Opinion
റഫേലിന്റെ വരവ്; അതിര്‍ത്തിയില്‍ അഡ്വാന്റേജ് ഇന്ത്യ
ചൈനയുടെ നീക്കങ്ങള്‍ പ്രവചനാതീതമാണെങ്കിലും 1962 ലേതുപോലെ ഒരു യുദ്ധത്തിലേക്ക് ഈ സംഘര്‍ഷം നീങ്ങാനുള്ള സാധ്യത അനുദിനം വിരളമായിക്കൊണ്ടിരിക്കുന്നു എന്നതാണ് വാസ്തവം

യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ (എല്‍എസി) ഇന്ത്യയും ചൈനയും തമ്മില്‍ മുഖാമുഖം നിലയുറപ്പിച്ചിട്ട് 100 ദിനരാത്രങ്ങള്‍ പിന്നിട്ടിരിക്കുന്നു. ഇന്ത്യയുടെ വടക്കുകിഴക്കന്‍ അതിര്‍ത്തിയില്‍ ഗാല്‍വാന്‍ താഴ്വര മുതല്‍ ഡെംചോക് വരെയുള്ള വിവിധ പ്രദേശങ്ങളിലാണ് വമ്പന്‍ യുദ്ധസന്നാഹങ്ങളൊരുക്കി ഇരു സൈന്യങ്ങളും കാത്തിരിക്കുന്നത്.
സൈനികോദ്യോഗസ്ഥ തലത്തില്‍ തുടരുന്ന ചര്‍ച്ചകള്‍ ഇതുവരെ പൂര്‍ണ തോതില്‍ ഫലം കണ്ടിട്ടില്ല. ഫിംഗര്‍ 4 വരെ കടന്നുകയറിയ ചൈന പിന്നോട്ടടിക്കണമെന്ന് ഇന്ത്യ നിരന്തരം ആവശ്യപ്പെടുന്നു. തങ്ങള്‍ക്കവകാശപ്പെട്ട ഭൂമിയിലാണ് സൈന്യത്തെ വിന്യസിച്ചതെന്നും ഇന്ത്യ പിന്നോട്ടു മാറണമെന്നുമാണ് ചൈനയുടെ പ്രതികരണം. ചുരുക്കത്തില്‍ ദീര്‍ഘകാല ഉരസലിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.
ചൈനയുടെ നീക്കങ്ങള്‍ പ്രവചനാതീതമാണെങ്കിലും 1962 ലേതുപോലെ ഒരു യുദ്ധത്തിലേക്ക് ഈ സംഘര്‍ഷം നീങ്ങാനുള്ള സാധ്യത അനുദിനം വിരളമായിക്കൊണ്ടിരിക്കുന്നു എന്നതാണ് വാസ്തവം. അതിനുകാരണം ഇന്ത്യ ആര്‍ജ്ജിച്ചെടുത്ത സൈനിക ശേഷിയും ഭൗമ രാഷ്ട്രീയ സൗഹൃദവുമാണ്. ഇതില്‍ രണ്ടാമത്തെ കാര്യത്തെയാണ് ബെയ്ജിംഗ് ഏറ്റവുമധികം ഭയക്കുന്നതും. ഇന്ത്യക്ക് നേരെ ചൈനീസ് ആക്രമണമുണ്ടാകുന്ന പക്ഷം, പ്രത്യാക്രമണം നടത്താന്‍ യുഎസ് അടക്കം ഡസനോളം സുഹൃദ് രാജ്യങ്ങള്‍ പൂര്‍ണ സജ്ജരാണ് എന്ന യാഥാര്‍ത്ഥ്യം ചൈനയെ തെല്ലൊന്നുമല്ല ചിന്താ കുഴപ്പത്തിലാക്കുന്നത്.
തങ്ങളുടെ അടുത്ത സൃഹൃത്തെന്ന് കരുതിയിരുന്ന റഷ്യക്ക് പോലും കൂടുതല്‍ അടുപ്പം ന്യൂഡെല്ഹിയോടുണ്ടെന്ന പൊള്ളുന്ന യാഥാര്‍ത്ഥ്യം ചൈനയിലെ ഷീ ജിന്‍ പിംഗ് സര്‍ക്കാര്‍ സമീപകാലത്ത് തിരിച്ചറിഞ്ഞിരിക്കുന്നു. ഇതൊക്കെയാണെങ്കിലും നുഴഞ്ഞുകയറിയ ഇടങ്ങളില്‍ നിന്ന് ഒഴിഞ്ഞുപോകാന്‍ അവരുടെ ദുരഭിമാനം സമ്മതിക്കുന്നുമില്ല. തന്ത്രപരമായി പ്രാധാന്യമേറിയ ദൗലത്ത് ബേഗ് ഓള്ഡിയടക്കമുള്ള ഉയര്‍ന്ന സ്ഥലങ്ങള്‍ ഇന്ത്യയുടെ പക്കലാണെന്നത് ചൈനയുടെ പരിഭ്രമം വര്‍ധിപ്പിച്ചിട്ടുണ്ട്.
തന്ത്രങ്ങള്‍ മാറുന്നു
ശത്രുവിന് എളുപ്പം കടന്നുവരാന്‍ സാധിക്കാത്തവണ്ണം അതിര്‍ത്തി മേഖലയിലെ ഭൂപ്രകൃതി അവികസിതമായും ദുഷ്കരമായും സൂക്ഷിക്കുകയെന്ന പരമ്പരാഗത യുദ്ധതന്ത്രത്തില്‍ മാറ്റം വരുത്തിക്കൊണ്ട് വന്‍തോതില്‍ റോഡ്, പാലം നിര്‍മാണങ്ങളും ദ്രുത ഗതിയിലുള്ള സൈനിക നീക്കത്തിന് സഹായകരമാവുന്ന ഭൗതിക സൗകര്യങ്ങള്‍ സജ്ജമാക്കിയും രണ്ടാം മോദി സര്‍ക്കാര്‍ നടത്തിയ നീക്കങ്ങളാണ് ചൈനയെ സംശയാലുവാക്കിയത്.
1962 ലെ യുദ്ധത്തിന് ശേഷമാണ് അതിര്‍ത്തി മേഖല അവികസിതമായി സൂക്ഷിക്കുന്ന യുദ്ധതന്ത്രം ഇന്ത്യ സ്വീകരിച്ചിരുന്നത്. പിന്നീടുള്ള ദശകങ്ങളില്‍ ചൈനയെ പരമാവധി പിണക്കാതിരിക്കാനും കൂടുതല്‍ അടുക്കാനുമുള്ള ശ്രമങ്ങള്‍ ഇന്ത്യ നടത്തി. പാകിസ്ഥാനെ പ്രത്യക്ഷമായി പിന്തുണച്ചും പരോക്ഷമായി സഹായിച്ചും ഇന്ത്യയെ സമുദ്രത്തിലൂടെയടക്കം വലയം ചെയ്തും ചൈന വിശ്വാസ വഞ്ചന കാട്ടിക്കൊണ്ടേയിരുന്നു.
മോദിയും പിംഗും
സ്വേച്ഛാധിപതിയായ ഷീ ജീന്‍ പിംഗ്, ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും ഭരണകൂടത്തിന്റെയും തലപ്പത്തെത്തിയതോടെ ഇന്ത്യയെയും ലോകത്തെയും വെട്ടിപ്പിടിക്കാനുള്ള വ്യാളീമോഹങ്ങള്ക്ക് തീവ്രത കൂടി. ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനിഷ്യേറ്റീവ് (ബിആര്‍ഐ) എന്ന പട്ടുപാതയിലൂടെ ഈ അജണ്ട നടപ്പാക്കാന്‍ ചൈന തുനിഞ്ഞിറങ്ങിയതോടെയാണ് അതിര്‍ത്തിയില്‍ റോഡുകളടക്കം അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുകയെന്ന യുദ്ധതന്ത്രത്തിലേക്ക് ഇന്ത്യ ചുവടുമാറ്റിയത്.

