0 0
Read Time:5 Minute, 25 Second

ഇത് അപ്പുവിന്റെ കഥയാണ്. വയനാട് മാതമംഗലം സ്വദേശിയായ സൂരജ് എന്ന അപ്പുവിന്റെ കഥ. വളരെ ചെറിയ പ്രായം മുതൽക്കു തന്നെ കൃഷിയിൽ താല്പര്യമുള്ള അപ്പുവിനെ നാടും നാട്ടുകാരും പലകുറി അനുമോദിച്ചതാണ്. ആ പ്രോത്സാഹനം തന്നെയാണ് ഈ കുട്ടിക്കർഷകന്റെ വളർച്ചയ്ക്ക് നിദാനമായതും.

ഇപ്പോൾ അപ്പു എന്ന സൂരജിന് വയസ് 20, കേരളത്തിന്റെ ഭക്ഷ്യ ഭൂപടത്തിൽ സൂരജ് ഇടം പിടിക്കുന്നത് സ്വന്തം പേരിൽ ബ്രാൻഡ് ചെയ്ത വിപണിയിൽ എത്തിച്ച ഓർഗാനിക് പച്ചക്കറികളിലൂടെയാണ്. തക്കാളി, വഴുതന, വെണ്ടയ്ക്ക , പാവയ്ക്ക എന്ന് വേണ്ട വിഷം ചേർക്കാത്ത എല്ലാ വിധം പച്ചക്കറികളും അപ്പുവിന്റെ കൃഷിയിടത്തിൽ നമുക്ക് കാണാം

Advertisement

അവിടെ നിന്നും പൂർണമായും ഓർഗാനിക് ആയ ഈ ഉത്പ്പന്നങ്ങൾ വിപണിയിൽ എത്തുമ്പോൾ, തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച മുഹൂർത്തങ്ങളിൽ ഒന്നിനാണ് ഈ കുട്ടിക്കർഷകൻ സാക്ഷ്യം വഹിക്കുന്നത്.

സ്‌കൂളിൽ പഠിക്കുന്ന കാലം മുതൽക്കു തന്നെ കൃഷിയിൽ സജീവമാണ് സൂരജ്.ക്ളാസുവിട്ടു വന്ന ശേഷം കുട്ടികൾ എല്ലാവരും കളിക്കളത്തിലേക്ക് ഇറങ്ങുമ്പോൾ സൂരജ്, കൈൽ തൂമ്പയുമായി കൃഷിയിടത്തിലേക്ക് ഇറങ്ങും. സംസ്ഥാനസര്‍ക്കാരിന്റെ ഏറ്റവും മികച്ച വിദ്യാര്‍ത്ഥി കര്‍ഷകനുളള കർഷക പ്രതിഭ അവാര്‍ഡും സൂരജ് സ്വന്തമാക്കിയിട്ടുണ്ട്.

പഠനവും കൃഷിയും ഒരുമിച്ചുകൊണ്ടു പോകണം എന്നാഗ്രഹിക്കുന്ന ഈ കർഷകൻ, സൈബർ ലോകത്ത് ഇടം നേടുന്നത് തന്റെ ഫേസ്ബുക്ക് പേജിലൂടെ കീടനാശിനികളുടെ ദോഷവശങ്ങള്‍ ഉയര്‍ത്തിക്കാട്ടി ആരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ വളര്‍ത്തിയെടുക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ജനങ്ങളെ ബോധവത്കരിക്കരിച്ചുകൊണ്ടാണ്.

അഞ്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു വേനലവധിക്കാലത്ത് സുല്‍ത്താന്‍ബത്തേരിയില്‍ വച്ച് നടന്ന ചെലവില്ലാത്ത കൃഷിരീതിയെ കുറിച്ചുളള ഒരു കാര്‍ഷിക സെമിനാറാണ് സൂരജിനെ കൃഷിയുമായി കൂടുതല്‍ അടുപ്പിച്ചത്. പ്രമുഖ കാര്‍ഷികശാസ്ത്രജ്ഞന്‍ സുഭാഷ് പലേക്കറായിരുന്നു അന്ന് നടന്ന സെമിനാറിലെ മുഖ്യ പ്രഭാഷകന്‍. കാര്‍ഷികരംഗത്തെ നൂതന കൃഷിരീതികളെ കുറിച്ച് മനസ്സിലാക്കാന്‍ സൂരജിനെ ഇത് വളരെയധികം സഹായിച്ചു.

