് പ്രശ്നമാകുകയും ചെയ്യും. ഏത് തരത്തില്‍പ്പെട്ട വീട് നിര്‍മിച്ചാലും ലേബര്‍ ചാര്‍ജ് കുറയ്ക്കാന്‍ കഴിയില്ല. അങ്ങനെ വരുമ്പോള്‍ നിര്‍മാണത്തിനുപയോഗിക്കുന്ന വസ്തുക്കളുടെ കാര്യത്തിലാണ് കുറവ് വരുത്തുക.
അങ്ങനെ വരുമ്പോള്‍ ബഡ്ജറ്റ് ഹോം നിര്‍മാണത്തില്‍ എങ്ങനെയാണു ചെലവ് ചുരുക്കല്‍ നടക്കുന്നത്?
ബില്‍ഡറുടെ പ്രോഫിറ്റ് മാര്‍ജിന്‍ കുറയ്ക്കുക, സ്ട്രക്ച്ചറല്‍ പ്ലാനിംഗില്‍ ശ്രദ്ധിക്കുക തുടങ്ങിയ കാര്യങ്ങളിലൂടെയാണ് ബഡ്ജറ്റ് ഹോമുകള്‍ നിര്‍മിക്കുന്നത്. ബില്‍ഡറുടെ പ്രോഫിറ്റ് മാര്‍ജിനില്‍ ഒരു 20 ശതമാനത്തിന്റെ കുറവ് വരുത്താന്‍ ഒരു ബില്‍ഡര്‍ തയ്യാറാകുകയാണെങ്കില്‍ വീട് നിര്‍മാണ ചെലവ് 22 ശതമാനത്തോളം കുറയ്ക്കാന്‍ സാധിക്കും. എന്നാല്‍ ഒരേ സമയം ഒന്നിലേറെ പ്രോജക്റ്റുകള്‍ കൈകാര്യം ചെയ്യുന്ന പരിചയസമ്പന്നനായ ഒരു ബില്‍ഡര്‍ക്ക് മാത്രമേ ഇത്തരത്തില്‍ ഒരു തീരുമാനമെടുക്കാന്‍ കഴിയൂ. പ്രോഫിറ്റ് മാര്‍ജിന്‍ കുറച്ച് കൂടുതല്‍ പ്രോജക്റ്റുകള്‍ ഏറ്റെടുക്കുകയാണെങ്കില്‍ ബില്‍ഡറുടെ വരുമാനത്തിലും ആ വര്‍ധനവ് കാണാനാകും.
ചെലവ് കുറയ്ക്കലിന്റെ രണ്ടാം ഘട്ടം സ്ട്രക്ച്ചറല്‍ പ്ലാനിംഗില്‍ ശ്രദ്ധിക്കുക എന്നതാണ്. അതായത് വീടിന്റെ അനാവശ്യ ആഡംബരങ്ങള്‍ ഒഴിവാക്കുക. എന്ന് കരുതി വെറുമൊരു കോണ്‍ക്രീറ്റ് കെട്ടിടം പണിയുക എന്നല്ല. അനാവശ്യമായ എലവേഷനുകള്‍ ഒഴിവാക്കുക എന്നതാണ് പ്രധാനം. സ്റ്റോണ്‍ ക്ലാഡ്ഡിംഗുകള്‍, പര്‍ഗോളകള്‍ എന്നിവ ആവശ്യത്തിലേറെ ഉപയോഗിക്കുന്ന രീതി ഒഴിവാക്കി, വീടിനു വ്യത്യസ്തമായ ലുക്ക് നല്കുന്ന ചെലവ് കുറഞ്ഞ രീതിയിലുള്ള എലവേഷനുകള്‍ സ്വീകരിക്കുക. എലവേഷനുകളില്‍ അത്യാഡംബരങ്ങള്‍ കാണിക്കുന്നത്കൊണ്ട് വീടിനകത്ത് താമസിക്കുന്നവര്‍ക്ക് പ്രത്യേകിച്ച് യാതൊരു ഗുണവുമില്ല. പകരം ഇതിന്റെ ചെലവുകള്‍ ഒഴിവാക്കാന്‍ കഴിഞ്ഞാല്‍ 30 ലക്ഷത്തിന്റെ ബഡ്ജറ്റ് നിശ്ചയിച്ചിരിക്കുന്ന വീടിന്റെ നിര്‍മാണ ചെലവില്‍ നിന്നും 6 ലക്ഷം രൂപയോളം കുറയ്ക്കാന്‍ കഴിയും.