തീവ്ര ദേശീയവാദിയായ നരേന്ദ്ര മോദി ഡെല്‍ഹിയില്‍ അധികാരത്തിലേറിയതോടെയാണ് പാക്, ചൈനീസ് അതിര്‍ത്തിയില്‍ പ്രതിരോധത്തിനും ആക്രമണത്തിനും തുല്യ പ്രാധാന്യം നല്കുന്ന യുദ്ധതന്ത്രത്തിലേക്ക് ഇന്ത്യ തിരിഞ്ഞത്. ലഡ്ഡാക്കിലും അരുണാചലിലും കണ്ണുവെച്ചിരുന്ന ചൈനയ്ക്ക്, നേരത്തെ ഇന്ത്യയില്‍ നിന്ന് പിടിച്ചെടുത്ത അക്സായ് ചിന് നഷ്ടപ്പെടുമെന്ന ആശങ്ക ഇതോടെ സംജാതമായി.
പാക് അധീന കശ്മീര്‍ ഇന്ത്യ പിടിച്ചെടുത്തേക്കുമെന്നും സിപിഇസി (ചൈന പാക് സാമ്പത്തിക ഇടനാഴി) എന്നെന്നേക്കുമായി അടയുമെന്നും ബെയ്ജിംഗ് ഭയക്കുന്നു. സമീപകാലത്തെ ഏറ്റവും വലിയ ഇന്ത്യ-ചൈന സംഘര്‍ഷത്തിന് ഇങ്ങനെ നിരവധി തലങ്ങളുണ്ട്.
റഫേലിനുത്തരം ട്രയംഫ്?
സ്ഥാപിത കേന്ദ്രത്തില്‍ നിന്ന് 400 കിലോമീറ്റര്‍ ദൂരത്തിലും 30 കിലോമീറ്റര്‍ ഉയരത്തിലുമുള്ള വ്യോമ പരിധിയില്‍ പ്രവേശിക്കുന്ന അനേകം ടാര്‍ഗറ്റുകളെ ഒരുമിച്ച് തകര്‍ക്കാന്‍ ശേഷിയുള്ള നിലവിലെ ഏറ്റവും മികച്ച വ്യോമ പ്രതിരോധ സംവിധാനമാണ് റഷ്യയുടെ എസ് 400 എന്ന ട്രയംഫ്. എസ് 400 നല്‍കാനുള്ള കരാര്‍ ചൈനയുമായും ഇന്ത്യയുമായും റഷ്യ ഒപ്പിട്ടിട്ടുണ്ട്. ചൈനയ്ക്ക് 2018 ല്‍ ട്രയംഫിന്റെ ആദ്യ യൂണിറ്റ് ലഭിച്ചു.
ഇന്ത്യക്ക് 2021 ല്‍ ഈ സാങ്കേതിക വിദ്യയുടെ ആദ്യ യൂണിറ്റുകള്‍ നല്‍കാനാണ് ധാരണയായിരുന്നത്. എന്നാല്‍ 2020 അവസാനത്തോടെ ഇവ കൈമാറുമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിന്റെ മോസ്കോ സന്ദര്‍ശനത്തില്‍ ഇന്ത്യ ഉറപ്പാക്കിയിട്ടുണ്ട്. അതേ സമയം ഈ വര്‍ഷം ചൈനയ്ക്ക് നല്‍കേണ്ടിയിരുന്ന ട്രയംഫിന്റെ രണ്ടാം യൂണിറ്റിന്റെ കൈമാറ്റം മോസ്കോ തടഞ്ഞിട്ടുമുണ്ട്.
ട്രയംഫ് ചൈനയുടെ പക്കലുള്ളപ്പോള്‍ റഫേലുകൊണ്ട് എന്താണ് പ്രയോജനമെന്ന ചോദ്യമാണ് പ്രതിരോധ വൃത്തങ്ങളില്‍ ഇപ്പോള്‍ ഉയരുന്നത്. വടക്കുകിഴക്കന്‍ അതിര്‍ത്തിയിലടക്കം ഇന്ത്യയുമായി തര്‍ക്കമുള്ള പ്രദേശങ്ങളിലെല്ലാം ട്രംയംഫ് മിസൈല്‍ കവചം ചൈന സ്ഥാപിക്കുമെന്നാണ് വിലയിരുത്തല്‍. എന്നിരുന്നാലും ട്രയംഫിനെയും വെട്ടിച്ച് ഉദ്ദേശിച്ച കാര്യം നേടാന്‍ റഫേലിന് കരുത്തുണ്ടെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.
കണ്ണ് വെട്ടിക്കാന്‍ മിടുക്കന്
ലോകത്തെ എറ്റവും മികച്ച റഡാര്‍ സംവിധാനങ്ങളുടെ കണ്ണ് വെട്ടിക്കാന്‍ റഫേലിനുള്ള ശേഷിയാണ് ഇവയെ എതിരാളികളുടെ പേടിസ്വപ്നമാക്കുന്നത്. എസ് 400 ട്രയംഫിന്റെ റഡാര്‍ തരംഗങ്ങളില്‍ പെടാതെ ഭൂമിയോട് ചേര്‍ന്ന് താഴ്ന്ന് പറക്കാനും ഇതേ ഉയരത്തില്‍ നിന്നുകൊണ്ടു തന്നെ ലക്ഷ്യ കേന്ദ്രങ്ങളിലേക്ക് മിസൈലുകള്‍ തൊടുക്കാനും ദസ്സോ ഏവിയേഷന്‍ നിര്‍മിച്ച ഈ വിമാനത്തിനാവും. ഡിജിറ്റല്‍ ടെറെയ്ന്‍ ഡാറ്റാബേസ് അധികരിച്ച് പ്രവര്‍ത്തിക്കുന്ന ഫ്ളൈറ്റ് കണ്ട്രോള് സംവിധാനമാണ് ഈ ശേഷി നല്‍കുന്നത്.
കരുത്തുറ്റ റഡാറുകള്‍
വ്യോമ പ്രതിരോധ സംവിധാനങ്ങളുടെ നിര്‍മിതിക്ക് പേരുകേട്ട ഫ്രാന്‍സിലെ തെയ്ല്‍സ് ഗ്രൂപ്പ് വികസിപ്പിച്ച ആര്‍ബിഇ-2 റഡാറുകളാണ് റഫേലിന് കരുത്ത് പകരുന്നത്. 2010 വരെ ഫ്രഞ്ച് വ്യോമസേന മാത്രമാണ് റഫേല്‍ യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ചിരുന്നത്. റഡാറുകളുടെ ശേഷി കാര്യമായി വികസിപ്പിക്കേണ്ട ആവശ്യം ഫ്രഞ്ച് സൈന്യത്തിന് ഉണ്ടായിരുന്നില്ല. 2012 ല്‍ ഇന്ത്യ റഫേല്‍ വാങ്ങാനുള്ള താല്‍പ്പര്യം അറിയിച്ചു. ഈജിപ്റ്റും ഖത്തറും വിമാനങ്ങള്‍ക്കായി രംഗത്തെത്തി. പിന്നീടുള്ള വര്‍ഷങ്ങളില്‍ ആര്‍ബിഇ-2 റഡാറുകളുടെ ശേഷി തെയ്ല്‍സ് വലിയതോതില്‍ ഉയര്‍ത്തി.