സെമിനാർ കഴിഞ്ഞു തിരിച്ചെത്തിയ സൂരജിന്റെ ചിന്ത പൂർണമായും കൃഷിയിലേക്ക് തിരിഞ്ഞു. തന്റെ കൃഷിയിടത്തില്‍ രാസവളങ്ങളോ കീടനാശിനികളോ ഉപയോഗിക്കില്ലെന്നും ദൃഢനിശ്ചയമെടുത്തുകൊണ്ടാണ് സൂരജ് തന്റെ കൃഷിയിടത്തിൽ ആദ്യത്തെ വിത്ത് വിതച്ചത്.

കാബേജ്, പാവയ്ക്ക, ചേന, തക്കാളി, കാപ്‌സിക്കം, ബീന്‍സ്, പച്ചമുളക്, കാരറ്റ്, ബീറ്റ്‌റൂട്ട്, ഉരുളക്കിഴങ്ങ്, നേന്ത്രക്കായ തുടങ്ങി വിവിധയിനം പച്ചക്കറികളാണ് നാല് ഏക്കറോളം വരുന്ന സൂരജിന്റെ കൃഷിയിടത്തില്‍ വിളയുന്നത്. ഇതിനു പുറമേ ഓറഞ്ചും റംബൂട്ടാനും പാഷന്‍ഫ്രൂട്ടും മാംഗോസ്റ്റീനും ഉള്‍പ്പടെ 50 ഇനം പഴവര്‍ഗങ്ങളും 60 ഇനം ഔഷധച്ചെടികളും സൂരജിന്റെ കൃഷിയിടത്തില്‍ വളരുന്നു.

തുടക്കക്കാരായ കൃഷിക്കാർക്ക് വേഗത്തില്‍ വളരുന്നതും പരിപാലിക്കാന്‍ എളുപ്പമുളളതുമായ പച്ചമുളകും തക്കാളിയുമാണ് കൂടുതല്‍ നല്ലതെന്നാണ് സൂരജിന്റെ അഭിപ്രായം. ജലം കൂടുതല്‍ ചെലവാകാതിരിക്കാനായി കൃഷിയിടത്തില്‍ ഡ്രിപ്പ് ഇറിഗേഷനോ സ്പ്രിംഗലര്‍ രീതിയോ പിന്തുടരണം എന്നും സൂരജ് പറയുന്നു.

പലരാജ്യങ്ങളിലും നിരോധിച്ച മോണോക്രോറ്റോഫോസ് അടക്കമുളള വിഷം നിറഞ്ഞ കീടനാശിനികളാണ് വ്യാവസായിക അടിസ്ഥാനത്തിൽ കൃഷി നടത്തുന്ന പല കർഷകരും ഉപയോഗിക്കുന്നത്. അതിനാൽ തന്നെ ഓർഗാനിക് കൃഷിക്കും ഉൽപ്പങ്ങൾക്കും വിപണി കണ്ടെത്താൻ എളുപ്പമാണ് എന്ന ചിന്തയാണ് ഈ കുട്ടികർഷകനെ സൂരജ് ഓർഗാനിക് വെജിറ്റബിൾസ് ഇറക്കുന്നതിനു പ്രേരിപ്പിച്ചത്. ഓര്‍ഗാനിക് ഫാമിംഗില്‍ റിസര്‍ച്ച് നടത്തണമെന്നാണ് സൂരജിന്റെ ആഗ്രഹം.

Media Ink

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Media Ink

By Media Ink

Media Ink is a digitally native news website in Malayalam language