മറ്റു സൗകര്യങ്ങളില്‍ എന്തെങ്കിലും തരത്തിലുള്ള വിട്ടുവീഴ്ചകള്‍ അനിവാര്യമാണോ ?
ഒരിക്കലുമില്ല. ഒരു കാര്യത്തിലും വിട്ടു വീഴ്ചയുടെ ആവശ്യമില്ല. പൈപ്പ് ഫിറ്റിങ്സ്, സാനിറ്ററി ഫിറ്റിങ്സ്, വയറിംഗ്, പ്ലംബിംഗ് തുടങ്ങി എല്ലാ കാര്യങ്ങളും ഉയര്‍ന്ന ഗുണമേന്മയുള്ള, വിപണിയില്‍ ലഭ്യമായ മികച്ച വസ്തുക്കള്‍ ഉപയോഗിച്ച് മാത്രമാണ് നിര്‍മിക്കുന്നത്. ഇവയ്ക്ക് വാറന്റിയുമുണ്ട്. ഇനി ലോറ വെന്‍ച്വേഴ്സ് നിര്‍മിക്കുന്ന കെട്ടിടങ്ങളുടെ കാര്യമെടുത്താല്‍ പ്ലംബിംഗ്, വയറിംഗ്, തുടങ്ങിയ കാര്യങ്ങളിലൊക്കെ ഏതെങ്കിലും വിധത്തിലുള്ള അറ്റകുറ്റപ്പണികള്‍ അനിവാര്യമായി വന്നാല്‍ അത് ഞങ്ങളുടെ ടീം തന്നെയാണ് ചെയ്യുന്നത്.
നിലവില്‍ ലോറ വെന്‍ച്വേഴ്സിന് കീഴില്‍ ഏതെല്ലാം ബഡ്ജറ്റ് ഹോം ആശയങ്ങളാണുള്ളത് ?
കോവിഡുമായി ബന്ധപ്പെട്ട് ഞങ്ങള്‍ ബഡ്ജറ്റ് ഹോം ആശയത്തില്‍ രണ്ട് വീട് നിര്‍മാണ രീതികളാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇതില്‍ ആദ്യത്തേത് 24.5 ലക്ഷം രൂപ ചെലവില്‍ 3 ബെഡ്റൂമുകളോടെ നിര്‍മിക്കുന്ന വീടുകളാണ്. മോഡുലാര്‍ ഫിറ്റ്ഔട്ട്, പോര്‍ച്ച്, തുടങ്ങി എല്ലാവിധ സൗകര്യങ്ങളോടും കൂടിയാണ് വീടിന്റെ നിര്‍മാണം. രണ്ടാമത്തേത് 13 ലക്ഷം രൂപ ചെലവില്‍ നിര്‍മിക്കുന്ന 2 ബെഡ്റൂമുകളോട് കൂടിയ വീടുകളാണ്. കേരളത്തില്‍ എവിടെയും നാല് സെന്റ് സ്ഥലം സ്വന്തമായുള്ള ഏതൊരു വ്യക്തിക്കും ഇത്തരത്തില്‍ വീടുകള്‍ നിര്‍മിച്ചു കൊടുക്കപ്പെടും.