ഇന്ത്യക്ക് ലഭിച്ചിരിക്കുന്ന വിമാനങ്ങളിലെ റഡാറുകള്‍ ദുര്‍ഘട ഹിമാലയ മേഖലയെ പ്രത്യേകം പരിഗണിച്ച് അപ്ഡേറ്റ് ചെയ്തവയാണ്. ശത്രുവിന്റെ ഏത് ചലനവും പിടിച്ചെടുക്കാന്‍ റഫേലിന് സാധിക്കുമെന്ന് ചുരുക്കം.
മാരീചശബ്ദം
വ്യാജ റഡാര്‍ പ്രതിധ്വനികള്‍ പ്രക്ഷേപണം ചെയ്ത് ശത്രു റഡാറുകളെ കബളിപ്പിക്കാനും ശത്രുവിനെ ആശങ്കപ്പെടുത്താനും റഫേലിന് ശേഷിയുണ്ട്. ആക്ടീവ് കാന്സലേഷന് സാങ്കേതിക വിദ്യയാണ് ഈ കരുത്ത് പകരുന്നത്. ദസ്സോ ഏവിയേഷനും തെയ്ല്‍സും ചേര്‍ന്ന് വികസിപ്പിച്ച ‘സ്പെക്ട്ര’ ഇന്റഗ്രേറ്റഡ് ഇലക്ട്രോണിക് വാര്‍ഫെയര്‍ സൂട്ട്, ലേസര്‍, ഇന്‍ഫ്രാറെഡ്, ഇലക്ട്രോമാഗ്നറ്റിക് ഭീഷണികളെക്കുറിച്ച് ജാഗ്രതാ നിര്‍ദേശം നല്‍കുകയും ശത്രു മിസൈലുകള്‍ റഡാറുകള്‍ എന്നിവയെപ്പറ്റി വിവരങ്ങള്‍ നല്‍കുകയും ചെയ്യും.
ഇന്ത്യക്ക് വൈകാതെ റഷ്യയില്‍ നിന്ന് ലഭിക്കുന്ന എസ് 400 ട്രയംഫ് വ്യോമ പ്രതിരോധ സംവിധാനവും റഫേലും ഒരേ ഫ്രീക്വന്‍സിയില്‍ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കും. രണ്ട് സംവിധാനങ്ങളുടെയും കരുത്തും ശേഷിയും ഇതോടെ പല മടങ്ങ് വര്‍ധിക്കും.
ക്രൂയിസ് മിസൈലുകള്‍
സ്കാല്‍പും ബ്രഹ്മോസും അടക്കമുള്ള ക്രൂയിസ് മിസൈലുകള്‍ താഴ്ന്നുപറന്ന് വിക്ഷേപിക്കാനുള്ള ശേഷി റഫേലിന് ചൈനയുടെ പ്രതിരോധ സംവിധാനങ്ങള്‍ക്ക് മേല്‍ മേല്‍ക്കൈ നേടിത്തരും. പുതുതലമുറ (എന്‍ജി) ബ്രഹ്മോസ് ശബ്ദാതിവേഗ മിസൈലുകള്‍ക്ക് 500 കിലോമീറ്ററിലേറെയാണ് ദൂരപരിധി. എസ് 400 ന്റെ പ്രതിരോധ പരിധിയായ 400 കിലോമീറ്ററിന് പുറത്തു നിന്നുകൊണ്ട് ബ്രഹ്മോസ് വിക്ഷേപിക്കാന്‍ റഫേലിനാവും. വൈദ്യുത കാന്തിക തരംഗങ്ങളില്‍ (ഇഎംപി) പ്രവര്‍ത്തിക്കുന്ന ആണവ പോര്‍മുന ഇതിനായി വികസിപ്പിക്കണമെന്നു മാത്രം. എസ് 400 ലെ പാന്റ്സിര്‍, തോര്‍ മിസൈല്‍ പ്രതിരോധ സംവിധാനങ്ങളെ വെല്ലാനുള്ള ശേഷി ബ്രഹ്മോസിനുണ്ട്.
മെച്ചപ്പെടാന്‍ ഇനിയുമേറെ
ഇതൊക്കെയാണെങ്കിലും തങ്ങളുടെ കൈയില്‍ കിട്ടുന്ന 36 റഫേല്‍ യുദ്ധവിമാനങ്ങളില്‍ ഏറെ കൂട്ടിച്ചേര്‍ക്കലുകള്‍ ഇന്ത്യ നടത്തേണ്ടിവരും. ഇരുമുഖ യുദ്ധം (ഒരേ സമയം പാക്, ചൈനീസ് അതിര്‍ത്തികളില്‍) ഉണ്ടായാല്‍ മേല്‍ക്കൈ നേടാന്‍ ഇത് അത്യാവശ്യമാണ്. വിമാനത്തിനെതിരെ പ്രയോഗിക്കപ്പെടുന്ന ആന്റിഎയര്‍ക്രാഫ്റ്റ് മിസൈലുകളെയും ആന്റിബാലിസ്റ്റിക് മിസൈലുകളെയും കബളിപ്പിക്കാനായി കൂടുതല്‍ മെച്ചപ്പെട്ട പാസീവ്, ആക്റ്റീവ് ഡീകോയ് സംവിധാനങ്ങള്‍ (വ്യാജ ടാര്‍ഗറ്റുകള്‍) സ്പെക്ട്രയില്‍ അനുയോജിപ്പിക്കണം. എസ് 400 വിക്ഷേപിക്കുന്ന അനേകം മിസൈലുകളെ വഴിതിരിച്ചു വിടാന്‍ കൂടുതല്‍ ഡീകോയ്കള് ആവശ്യമാണ്.
കൂടുതല്‍ മെച്ചപ്പെട്ട ആര്‍ബിഇ 2 എഇഎസ്എ റഡാര്‍ സംവിധാനം ഫ്രാന്‍സ് വികസിപ്പിക്കുന്നുണ്ട്. ഇത് ഇന്ത്യന്‍ വ്യോമസേനയുടെ റഫാലുകള്‍ക്ക് മിഡ് ലൈഫ് അപ്ഗ്രേഡ് പ്രോഗ്രാമിന്റെ ഭാഗമായി ലഭിക്കുമെന്ന് ഉറപ്പാക്കണം. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് പറന്നുയരുന്ന റഫേലുകള്‍ അതിര്‍ത്തിയോട് ചേര്‍ന്ന് ചൈന സ്ഥാപിക്കുന്ന ട്രയംഫുകളുടെ കണ്ണില്‍ പെടാതിരിക്കാന്‍ ഡിആര്‍ഡിഒയും വിവിധ ഗവേഷണ വിഭാഗങ്ങളും ചേര്‍ന്ന് നിര്‍മിച്ച സംയുക്ത ഇലക്ട്രോണിക് വാര്‍ഫെയര്‍ സ്യൂട്ട്സ് പോലെ ഭൗമ ബന്ധിത റഡാര്‍ ജാമറുകള്‍ ഈ മേഖലകളില്‍ വ്യാപകമായി നിരത്തേണ്ടതുണ്ട്. റഫേല്‍ പൈലറ്റിന് കോക്ക്പിറ്റിലിരുന്ന് നിയന്ത്രിക്കാനാവുന്ന ഡ്രോണ്‍ ശൃംഖലയും (യുസിഎവി) സജ്ജമാക്കണം. ട്രയംഫിന്റെ റഡാര്‍ പരിധിയിലേക്ക് പ്രവേശിക്കുന്നതിന് മുന്‍പ് ഇവ പറത്തിക്കൊണ്ട് സാഹചര്യങ്ങള്‍ വിശകലനം ചെയ്യാനും ആക്രമണത്തെ വഴി തെറ്റിക്കാനും സാധിക്കും.
