0 0
Read Time:7 Minute, 28 Second

ഒരു സ്ത്രീയുടെ ജീവിതത്തിൽ വളരെക്കുറച്ച് തവണ മാത്രം സംഭവിക്കുന്ന ഒരു കാര്യമാണ് ഗർഭധാരണം. എങ്കിലും അതിനുള്ള തയ്യാറെടുപ്പ് എല്ലായ്പ്പോഴും സംഭവിക്കുന്നുണ്ട്. ഗർഭധാരണത്തിൽ അമ്മയുടെ പങ്കാണല്ലോ അണ്ഡം (ovum). ഒരു പെൺകുഞ്ഞ് ജനിക്കുമ്പോൾ തന്നെ അവളുടെ ജീവിതകാലത്തേയ്ക്ക് ആവശ്യമായ മുഴുവൻ അണ്ഡങ്ങളും പാതി പക്വമായ അവസ്ഥയിൽ ആ കുട്ടിയുടെ അണ്ഡാശയത്തിൽ ഉണ്ടായിരിയ്ക്കും.

പെൺകുട്ടി പ്രായപൂർത്തി ആകുന്നതോടെ, ആ അണ്ഡങ്ങളിൽ കുറെച്ചെണ്ണം എല്ലാ മാസവും പൂർണ്ണ വളർച്ച്യ്ക്ക് ശ്രമിച്ചു തുടങ്ങും. എന്നാൽ ഇതിൽ മിക്കവാറും ഒന്ന് അല്ലെങ്കിൽ രണ്ട് എണ്ണമേ പൂർണ്ണസ്ഥിതിയിൽ എത്തി അണ്ഡാശയത്തിൽ നിന്നും പുറത്തുകടക്കൂ. ഇങ്ങനെ പുറത്തുവരുന്ന അണ്ഡം, ആൺ ബീജവുമായി ചേർന്ന് , ഗർഭാശയഭിത്തിയിൽ ഉറച്ച് വളർന്ന് ഭ്രൂണമായിത്തീരുന്നു.

Advertisement

അണ്ഡം വളർച്ച പ്രാപിക്കുന്നതിനൊപ്പം, ഭ്രൂണത്തെ സ്വീകരിക്കാൻ പാകത്തിൽ ഗർഭാശയവും തയ്യാറാകുന്നു. ഗർഭാശയത്തിന്റെ ഉൾഭിത്തി (endometrium) കട്ടിവെയ്ക്കുന്നതാണ് ഇതിൽ പ്രധാനം. എന്നാൽ നമുക്കറിയാം, ഗർഭധാരണം അപൂർവ്വമായി മാത്രം സംഭവിക്കുന്ന ഒന്നാണെന്ന്. അതിനാൽ ഗർഭധാരണം സംഭവിക്കാത്ത സമയങ്ങളിൽ, ഇപ്രകാരം വളർന്നു കട്ടിവെച്ച ഗർഭാശയത്തിന്റെ ഉൾഭിത്തി അടർന്ന് രക്തവുമായി പുറം തള്ളുന്നു. അതാണ് ആർത്തവം.

അണ്ഡം വളരുന്നത് ഉൾപ്പടെയുള്ള പ്രവർത്തനങ്ങൾ അനവധി കാര്യങ്ങളുടെ നിയന്ത്രണത്തിൽ ആണ് സംഭവിക്കുന്നത്. പല വിധ ഹോർമോണുകളും ഇതിൽ ഇടപെടുന്നു. ഇവയുടെ ഒക്കെ ലഭ്യതയ്ക്കും സന്തുലിത പ്രവർത്തനങ്ങൾക്കും തലച്ചോൾ ഉൾപ്പടെ വിവിധ അവയവങ്ങളുടെ പക്വത ആവശ്യമാണ്. ആയതിനാലാണ് ഒരു പെൺകുട്ടി അണ്ഡങ്ങളുമായാണ് ജനിക്കുന്നതെങ്കിലും ആർത്തവം ആരംഭിക്കാൻ ഒരു പ്രായം വരെ താമസിക്കുന്നത്.
പെൺകുട്ടികൾക്ക് ശരാശരി 12 വയസ്സിൽ (9-15 വയസ്സിൽ) ആർത്തവം ആരംഭിക്കും.

ആർത്തവം തുടങ്ങുന്നതിനു മുന്നേ തന്നെ കക്ഷത്തിലും സ്വകാര്യഭാഗങ്ങളിലും രോമവളർച്ച, സ്തനവളർച്ച എന്നിവ ആരംഭിക്കും. 13 വയസ്സ് കഴിഞ്ഞിട്ടും ഈ വക ലക്ഷണങ്ങൾ ഒന്നും കാണാതിരിയ്ക്കുക, ഇവയൊക്കെ ഉണ്ടായിട്ടും 16 വയസ്സ് കഴിഞ്ഞിട്ടും ആർത്തവം ആരംഭിക്കാതിരിയ്ക്കുക ഇതൊക്കെ അസ്വഭാവികമാണ്. അങ്ങിനെ വരുന്ന പക്ഷം വൈദ്യസഹായം തേടേണ്ടതാണ്. വളരെ നേരത്തെ ആർത്തവം ആരംഭിക്കുന്നതും പരിശോധിപ്പിക്കേണ്ടതാണ്.