കൂടുതല്‍ വിവരങ്ങള്‍ക്ക്: +91 98046 55555
Business
ഫുഡ് ഡെലിവറി പ്ലാറ്റ്ഫോം ക്യൂമിന് ഇനി കൊച്ചിയിലും
റൈസ്ബോട്ട്, ദ പവലിയന്, പെപ്പര്‍ തുടങ്ങിയ കൊതിയൂറും വിഭവങ്ങള്‍ ഒരു വിരല്‍ഞൊടിയില്‍

ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനി ലിമിറ്റഡിന് (ഐഎച്ച്സിഎല്‍) കീഴിലുള്ള ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ ക്യൂമിന് ഇനി മുതല്‍ കൊച്ചിയിലും ലഭ്യം.
കൊച്ചിയിലെ താജ് മലബാര്‍ റിസോര്‍ട്ട് ആന്‍ഡ് സ്പായുടെ വിഭവങ്ങള്‍ ഇനി വീട്ടിലും ലഭ്യമാകും. ഇതിനാണ് ക്യൂമിന് അവസരമൊരുക്കുന്നത്.
റൈസ്ബോട്ട്, ദ പവലിയന്, പെപ്പര്‍ തുടങ്ങിയ കൊതിയൂറും വിഭവങ്ങള്‍ ഒരു വിരല്‍ഞൊടിയില്‍ വീട്ടിലെത്താനുള്ള അവസരമാണ് ഒരുക്കുന്നതെന്ന് ക്യൂമിന് പറഞ്ഞു.
താജ് മലബാറിലെ വിഭവങ്ങള്‍ക്ക് പ്രിയമേറിയതിനാല്‍ കൊച്ചിയിലും ക്യൂമിന് ആരംഭിക്കുകയാണെന്ന് താജ് മലബാര്‍ എന്ന് താജ് മലബാര്‍ റിസോര്‍ട്ട് ആന്‍ഡ് സ്പാ ജനറല്‍ മാനേജര്‍ സിബി മാത്യു പറഞ്ഞു.
റൈസ്ബോട്ടില്‍നിന്നുള്ള പ്രോണ്‍സ് ഉലര്‍ത്തിയത്, മീന്‍ പൊള്ളിച്ചത്, ദ പവലിയനിലെ ഡ്രാഗണ്‍ ചിക്കന്‍, പെപ്പറിലെ കാഷ്മീരി ലാംബ് റോഗന്‍ ജോഷ് തുടങ്ങിയ വിഭവങ്ങളാണ് മനുവിലുള്ളത്.
-
Business2 weeks ago
കോവിഡ്; തിരിച്ചു വന്ന 30 പ്രവാസികളുടെ കിടിലന്‍ മല്‍സ്യ-മാംസ സംരംഭം
-
Business2 weeks ago
‘ശബ്ദം’ കേള്‍ക്കാന്‍ കാശ് നല്കിയാലെന്താ പ്രശ്നം?
-
Entertainment3 weeks ago
നേരും നെറിവുമുള്ള മറ്റൊരു കള്ളന്റെ കഥ സിനിമയാകുന്നു
-
Home1 week ago
കോവിഡിനിടയിലും ലക്ഷ്യമിട്ട 500 ഭവനങ്ങളുടെ നിര്‍മാണം പൂര്‍ത്തീകരിച്ച് അസറ്റ് ഹോംസ്
-
Entertainment4 weeks ago
ലവ് ക്ലിക്സ് – കായല്റിസോര്ട്ടിലെ ബ്രൈഡല്‍ ഷൂട്ടില്‍ സംഭവിച്ചത് മ്യൂസിക്കലായപ്പോള്
-
Business7 days ago
ആരോഗ്യ പരിചരണത്തിന് ആദിത്യ ബിര്‍ളയുമായി ചേര്‍ന്ന് യെസ് ബാങ്ക് വെല്‍നസ് ക്രെഡിറ്റ് കാര്‍ഡ് അവതരിപ്പിച്ചു
-
Business24 hours ago
കള്ളിയത്ത് ടി.എം.ടിക്ക് ഇന്ത്യ 5000 ബെസ്റ്റ് അവാര്‍ഡ്
-
Business5 hours ago
എ പ്ലസ്; സമാനതകളില്ലാത്ത ഡിറ്റര്‍ജെന്റ് ബ്രാന്‍ഡ്