ഡിആര്‍ഡിഒ വികസിപ്പിച്ച ഘാതക് യുസിഎവികള്‍ റഫേലിന് കൂട്ടാകും. അവസാനമായി വിയറ്റ്നാമും ജപ്പാനുമടക്കം ചൈനയുമായി ഉടക്കി നില്ക്കുന്ന രാജ്യങ്ങളുമായി ഇന്ത്യ ഒരു ധാരണയിലെത്തണം. റഫേലിന് ലാന്‍ഡ് ചെയ്യാനും ഇന്ധനം നിറയ്ക്കാനുമുള്ള അനുമതി ഈ രാജ്യങ്ങളില്‍ നിന്നു ലഭിച്ചാല്‍ പസഫിക് മേഖലയിലൂടെയും ഇന്ത്യക്ക് ആക്രമണം സാധ്യമാകും. എസ് 400 ട്രയംഫ് രാജ്യത്തിനു ചുറ്റും സ്ഥാപിക്കുകയെന്നത് നിലവില്‍ ചൈനയെ സംബന്ധിച്ച് സാധ്യമല്ല. വടക്കുകിഴക്കന്‍ അതിര്‍ത്തിയില്‍ ട്രയംഫ് സൃഷ്ടിക്കുന്ന ഭീഷണിയില്‍ നിന്നൊഴിവായി ആവശ്യമെങ്കില്‍ ചൈനയുടെ ഹൃദയത്തില്‍ തന്നെ ആക്രമണം നടത്താന്‍ ഇത് ഇന്ത്യക്ക് അവസരമൊരുക്കും. ഏറ്റവും മികച്ച പദ്ധതിയും ഇതുതന്നെയാണ്.
Opinion
കര്‍ഷകസമരവും ജിയോയുടെ ബിസിനസ് മോഡലും; എന്താണ് ബന്ധം?
കര്‍ഷകരെ ഇടനിലക്കാര്‍ ചൂഷണം ചെയ്യുന്നതില്‍ നിന്നും തടയാന്‍ വിപണിയിലെ കോര്‍പ്പറേറ്റ് കുത്തകവത്ക്കരണമാണോ പ്രായോഗികമായ ഒരേ ഒരു നടപടി?

റിയലന്‍സ് ജിയോ ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം കമ്പനിയാണ് ലോകത്തിലെ മൂന്നാമത്തേതും. നമുക്ക് ജിയോയുടെ വിപണിയിലെ നുഴഞ്ഞുകയറ്റം ഒന്ന് പരിശോധിക്കാം.
റിയലന്‍സ് ജിയോ ഇന്‍ഫോകോം ലിമിറ്റഡ് രൂപീകരിക്കപ്പെടുന്നത് 2007 ലാണ്. 2010 ല്‍ റിയലന്‍സ് ജിയോ ഇന്‍ഫോടെല്‍ ബ്രോഡ്ബാന്‍ഡ് സര്‍വീസസ് ലിമിറ്റഡിന്റെ 95% ഷെയറുകള്‍ കരസ്ഥമാക്കി. 2016 ലാണ് അംബാനി ജിയോ 4ജി നെറ്റ്വര്‍ക്ക് പ്രഖ്യാപിക്കുന്നത്.
ഇന്ത്യന്‍ ടെലികോം മാര്‍ക്കറ്റില്‍ ജിയോയുടെ വരവ് ഒരു സംഭവമായിരുന്നു. സൗജന്യ സിമ്മും 4ജി ഡാറ്റയുമാണ് ജിയോ വാഗ്ദാനം നല്‍കിയത്. ഇഴഞ്ഞു നീങ്ങുന്ന വേഗതയിലും കൈപൊള്ളുന്ന വിലയിലും ഇന്റര്‍നെറ്റ് സേവനം ഉപയോഗിച്ചിരുന്ന ജനത്തിന് അതിശയകരമായ അനുഭവം നല്കാന് ജിയോയ്ക്ക് സാധിച്ചു. ഇന്റര്‍നെറ്റും കോളും ഒരു ആര്ഭാടമായിരുന്ന സമയത്ത് അഞ്ചു പൈസ ചിലവില്ലാതെ ഇതൊക്കെ ലഭിക്കുക അവിശ്വസനീയമായിരുന്നു. ജനങ്ങള്‍ ഇടിച്ചുകയറി. അന്നുവരെ ഇന്റര്‍നെറ്റിന്റെ ചെലവ് താങ്ങുവാന്‍ കഴിയാതിരുന്നവര്‍ക്ക് കൂടി വലിയൊരു അനുഗ്രഹമായി ജിയോ മാറി.
ജിയോയുടെ ലക്ഷ്യം 100 ദിവസത്തിനുള്ളില്‍ 10 കോടി ഉപഭോക്താക്കള്‍ എന്നതായിരുന്നു. 2016 ഡിസംബര്‍ വരെ ഉണ്ടായിരുന്ന ഓഫര്‍ ജിയോഹാപ്പി ന്യൂ ഇയര്‍ പ്ലാന്‍ എന്ന പേരില്‍ മാര്‍ച്ച് 2017 വരെ നീട്ടി. ഫെബ്രുവരിയില്‍ ജിയോ ലക്ഷ്യം കണ്ടു. ജൂണ്‍ ആയപ്പോഴേക്കും ഉപഭോക്താക്കളുടെ എണ്ണം 20 കോടിയായി ഉയര്‍ന്നു. അതിപ്പോള്‍ 40 കോടിയിലെത്തി നില്ക്കുന്നു.
വേഗതയില്ലാത്ത ഇന്റര്‍നെറ്റും പണം കൊടുത്തുള്ള വിളികളും ശീലിച്ചിരുന്ന ജനതയെ ജിയോ സൗജന്യം ശീലിക്കുവാന്‍ പഠിപ്പിച്ചു. 4ജിയുടെ വേഗതയും സൗജന്യ വിളികളും ഉപഭോക്താക്കളെ ജിയോയുടെ ആരാധകരാക്കി. ഇനി സൗജന്യം അവസാനിപ്പിച്ചാല്‍ പോലും ഈ ലഹരിയില്‍ നിന്നും വിട്ടുമാറാന്‍ അവര്‍ക്കാവില്ല. മൊബൈലിലും കമ്പ്യൂട്ടറിലുമെല്ലാം അവര്‍ ഇപ്പോള്‍ ചലച്ചിത്രങ്ങള്‍ ആസ്വദിക്കുന്നു. യുട്യൂബ് കാണുന്നു. ഗെയിം കളിക്കുന്നു. സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നു. ഇനിയെങ്ങിനെ ഇതൊന്നുമില്ലാതെ മുന്നോട്ടു പോകും. ജിയോ കൊരുത്ത ചൂണ്ടക്കൊളുത്തില്‍ ഉപഭോക്താക്കള്‍ കുരുങ്ങിക്കഴിഞ്ഞു.
ഏപ്രില്‍ 2017 മുതല്‍ ജിയോ സൗജന്യ സേവനം അവസാനിപ്പിച്ചു. ഈ കാലയളവു കൊണ്ടുതന്നെ മാര്‍ക്കറ്റിലെ മുന്നിരക്കാരായിരുന്ന എയര്‍ടെല്‍, വോഡാഫോണ്‍ തുടങ്ങിയവരൊക്കെ സിംഹഭാഗം ഉപഭോക്താക്കളും നഷ്ട്ടപ്പെട്ടവരായി. അവര്‍ അതിവിദഗ്ദ്ധമായി ചൂഷണം ചെയ്തിരുന്ന വിപണിയുടെ ജനാധിപത്യവത്ക്കരണത്തിന് ജിയോയുടെ ഇന്റര്‍നെറ്റ് വിപ്ലവം കാരണമായി. ഇന്ത്യയുടെ അതിവിദൂര ഉള്‍നാടന്‍ ഗ്രാമീണ മേഖലകളില്‍ പോലും ജിയോ ഇന്റര്‍നെറ്റുമായി എത്തിച്ചേര്‍ന്നു.
