0 0
Read Time:7 Minute, 0 Second

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി മോഹന്‍ലാല്‍ കൂടിക്കാഴ്ച്ച നടത്തിയ ചിത്രങ്ങള്‍ പുറത്തുവന്നതു മുതല്‍ മഹാനടന്റെ രാഷ്ട്രീയപ്രവേശം സംബന്ധിച്ച വാര്‍ത്തകള്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ സജീവചര്‍ച്ചയാവുകയാണ്. തിരുവനന്തപുരം മണ്ഡലത്തില്‍ ശശി തരൂരിനെതിരെ മോഹന്‍ലാലിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ആര്‍എസ്എസ് ശ്രമിക്കുന്നുണ്ടെന്ന് ഒരു ഇംഗ്ലീഷ് പത്രത്തില്‍ റിപ്പോര്‍ട്ട് വന്നതോടെ ചര്‍ച്ചകള്‍ക്ക് ഗൗരവമേറി.

വാര്‍ത്തയോട് മോഹന്‍ലാലുമായി ബന്ധപ്പെട്ട വൃത്തങ്ങളും ബിജെപിയുമെല്ലാം കൃത്യമായ അകലം പാലിക്കുന്നുണ്ട്. എന്നാല്‍ രാഷ്ട്രീയ സ്വയംസേവക സംഘ(ആര്‍എസ്എസ്)ത്തിന്റെ പേര് വെളിപ്പെടുത്താത്ത സ്രോതസ്സുകളെ ഉദ്ധരിച്ചാണ് ഇംഗ്ലീഷ് പത്രം വാര്‍ത്ത നല്‍കിയിരിക്കുന്നത്.

Advertisement

ലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷനുമായി ബന്ധപ്പെട്ട പരിപാടിക്ക് ക്ഷണിക്കാനായിരുന്നു അദ്ദേഹം പ്രധാനമന്ത്രിയെ കണ്ടെതെന്നാണ് റിപ്പോര്‍ട്ടുകള്‍. വിശ്വശാന്തി ഫൗണ്ടേഷനിലൂടെ സാമൂഹ്യ പ്രവര്‍ത്തനരംഗത്ത് അടിത്തറയിട്ട് പുതിയൊരു ഇന്നിംഗ്‌സിനുള്ള പുറപ്പാടിലാണ് ലാല്‍ എന്നും പലരും വിവക്ഷിച്ച് തുടങ്ങിയിട്ടുണ്ട്.

മത്സരിക്കുമോ?

തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ മോഹന്‍ലാലിനെ മല്‍സരിപ്പിക്കാന്‍ സംഘപരിവാറിലെ ഒരു വിഭാഗത്തിന് വലിയ താല്‍പ്പര്യമുണ്ടെന്നതില്‍ വാസ്തവമുണ്ട്. എന്നാല്‍ താരം ഇപ്പോഴും ഇതിന് സമ്മതിച്ചിട്ടില്ലെന്നാണ് വിവരം. അതുകൊണ്ടുതന്നെ ആര്‍എസ്എസിന് താല്‍പ്പര്യമുണ്ട് എന്നതിനപ്പുറത്തേക്ക് മല്‍സരവുമായി ബന്ധപ്പെട്ട വിഷയത്തില്‍ കാര്യമായ പുരോഗതിയുണ്ടാകാന്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ സാധ്യത കുറവാണ്.

വിശ്വശാന്തി!

അതേസമയം മോഹന്‍ലാലിന്റെ രാഷ്ട്രീയ പക്ഷത്തെ കുറിച്ചുള്ള വിലയിരുത്തലുകളില്‍ അത് ദേശീയതയോട് ചേര്‍ന്ന് നില്‍ക്കുന്നതാണെന്ന വാദമാണ് പലരും ഉയര്‍ത്തുന്നത്. ആര്‍എസ്എസ് മുന്നോട്ടുവെ ക്കുന്ന ദേശീയവാദ പ്രത്യയശാസ്ത്രത്തിനോടും സാംസ്‌കാരിക വാദങ്ങളോടും ലാലിന്റെ പല നിലപാടുകളെയും പ്രവൃത്തികളെയും ചേര്‍ത്തുവെക്കാനുള്ള ശ്രമങ്ങള്‍ കേരളത്തില്‍ പ്രകടമായിട്ടുമുണ്ട്.