ഒരു ആർത്തവത്തിന്റെ ആദ്യദിനം മുതൽ അടുത്ത ആർത്തവത്തിന്റെ ആദ്യ ദിനം വരെയുള്ള സമയമാണ് ഒരു ആർത്തവചക്രം. സാധാരണഗതിയിൽ ഇത് ഏകദേശം ഒരു മാസം ആയിരിയ്ക്കും. 21 മുതൽ 35 വരെ ദിവസങ്ങൾ സ്വാഭാവികമായി പരിഗണിക്കാം. എന്നാൽ ആർത്തവാരംഭത്തിലുള്ള കുട്ടികൾക്ക് നാളുകളോളം ഇത് കൃത്യമായി എന്നു വരില്ല. നേരത്തെ പറഞ്ഞതുപോലെ, അവയവങ്ങളുടെ പക്വത ആകുന്നതിനുള്ള താമസത്താലാണിങ്ങനെ സംഭവിക്കുന്നത്.

ഇടയ്ക്കൊക്കെ ആർത്തവചക്രത്തിനു വ്യത്യാസം വരുന്നത് ഗൗരവമായ കാരണങ്ങൾ കൊണ്ടാവണമെന്നില്ല. എന്നാൽ തുടർച്ചയായി മൂന്നു തവണയിലധികം 21-35 ദിവസങ്ങൾക്ക് പുറത്ത് പോകുന്നത് സ്വാഭാവികമാവണം എന്നില്ല. ആ സാഹചര്യങ്ങളിൽ ഒരു ഡോക്ടറെ കാണുന്നതായിരിയ്ക്കും നല്ലത്.
4-7 ദിവസം നീണ്ടുനിൽക്കുന്ന രക്തസ്രാവം സാധാരണമായി കണക്കാക്കാം. എന്നാലും ഈ കാലയളവിൽ തന്നെ രക്തനഷ്ടം അമിതമായെന്നുംവരാം. ഓരോരുത്തരും ഇത് വ്യക്തിപരമായി വിലയിരുത്തുന്നതാണ് നല്ലത്. രക്തനഷ്ടം അധികമാണെന്ന് തോന്നുന്ന പക്ഷം ഡോക്ടറെ കാണുന്നത് അത്യാവശ്യമാണ്. ആർത്തവരക്തം കട്ടിപിടിച്ച് വരുന്നത് അധികനഷ്ടത്തിന്റെ ലക്ഷണമാണ്.

ആർത്തവത്തിനു മുൻപുള്ള ദിവസങ്ങളിൽ പലർക്കും ഉത്ഘണ്ഠ, ദേഷ്യം, സ്തനങ്ങൾക്ക് വേദന, ശരീരത്തിന് ചീർപ്പ് മുതലായ ലക്ഷണങ്ങൾ ഉണ്ടാവാറുണ്ട്. ഇതിലും അസ്വഭാവികമായി ഒന്നുമില്ല. എന്നാൽ ഈ ലക്ഷണങ്ങൾ അവരവരുടെ ദൈനംദിനകൃത്യങ്ങളെ ബാധിക്കുന്നുണ്ടെങ്കിൽ അശ്വാസത്തിനുള്ള ചികിത്സകൾ ലഭ്യമാണ്. വ്യായാമങ്ങൾ, ഭക്ഷണക്രമീകരണങ്ങൾ, മരുന്നുകൾ ഒക്കെ ഗുണം ചെയ്യും.

ആർത്തവം സംബന്ധിചുള്ള ഒരു പ്രധാന പ്രശ്നമാണ് വേദന. ചെറുപ്പക്കാരിൽ സാധാരണ കണ്ടുവരുന്ന വേദനയുടെ കാരണം, ഗർഭപാത്രത്തിനു സമീപം ഉത്പാദിപ്പിക്കപ്പെടുന്ന ചില രാസവസ്തുക്കളുടെ അമിത പ്രഭാവമാണ്. ഇത്തരം വേദന ചിലപ്പോൾ അതി കഠിനമാവാമെങ്കിലും ആദ്യത്തെ ഒന്നോ കൂടിയാൽ രണ്ടോ ദിവസം കൊണ്ട് മാറാറുണ്ട്. വേദനയുടെ പ്രതികരണമായി തലചുറ്റൽ, ഛർദ്ദി, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാവാം.

മാസത്തിന്റെ ഏതാണ്ട് മദ്ധ്യസമയത്ത് ചെറിയ വേദന വരുന്നതും, ചെറിയ രീതിയിൽ രക്തം പൊടിയുന്നതും അണ്ഡം പൊട്ടിയിറങ്ങുന്നതിന്റെ (ovulation) ലക്ഷണങ്ങൾ ആണ്.

ഏകദേശം നാൽപ്പതുകളുടെ മദ്ധ്യത്തോടെ മിക്കവാറും സ്ത്രീകൾക്ക് ആർത്തവവിരാമത്തിന്റെ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങും. ആർത്തവത്തിന്റെ ക്രമം തെറ്റലാണ് പ്രധാനം. അത്യപൂർവ്വമായേ ഒരു തവണ പെട്ടെന്നില്ലാതായി ആർത്തവ വിരാമം സംഭവിക്കാറുള്ളൂ. ഒന്നോ അതിലധികമോ മാസങ്ങളിൽ മാസമുറ ഇല്ലാതിരുന്നിട്ട് അമിതമായി രക്തസ്രാവം ഉണ്ടാവുന്നത് പതിവാണ്.

40 വയസിനുശേഷമുള്ള അമിത രക്തസ്രാവം ഗൗരവത്തോടെ കാണേണ്ടതും, കുഴപ്പം ഒന്നും ഇല്ല എന്ന് ഉറപ്പ് വരുത്തേണ്ടതും ആണ്. അതുകൊണ്ട്, ആ സമയത്തുള്ള വ്യതിയാനങ്ങൾ ആർത്തവവിരാമത്തിന്റേതാവും എന്ന് സ്വയം ആശ്വസിച്ച് ഇരിക്കരുത്. വൈദ്യപരിശോധന ചെയ്യിക്കേണ്ടതാണ്.

Media Ink

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Media Ink

By Media Ink

Media Ink is a digitally native news website in Malayalam language