ഈ മഹാമാരിയുടെ സമയത്ത് ജിയോയുടെ ഡാറ്റ ഉപഭോഗം വര്‍ദ്ധിച്ചിരിക്കുന്നത് 50 ശതമാനത്തോളമാണ്. 2019 20 സാമ്പത്തിക വര്‍ഷത്തിലെ ലാഭവര്‍ദ്ധനവ് ഏകദേശം 88 ശതമാനവും.
ജിയോയുടെ മാര്‍ക്കറ്റിംഗ് തന്ത്രം നാം പഠിക്കേണ്ടതാണ്. ഒരാള്‍ക്കും നിരസിക്കുവാനാകാത്ത വാഗ്ദാനം നല്കി വിപണിയില്‍ നുഴഞ്ഞു കയറുക. എതിരാളികള്‍ കുത്തകയാക്കി വെച്ചുകൊണ്ടിരുന്ന വിപണി പിടിച്ചെടുക്കുക. സൗജന്യം എന്ന ചൂണ്ടയില്‍ ഉപഭോക്താവിനെ കുരുക്കുക. അതില്‍ നിന്നും പുറത്തുകടക്കുവാനാവാത്ത രീതിയില്‍ ഉപഭോഗം ശീലിപ്പിക്കുക. പിന്നീട് അതേ സേവനത്തിന് പണം ഈടാക്കുക. ഈ തന്ത്രത്തിലൂടെ ടെലികോം രംഗത്തെ കുത്തക കയ്യടക്കുക. വിപണി തൂത്തുവാരി എന്നുതന്നെ പറയാം.
മറ്റ് സേവനദാതാക്കള്‍ ചൂഷണം ചെയ്തിരുന്ന ഉപഭോക്താക്കളെ അതില്‍ നിന്നും മോചിപ്പിച്ച് സമ്പൂര്‍ണ്ണ ഡിജിറ്റല്‍ വിപ്ലവത്തിന് നിലമൊരുക്കി എന്ന് ജിയോയെ വേണമെങ്കില്‍ വിശേഷിപ്പിക്കാം. പക്ഷേ വിപണിയിലെ കുത്തകവത്ക്കരണം ഒരിക്കലും ആശാസ്യകരമല്ല. ഭരിക്കുന്ന സര്‍ക്കാരിനു പോലും അതിശക്തമായ ഒരു പ്രതിപക്ഷത്തിന്റെ സാന്നിദ്ധ്യം ജനാധിപത്യത്തെ ശക്തിപ്പെടുത്തുകയേയുള്ളൂ. അത് ഉറപ്പുവരുത്തേണ്ട കടമ ജനങ്ങളുടെതാണ്. ഏകപക്ഷീയമായ അധികാരം ഒരു മേഖലയിലും നീണ്ട കാലയളവില്‍ ഗുണകരമാകില്ല.
റിയലന്‍സ് ജിയോ നടപ്പിലാക്കിയ മാര്‍ക്കറ്റിംഗ് തന്ത്രം ഇപ്പോള്‍ നടപ്പിലാക്കുവാന്‍ പോകുന്ന കാര്‍ഷിക ബില്ലുമായി ചേര്‍ത്തു വായിച്ചാലോ?
ബില്ലില്‍ കര്‍ഷകര്‍ക്ക് കുറഞ്ഞ താങ്ങുവില (Minimum Support Price) വാഗ്ദാനം ചെയ്യുന്നില്ല. കോര്‍പ്പറേറ്റുകള്‍ കര്‍ഷകരുമായി കരാറിലേര്‍പ്പെടുമ്പോള്‍ മാര്‍ക്കറ്റില്‍ നിലവിലുള്ള ചെറിയ ഇടനിലക്കാരൊക്കെ അപ്രത്യക്ഷമാകും. എയര്‍ടെല്‍, വോഡാഫോണ്‍ തുടങ്ങിയവയ്ക്ക് സംഭവിച്ചതുപോലെ. ഇന്ന് കര്‍ഷകരെ താങ്ങിനിര്‍ത്തുന്ന സര്‍ക്കാര്‍ സംവിധാനങ്ങള്‍ ബി എസ് എന്‍ എല്‍ പോലെയാകും. കുറച്ചു കഴിയുമ്പോള്‍ വിപണിയുടെ കുത്തക കോര്‍പ്പറേറ്റുകളുടെ കയ്യിലിരിക്കും.
ചെറുകിടക്കാര്‍ നാമാവശേഷമാകുകയും കോര്‍പ്പറേറ്റുകള്‍ രംഗം കയ്യടക്കുകയും ചെയ്യുമ്പോള്‍ മാര്‍ക്കറ്റിലെ വില അവര്‍ നിശ്ചയിക്കും. വിപണിയിലെ വില നിയന്ത്രിക്കുവാനുള്ള സംവിധാനങ്ങളൊന്നും നിലവിലില്ലാതിരിക്കെ ഉത്പന്നങ്ങള്‍ എന്തുവിലക്ക് വില്‍ക്കണം എന്ന് നിശ്ചയിക്കുവാനുള്ള പൂര്‍ണ്ണമായ അവകാശം കുത്തകകള്‍ക്കാകും. അവസാനം വിപണിയെ നിയന്ത്രിക്കുന്നത് ഒന്നോ രണ്ടോ കുത്തക കോര്‍പ്പറേറ്റുകള്‍ മാത്രമാകും.
മാര്‍ക്കറ്റില്‍ വിളകള്‍ക്ക് വില ഉയരുമ്പോള്‍ അതിന്റെ ഗുണം കര്‍ഷകര്‍ക്ക് ലഭിക്കുമോ? സാധ്യത തീരെയില്ല. കാരണം കരാറുകള്‍ ഫോര്‍വേഡ് കോണ്ട്രാക്റ്റുകള് ആയിരിക്കും. മാര്‍ക്കറ്റില്‍ വില കൂടിയാലും കുറഞ്ഞാലും കര്‍ഷകര്‍ക്ക് ലഭിക്കുക കരാറില്‍ പറഞ്ഞ തുകയായിരിക്കും. കുറയുമ്പോള്‍ ഗുണമാവില്ലേ? എന്ന ചോദ്യം വാദഗതിക്ക് ഉയര്‍ത്താമെന്നു മാത്രം. വിപണിയില്‍ സവാളക്ക് വില കുത്തനെ ഉയരുന്നതിന്റെ ഗുണം കര്‍ഷകര്‍ക്ക് ലഭിക്കുന്നുണ്ടോ? എന്ത് കൊണ്ടാണ് അനിയന്ത്രിതമായി വില ഉയരുന്നത്? ഇപ്പോള്‍ ജിയോ ടെലികോം മാര്‍ക്കറ്റ് നിയന്ത്രിക്കുന്ന പോലെ കോര്‍പ്പറേറ്റുകള്‍ മാര്‍ക്കറ്റ് നിയന്ത്രിക്കും. എതിരാളികള്‍ നിശബ്ദരാക്കപ്പെടും. സര്‍ക്കാര്‍ സംവിധാനങ്ങള്‍ നിശ്ചലമാകും. എന്ത് ഏത് വിലക്ക് വിപണിയിലെത്തണം എന്ന് കോര്‍പ്പറേറ്റുകള്‍ തീരുമാനിക്കും.