വിശ്വശാന്തി ഫൗണ്ടേഷന്‍ എന്ന സന്നദ്ധ സംഘടനയാണ് അതില്‍ ഒടുവിലത്തേത്. ലാലിന്റെ മാതാപിതാക്കളുടെ പേരിലുള്ള വിശ്വശാന്തി ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ അടുത്ത കാലത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വയനാട്ടിലെ ദുരിതബാധിത പ്രദേശങ്ങളില്‍ ഇവര്‍ കൈത്താങ്ങുമായി എത്തിയിരുന്നു. ആര്‍എസ്എസിന്റെ നിയന്ത്രണത്തിലുള്ള സേവാഭാരതി വിശ്വശാന്തി ഫൗണ്ടേഷനുമായി സഹകരിച്ച് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നതായി റിപ്പോര്‍ട്ടുകളും വന്നിരുന്നു.

ശക്തമായ ആര്‍എസ്എസ് ചിന്താപദ്ധതിയുള്ള വ്യക്തികളാണ് വിശ്വശാന്തി ഫൗണ്ടേഷന്റെ നേതൃനിരയിലുള്ളത്. ഇക്കഴിഞ്ഞ ജനുവരി മാസത്തില്‍ മോഹന്‍ലാല്‍ രക്ഷാധികാരിയായുള്ള വിശ്വശാന്തി ട്രസ്റ്റിന്റെ യോഗം ആലുവയില്‍ ചേര്‍ന്നതിന്റെ വാര്‍ത്ത നേരത്തെ വലിയ സോഷ്യല്‍ മീഡിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. പ്രാന്തപ്രചാരക് ഹരികൃഷ്ണന്‍, സേവാപ്രമുഖ് വിനോദ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ സംഘചാലക് പിഇബി മേനോന്റെ ആലുവയിലെ വസതിയിലായിരുന്നു യോഗമെന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റില്‍ ജെ നന്ദകുമാര്‍ വ്യക്തമാക്കിയത്.

ഏത് ദിശയിലൂടെയാണ് മോഹന്‍ലാല്‍ അടുത്ത ഘട്ടത്തില്‍ സഞ്ചരിക്കുകയെന്നതിന്റെ ദിശാസൂചകമായി പലരും ഇതിനെ വിലയിരുത്തുകയും ചെയ്തു. ഇപ്പോള്‍ വിശ്വശാന്തി ഫൗണ്ടേഷനായി അദ്ദേഹം പ്രധാനമന്ത്രിയെ കൂടി കണ്ടതോടെ ഒരു കാര്യം ഉറപ്പായിരിക്കുകയാണ്. കൃത്യമായ സാമൂഹ്യ ഇടപെടലുകള്‍ നടത്താന്‍ ലാല്‍ തയാറെടുക്കുന്നുണ്ട്. വയനാട്ടില്‍ കാന്‍സര്‍ കെയര്‍ കേന്ദ്രം തുടങ്ങുന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍  പ്രധാനമന്ത്രിയുമായി ചര്‍ച്ച ചെയ്‌തെന്ന് ലാല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുകയും ചെയ്തു. ഒപ്പം വിശ്വശാന്തി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ നടക്കുമെന്ന് കരുതുന്ന പുതിയ കേരളത്തിനായുള്ള ആഗോള മലയാളികളുടെ റൗണ്ട് ടേബിള്‍ കോണ്‍ഫറന്‍സില്‍ മോദി പങ്കെടുക്കാനും സാധ്യതയുണ്ട്.

ഈ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിച്ചാലും ഇല്ലെങ്കിലും മോഹന്‍ലാലിന്റെ അടുത്ത ഇന്നിംഗ്‌സിനായുള്ള സാമൂഹ്യഅടിത്തറയെന്ന നിലയില്‍ തന്നെ വിശ്വശാന്തി ഫൗണ്ടേഷനെ വിലയിരുത്തുന്നതിലേക്കാണ് കാര്യങ്ങള്‍ എത്തുന്നത്. ആര്‍എസ്എസ് നേതാക്കളുടെ സാന്നിധ്യവും സേവാ ഭാരതിയുമെല്ലാം കൃത്യമായ ആവരണങ്ങളും അതിന് നല്‍കുന്നുണ്ട്. എന്തായാലും ലാലിന്റെ സാമൂഹ്യ ഇടപെടലുകള്‍ കൂടുതല്‍ ക്രിയാത്മകമായി മാറുമെന്ന് തന്നെയാണ് നിലവിലെ സംഭവവികാസങ്ങളില്‍ നിന്നും എത്തിച്ചേരാവുന്ന വിലയിരുത്തല്‍.

Media Ink

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Media Ink

By Media Ink

Media Ink is a digitally native news website in Malayalam language