0 0
Read Time:4 Minute, 12 Second

പ്രചോദനാത്മകമാകണം കഥകള്‍. അതാണ് ഹരേക്കള ഹജബ്ബ എന്ന സാധാരണക്കാരില്‍ സാധാരണക്കാരന്റെ ജീവിതവും പഠിപ്പിക്കുന്നത്. അക്ഷരങ്ങളുടെ സന്യാസിയെന്നാണ് ഓറഞ്ച് വില്‍പ്പനക്കാരനായിരുന്നു ഹരേക്കള ഹജബ്ബയെ കര്‍ണാടകയിലെ ന്യൂ പപ്ഡു ഗ്രാമം മുഴുവന്‍ വിളിക്കുന്നത്. അയാള്‍ തെരുവില്‍ കഷ്ടപ്പെട്ട് ഓറഞ്ച് വിറ്റ് പണമുണ്ടാക്കിയത് ഗ്രാമത്തിലെ കുട്ടികള്‍ക്ക് പഠിക്കാനായി സ്‌കൂളുണ്ടാക്കാനായിരുന്നു.

ഹിജബ്ബ ഒരിക്കലും സ്‌കൂളില്‍ പോയിട്ടില്ല. പഠിച്ചിട്ടുമില്ല. ഒരു ദിവസം രണ്ട് വിദേശികള്‍ ഈ മനുഷ്യന്റെ പക്കല്‍ നിന്നും ഓറഞ്ച് വാങ്ങാന്‍ വന്നു. കാശ് ചോദിച്ചപ്പോള്‍ ഇംഗ്ലീഷ് ഭാഷ ഹിജബ്ബയ്ക്ക് മനസിലായില്ല. സ്വയം വല്ലാതെ നാണിച്ചുപോയി. അന്ന് മുതല്‍ അയാളുടെ ജീവിതത്തിന് ഒരു ലക്ഷ്യമുണ്ടായി. ഓറഞ്ച് കച്ചവടം മഹത്തായ ഒരു മുന്നേറ്റത്തിന് അവിടെ വഴി തുറന്നു.

Advertisement

ഗ്രാമത്തിലെ പാവപ്പെട്ട കുട്ടികള്‍ക്ക് പഠിക്കാനായി ഒരു സ്‌കൂള്‍ ഉണ്ടാക്കാന്‍ അങ്ങനെ അയാള്‍ തീരുമാനിച്ചു. അവര്‍ വിദ്യാഭ്യാസം നേടണമെന്നും എങ്കിലേ സമൂഹത്തില്‍ മാറ്റി നിര്‍ത്തപ്പെടാതെയിരിക്കൂവെന്നും ഹജബ്ബ തിരിച്ചറിഞ്ഞു. അതിനുള്ള പ്രയത്‌നമായിരുന്നു പിന്നീട്.

ഭാര്യയും മൂന്ന് കുട്ടികളുമുണ്ടായിരുന്നു അയാള്‍ക്ക്. എന്നാല്‍ ഓറഞ്ച് വിറ്റ് കിട്ടുന്ന കാശ് അവര്‍ക്കായല്ല അയാള്‍ കരുതി വെച്ചത്. മറിച്ച് ആ സ്‌കൂളിനായിരുന്നു. ആദ്യം അയാളെ കുറ്റപ്പെടുത്തിയ കുടുംബം പിന്നീട് കൂടെനിന്നു. അങ്ങനെയാണ് ഒരു മദ്രസയോട് ചേര്‍ന്ന് 28 കുട്ടികളുമായി ഒരു ചെറിയ സ്‌കൂളിന് സജ്ജീകരണമൊരുക്കാന്‍ 1999ല്‍ ഹജബ്ബയ്ക്ക് സാധിച്ചത്.

കിട്ടുന്ന ഓരോ ചില്ലിക്കാശും കളയാതെ അയാള്‍ സൂക്ഷിച്ചു. കുട്ടികളുടെ എണ്ണം കൂടിയപ്പോള്‍ നല്ലൊരു സ്‌കൂള്‍ കെട്ടിടവും മറ്റും വേണമെന്ന് അയാള്‍ക്ക് മനസിലായി. അങ്ങനെ 2004ല്‍ 50 സെന്റ് സ്ഥലം വാങ്ങി. എന്നാല്‍ സ്‌കൂള്‍ കെട്ടിപ്പൊക്കാന്‍ ആ പൈസ മതിയാകില്ലായിരുന്നു. പിന്നെ പണം ചോദിച്ച് രാഷ്ട്രീയക്കാരുടെയും സമ്പന്നരുടെയും എല്ലാം വീട്ടുപടിക്കല്‍ കൈ നീട്ടി. പല ദുരനുഭവങ്ങളുമുണ്ടായി.

സ്‌കൂള്‍ കെട്ടാന്‍ ഫണ്ട് ചോദിച്ച് ഒരു സമ്പന്നന്റെ വീട്ടില്‍ ചെന്നപ്പോള്‍ അയാളുടെ നായ്ക്കളെ അഴിച്ചു വിടുകയായിരുന്നു ചെയ്തത്. ചില മാധ്യമങ്ങളില്‍ ഹജബ്ബയുടെ കഥ വന്നു. സിഎന്‍എന്‍ ഐബിഎന്‍ ചാനല്‍ ഹജബ്ബയെ തങ്ങളുടെ റിയല്‍ ഹീറോസ് അവാര്‍ഡില്‍ നോമിനേറ്റ് ചെയ്തു. അത് വഴിത്തിരിവായി. അവാര്‍ഡ് തുക 5 ലക്ഷം രൂപയായിരുന്നു. അത് മുഴുവനും സ്‌കൂളിനായി ഉപയോഗിച്ചു.

കഥയും ഈ മുന്നേറ്റവും ലോകമറിഞ്ഞപ്പോള്‍ നിരവധി പേര്‍ ഫണ്ടുമായി എത്തി. ഇന്ന് ഒന്നര ഏക്കറില്‍ ്‌സകൂള്‍ സ്ഥിതി ചെയ്യുന്നു. 150ലധികം കുട്ടികള്‍ പഠിക്കുന്നു. പ്രൈമറി സ്‌കൂളായി തുടങ്ങിയ സ്ഥാപനം സെക്കന്‍ഡറി സ്‌കൂളായി ഉയര്‍ത്തി. ഒരു ഓറഞ്ച് കച്ചവടക്കാരന്റെ ഇമ്മിണി വലിയ സ്‌കൂള്‍.

Media Ink

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Media Ink

By Media Ink

Media Ink is a digitally native news website in Malayalam language