കര്‍ഷകരും ഉപഭോക്താക്കളും ഒരു കെണിയില്‍ അകപ്പെടുമോ?. മാര്‍ക്കറ്റിന്റെ കുത്തകാവകാശം കോര്‍പ്പറേറ്റുകള്‍ കയ്യടക്കിയാല്‍ നാളെ ഉപഭോക്താക്കള്‍ എന്ത് കഴിക്കണമെന്നും എന്ത് വില അതിന് ഈടാക്കണമെന്നും അവര്‍ നിശ്ചയിക്കുന്നത് വിപണിയെ എങ്ങിനെയാണ് നീണ്ട കാലയളവില്‍ ബാധിക്കുവാന്‍ പോകുന്നത്? കുത്തകാവകാശം വിപണിയില്‍ ആശാസ്യമാണോ? യഥാര്‍ത്ഥത്തില്‍ കര്‍ഷകരെ ഇടനിലക്കാര്‍ ചൂഷണം ചെയ്യുന്നതില്‍ നിന്നും തടയാന്‍ വിപണിയിലെ കോര്‍പ്പറേറ്റ് കുത്തകവത്ക്കരണമാണോ പ്രായോഗികമായ ഒരേ ഒരു നടപടി?
ജന്മി കുടിയാന് ബന്ധങ്ങള്‍ പുതിയ രൂപത്തില്‍ തിരിച്ചു വരുന്നു. ചോദിക്കേണ്ടതും ഉത്തരം ലഭിക്കേണ്ടതുമായ ചോദ്യങ്ങള്‍ നിരവധിയാണ്. നാം ചിന്തിക്കുകയും തര്‍ക്കിക്കുകയും ഉത്തരങ്ങള്‍ കണ്ടെത്തുകയും ചെയ്യേണ്ടതുണ്ട്. ബിസിനസും രാഷ്ട്രീയവും ഇടകലരുമ്പോള്‍ മങ്ങിപ്പോകുന്ന കാഴ്ചകള്‍ക്ക് അല്‍പ്പം തെളിച്ചം പകരേണ്ട കടമ നമുക്കോരോരുത്തര്‍ക്കുമുണ്ട്. അത് മറക്കാതിരിക്കാം.
Education
2020നെ ഞങ്ങള്‍ ആംഗ്യഭാഷയില്‍ അടയാളപ്പെടുത്തുന്നു
ഞങ്ങള്‍ 2020നെ സ്നേഹത്തിന്റെ ആംഗ്യഭാഷയില്‍ അടയാളപ്പെടുത്തുന്നു-50 Days Of Sign Language അഥവാ 50 ഡേയ്സ് ഓഫ് ലവ്!

2020 എന്ന വര്‍ഷത്തിനെ എങ്ങനെയൊക്കെ അടയാളപ്പെടുത്തണം എന്ന് ഒരു തരത്തിലും അറിയാതെയാണ് ഈ വര്‍ഷം തുടങ്ങിയത്. പതിയെപ്പതിയെ എല്ലാവരും ഒരേ അനുഭവങ്ങളില്‍ക്കൂടി കടന്നുപോകാന്‍ തുടങ്ങിയത് മാര്‍ച്ചോടെ ആണ്. പക്ഷേ ഈ വര്‍ഷം, എല്ലാ നെഗറ്റീവ് അനുഭവങ്ങള്ക്കുമിടയിലും താത്വിക് എന്ന ഞങ്ങളുടെ ഒന്പതുവയസുകാരന് ജീവിതത്തിലേക്ക് കയറുന്നത് മനോഹരങ്ങളായ ആംഗ്യങ്ങളും ചിഹ്നങ്ങളുമായാണ്-50 Days Of Sign Language.
മാര്‍ച്ച് പകുതിയിലെ ഒരു വ്യാഴാഴ്ചയാണ് അതുവരെ കേട്ടിരുന്ന ചൈനയിലേയും ഇറ്റലിയിലേയും കോവിഡ് വാര്‍ത്തകളിലേക്ക് അമേരിക്കയുടെ പേരുകൂടി ചേര്‍ത്ത് കേള്‍ക്കാന്‍ തുടങ്ങിയതും മകന്റെ സ്കൂളില്‍ നിന്നും തിങ്കളാഴ്ച മുതല്‍ വെര്‍ച്വല്‍ ക്ളാസുകള്‍ ആണെന്നുള്ള അറിയിപ്പുകള് വരുന്നതും. എല്ലാവരേയുംപോലെ ഞങ്ങളും വീടിനുള്ളിലേക്ക് ചുരുങ്ങിയത് ആ ആഴ്ച മുതലാണ്.
വെര്‍ച്ച്വല്‍ ക്ളാസുകളുടെ തുടക്കകാലം ആയിരുന്നത് കൊണ്ടുതന്നെ സ്കൂളുകാര്‍ക്കും വലിയ പിടിത്തമില്ല, രക്ഷിതാക്കള്‍ക്കും വലിയ പിടിത്തമില്ല എന്ന അവസ്ഥയില്‍ ആണ് രാവിലെ അരമണിക്കൂര്‍ സൂം മീറ്റുകള്‍ കഴിഞ്ഞാല്‍ കുട്ടികള്‍ക്ക് ചെയ്യാന്‍ വേണ്ടിയുള്ള കാര്യങ്ങളുടെ ഒരു ടൈംടേബിള്‍ ഞങ്ങളുടെ കയ്യിലേക്ക് കിട്ടിയത്.
പെട്ടെന്ന് വീടിനുള്ളിലേക്ക് ഒതുക്കപ്പെട്ടുപോയ കുഞ്ഞുങ്ങള്‍! അവരെ എങ്ങനെ ഉഷാറാക്കാം എന്നത് ഒരു ചിന്ത തന്നെയായിരുന്നു ഞങ്ങള്‍ക്ക്. മ്യൂസിക്കും, പിറ്റി (PT) യും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചെയ്യാന്‍ അവനും ഉഷാര്‍ ആകട്ടെ എന്ന് കരുതിയാണ് ഓണ്‍ലൈന്‍ സ്കൂളിലെ വിശേഷങ്ങള്‍ ഫേസ്ബുക്കില്‍ ഒരു ദിവസത്തില്‍ രണ്ടു ലൈവ് സെഷന്‍സിലൂടെ പകരുക എന്നൊരു ഐഡിയയിലേക്ക് ഞങ്ങള്‍ എത്തിയത്. വലിയ കുഴപ്പമില്ലാതെ ആദ്യ ആഴ്ച കടന്നുപോയപോഴേക്കും സ്കൂള്‍ ‘സ്പ്രിങ്ങ് ബ്രേക്ക്’-നു വേണ്ടി അടച്ചു. ഫേസ്ബുക്കിലെ ലൈവ് ഞങ്ങളെ സംബന്ധിച്ച് ആളുകളോട് സംസാരിക്കാനുള്ള ഒരു മാര്‍ഗം ആയിരുന്നു. കുഞ്ഞുങ്ങളും ഞങ്ങളും വളരെയധികം ആസ്വദിക്കുന്ന 15 -20 മിനിറ്റുകളായി അത് അപ്പോഴേക്കും മാറി.

ലോക്ക്ഡൗണിന്റെ വിരസതയും ഭയവും ആശങ്കയും ഒക്കെ ഒഴിവാക്കാന്‍ ഉള്ള ഒരു നല്ല മാര്‍ഗമായിരുന്നു ഫേസ്ബുക്ക് ലൈവുകള്‍. ഇനിയുള്ള ഒരാഴ്ച എന്തുചെയ്യും എന്നാലോചിച്ചപ്പോള്‍ ആണ് ഓരോ ദിവസവും ഓരോ സൂത്രങ്ങള്‍ കാണിച്ചാലോ എന്ന ആശയം മകന് മുന്നോട്ട് വെക്കുകയും അതിന്റെ ആദ്യ ദിവസം സ്കൂളിലെ ഒരു ഏകദിന വര്‍ക്ക്ഷോപ്പില്‍ നിന്നും പഠിച്ച ആംഗ്യഭാഷയുടെ പ്രാഥമിക പാഠങ്ങള്‍ അവന് പഠിപ്പിക്കാം എന്നൊരു തീരുമാനത്തില്‍ എത്തുകയും ചെയ്തത്.
സ്കൂളുകള്‍ അടയ്ക്കുന്നതിന് രണ്ടോ മൂന്നോ ദിവസം മുന്‍പ് താത്വിക് സ്കൂളില്‍ നിന്നും വന്നയുടനെ ആവേശത്തോടെ പറഞ്ഞ വിശേഷം അന്ന് അവനൊരു സൈന്‍ ലാംഗ്വേജ് വര്‍ക്ക് ഷോപ് ഉണ്ടായിരുന്നു എന്നും ‘ ഹായ്, ഹലോ, പേര്, എബിസിഡി’ ഒക്കെ ആംഗ്യഭാഷയില്‍ പറയാന്‍ പഠിച്ചു എന്നുമായിരുന്നു.
എല്ലാം വളരെയധികം ഉത്സാഹത്തോടെ ഞങ്ങളെ കാണിച്ചു തരുന്ന കൂട്ടത്തില്‍ ആശാന് അടുത്ത വര്‍ഷം നാലാം ക്ളാസില്‍ ആകുമ്പോള്‍ ഓപ്ഷണല്‍ ആയി സൈന്‍ ലാംഗ്വേജ് എടുക്കാന്‍ പോകുകയാണ് എന്നൊരു തീരുമാനവും പറഞ്ഞിരുന്നു. ഒന്പതുവയസുകാരന് സ്വയം അറിയാതെ ‘Inclusiveness’ പഠിക്കുന്നു എന്നാണ് ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും തോന്നിയത്. കുട്ടികള്‍ക്ക് അങ്ങനെയൊരു ചിന്ത ഉണ്ടാകാന്‍ സഹായിക്കുന്ന സ്കൂള്സിസ്റ്റത്തിനോട് ഉള്ള ബഹുമാനവും സ്നേഹവും ഒക്കെ സംസാരിച്ചാണ് അന്നത്തെ ഞങ്ങളുടെ ദിവസം അവസാനിച്ചതും. അത് ഇങ്ങനെ ലോക്ഡൗണ്‍ കാലത്തില്‍ അവനിലേക്ക് തിരികെ എത്തും എന്ന് തീരെ പ്രതീക്ഷിച്ചിരുന്നില്ല.

ആദ്യ ദിവസത്തെ ലൈവില്‍ ‘ഹായ് , ഹലോ, ഗുഡ് മോര്‍ണിംഗ്, പേരെന്താ’ എന്നൊക്കെയുള്ള അടിസ്ഥാന ചിഹ്നങ്ങള്‍ കാണിക്കുകയും ഇതൊക്കെ വീട്ടിലെ കുഞ്ഞുങ്ങളെ കാണിച്ചു അവരെക്കൊണ്ട് ചെയ്യിച്ചുള്ള വീഡിയോകള്‍ അയച്ചു തരണം എന്ന് പറയുകയും ചെയ്ത ഞങ്ങളെത്തന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഏകദേശം പത്തോളം കുഞ്ഞുകൂട്ടുകാരുടെ വിഡിയോകള്‍ ആണ് എന്റെ ഇന്‍ബോക്സില്‍ എത്തിയത്. മുതിര്‍ന്നവരും നാളത്തെ ക്ളാസിനു കാത്തിരിക്കുന്നു എന്ന് സന്ദേശങ്ങള്‍ വന്നതോടെ ഇവിടുത്തെ ‘കുട്ടി സാറി’ന് ആവേശമായി. എന്നാല്‍ പിന്നെ ആ ആഴ്ച സൈന്‍ ലാംഗ്വേജ് തന്നെ ലൈവ് പോകാം എന്ന് തീരുമാനിക്കുകയും പിറ്റേന്ന് വീണ്ടും ചില അടിസ്ഥാന ഭാഷ പ്രയോഗങ്ങള്‍ കാണിക്കുകയും ചെയ്തു. ഓരോ ദിവസവും ലൈവ് കാണുന്നവരുടെ എണ്ണവും കിട്ടുന്ന വീഡിയോ റെസ്പോണ്‍സിന്റെ എണ്ണവും കൂടിവന്നതോടെ ഞങ്ങള്‍ക്കും ആവേശമായി.
രണ്ടുമൂന്നു ദിവസത്തെ ക്ളാസിനു വേണ്ട ‘പഠിത്തം’ മാത്രമേ ആശാന്റെ കയ്യിലുണ്ടായിരുന്നുളളൂ എന്നതുകൊണ്ട് അതിനെക്കുറിച്ചു കൂടുതല്‍ പഠിക്കാന്‍ മകന് തീരുമാനിച്ചു. ജീവിതത്തില്‍ ഒരിക്കല്‍ പോലും സൈന്‍ ലാംഗ്വേജ് ഉപയോഗിക്കേണ്ടി വന്നിട്ടില്ലാതിരുന്നിട്ടും മകന് അത് പഠിക്കാന്‍ കാണിക്കുന്ന ഉത്സാഹം കണ്ടപ്പോള്‍ ഈ ലോക്ക്ഡൗണ്‍ കാലം എങ്ങനെ ഉപയോഗപ്രദം ആക്കണമെന്നു എനിക്കും ഒരു ഐഡിയ തെളിഞ്ഞു വരികയായിരുന്നു.

പിന്നീടുള്ള 50 പ്രവൃത്തി ദിവസങ്ങള്‍ ഞങ്ങള്‍ മുടങ്ങാതെ സൈന്‍ ലാംഗ്വേജ് ക്ളാസുകള്‍ എടുത്തു എഫ്ബി ലൈവിലൂടെ. #കൊറോണസൈന്സ് #coronasigns എന്ന ടാഗ് കൊടുത്ത വീഡിയോകള്‍ അഞ്ഞൂറ് പേരോളം സ്ഥിരമായി കാണാന്‍ തുടങ്ങിയത് ഒരു ഒന്‍പത് വയസുകാരനെ സംബന്ധിച്ച് വളരെ വലിയ കാര്യമായിരുന്നു. അനിയന് നാലുവയസുകാരനെ സന്തോഷിപ്പിക്കാന്‍ അതില്‍ത്തന്നെ കുട്ടിപ്പാട്ടുകളും ഉള്‍പ്പെടുത്തി.
അങ്ങനെയങ്ങനെ ഇവിടെ വേനലവധിക്ക് സ്കൂള്‍ അടയ്ക്കുന്നത് വരെയുള്ള 50 സ്കൂള്‍ ദിനങ്ങള്‍ ഞങ്ങളെ സംബന്ധിച്ച് സൈന്‍ ലാംഗ്വേജ് ദിനങ്ങളായി മാറി. ഓരോ ദിവസവും അന്നത്തേക്ക് വേണ്ട ടോപ്പിക്കുകള്‍ – കളറുകള്‍, ആഴ്ചകള്‍, വീട്ടുപകരണങ്ങള്‍, പഴങ്ങള്‍ -അങ്ങനെ ഒരോന്നു തിരഞ്ഞെടുക്കാനും യൂട്യൂബില്‍ നിന്നും, ASL (അമേരിക്കന്‍ സൈന്‍ ലാംഗ്വേജ് ) വെബ്സൈറ്റില്‍ നിന്നും ക്ളാസുകള്‍ തിരഞ്ഞെടുക്കാനും ഞങ്ങള്‍ അവനെ സഹായിച്ചു.
ആദ്യത്തെ സ്റ്റുഡന്റ് ആയി അമ്മയെ കിട്ടുന്നതില്‍ അവനും സന്തോഷമായി- അങ്ങനെ തിരികെ പഠിപ്പിക്കാന്‍ ഒരവസരം ആണല്ലോ അത്. എന്നും ഉച്ചക്ക് ഇവിടെ 12.00 മണിയാകുമ്പോള്‍, നാട്ടിലെ രാത്രി 10.30 ആകുമ്പോള്‍ ഞങ്ങള്‍ എല്ലാവരും ലൈവ് ക്ളാസിനു റെഡി ആകും. സ്ഥിരമായി വരുന്ന ആന്റിമാരും മാമന്മാരും അപ്പൂപ്പന്മാരും അമ്മൂമ്മമാരും അവന്റെ പ്രായക്കാര്‍ കൂട്ടുകാരും ഒക്കെയായി സന്തോഷം നിറയ്ക്കുന്ന 15 -20 മിനിറ്റുകള്‍!
50 ദിവസങ്ങള്‍ കൊണ്ട് ആംഗ്യഭാഷയുടെ അടിസ്ഥാന കാര്യങ്ങള്‍ ഒക്കെ ഒന്ന് പറഞ്ഞുപോകാന്‍ കഴിഞ്ഞു എങ്കിലും കൂടുതല്‍ ആഴത്തില്‍ പഠിക്കണം എന്ന് തീരുമാനിച്ചാണ് – മറ്റുള്ളവര്‍ക്ക് ഉറപ്പ് കൊടുത്താണ് – താത്വിക് ലൈവുകള്‍ നിര്‍ത്തിയത്. ഇപ്പോള്‍ ASL ന്റെ ബേസിക് സെര്‍ട്ടിഫിക്കേഷന്‍ കോഴ്സ് ഓണ്‍ലൈന്‍ ആയി ചെയ്യുകയാണ് അവന്. ഒരു ASL സെര്‍ട്ടിഫൈഡ് ട്രെയിനര്‍ കൂടി ആകണം എന്നാണ് ഈ ഒമ്പതുവയസുകാരന്റെ ഇപ്പോഴത്തെ ആഗ്രഹം.
ഞങ്ങള്‍ 2020നെ സ്നേഹത്തിന്റെ ആംഗ്യഭാഷയില്‍ അടയാളപ്പെടുത്തുന്നു-50 Days Of Sign Language അഥവാ 50 ഡേയ്സ് ഓഫ് ലവ്!
Business
വ്യവസായങ്ങള്‍ തകരുന്നില്ല, പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചു വരും
ഇത്തരം വെല്ലുവിളികള്‍ക്കൊന്നും മനുഷ്യകുലത്തിനെ വേരോടെ പിഴുതെറിയാന്‍ സാധിക്കയില്ല എന്ന് ചരിത്രം നമ്മെ ഓര്‍മ്മിപ്പിക്കുന്നുണ്ട്

പ്രവചനങ്ങളുടെ ചില കുത്തൊഴുക്കുകള്‍ നമ്മെ ചിന്താക്കുഴപ്പത്തില്‍ അകപ്പെടുത്തുകയാണ്. ചില ബിസിനസുകള്‍ പൂര്‍ണ്ണമായും ഓണ്‍ലൈന്‍ ആയിമാറുകയും ചിലവ ഇല്ലതെയാകുകയും ചരിത്രം രേഖപ്പെടുത്തും വിധം വലിയൊരു ബിസിനസ് പരിവര്‍ത്തന വിപ്ലവം സംഭവിക്കുമെന്നൊക്കെ അഭിപ്രായങ്ങള്‍ വരുന്നു. ഇതൊക്കെ കേട്ട് സാധാരണ കച്ചവടക്കാരും വ്യവസായികളുമൊക്കെ പേടിച്ചിരിക്കുകയാണ്. ഒട്ടുംതന്നെ പരിചിതമല്ലാത്ത, ഇന്നുവരെ ഈ തലമുറ അനുഭവിക്കാത്ത ദുരിതത്തിലൂടെയാണ് നാമെല്ലാവരും കടന്നു പോകുന്നത്. നിഷേധാത്മകമായ പ്രവചനങ്ങളുടെ ചെറിയൊരു അനക്കം പോലും ഭയാനതകളുടേയും ദുസ്വപ്നങ്ങളുടെയും കൊടുംകാട്ടില്‍ ഭീകരമായ ഇടിമുഴക്കമായി അനുഭവപ്പെടുന്നു.
ഒന്ന് തിരിഞ്ഞു നോക്കുക
ലോകത്തെ അഞ്ച് കോടി ജനങ്ങളുടെ ജീവനെടുത്ത രോഗമായിരുന്നു സ്പാനിഷ് ഫ്ളൂ. ഇത് ഔദ്യോഗിക കണക്കാണ്. അനൗദ്യോഗികമായി ഇത് പത്ത് കോടി കവിയും എന്നാണ് പറയപ്പെടുന്നത്. ഏകദേശം അഞ്ച് മില്യണ്‍ ജനങ്ങളെ ബാധിച്ച മഹാമാരി. 1918 ലാണ് സ്പാനിഷ് ഫ്ളൂ പൊട്ടിപ്പുറപ്പെടുന്നത്. 1918-19 കാലഘട്ടത്തില്‍ ലോകം മുഴുവന്‍ പടര്‍ന്നു. ഒന്നാലോചിച്ചു നോക്കുക അഞ്ചു കോടി ജനങ്ങളുടെ മരണം. ലോകമൊരു ശവപ്പറമ്പായി മാറി.
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ സംഭവിച്ച ഈ ദുരന്തം മനുഷ്യകുലത്തിനെ ഇല്ലാതെയാക്കിയോ? ലോകരാജ്യങ്ങള്‍ സാമ്പത്തികമായി തകര്‍ന്നുപോയോ? സമൂഹത്തിന്റെ മൂല്യങ്ങളും സംസ്കാരങ്ങളും നശിച്ചു പോയോ? വ്യവസായങ്ങള്‍ അപ്രത്യക്ഷമായോ? ഒന്നും ചെയ്യുവാനില്ലാത്തവണ്ണം രാജ്യങ്ങള്‍ മുരടിക്കപ്പെട്ടുവോ? സാമ്പത്തികവും മാനസികവുമായി തകര്‍ന്ന ജനത ഇനിയൊരിക്കലും തിരിച്ചു വരാത്തവിധം കുഴിച്ചുമൂടപ്പെട്ടോ?
ഒന്നും സംഭവിച്ചില്ല
ഇതൊന്നും സംഭവിച്ചില്ല. നമ്മള് ലോകജനത പൂര്‍വാധികം ശക്തിയോടെ തിരിച്ചു വന്നു. ഇത്തരം വെല്ലുവിളികള്‍ക്കൊന്നും മനുഷ്യകുലത്തിനെ വേരോടെ പിഴുതെറിയാന്‍ സാധിക്കയില്ല എന്നത് ചരിത്രം നമ്മെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. ഓരോ ദുരന്തങ്ങളും നമ്മെ കരുത്തരാക്കുന്നു. മനുഷ്യന് കീഴടക്കുകയും വരുതിയിലാക്കുകയും ചെയ്ത വെല്ലുവിളികളെ മനുഷ്യന്റെ പരിണാമ വഴികള്‍ നമുക്ക് മുന്നില്‍ വരച്ചിടുന്നുണ്ട്. ഓരോന്നും അതാത് സമയത്ത് നമ്മെ പരിഭ്രമിപ്പിച്ചിട്ടുണ്ട്, ഭയപ്പെടുത്തിയിട്ടുണ്ട്. പക്ഷെ നാം നേരിടാതിരുന്നിട്ടില്ല, അതിനോടൊന്നും തോറ്റുപോയിട്ടില്ല.
തിരിച്ചടിക്ക് ശേഷമുള്ള കാലം
ഭൂതകാലത്തിന്റെ കണക്കെടുപ്പ് നടത്തിയാല്‍ നാം ഏറ്റവും കൂടുതല്‍ ആധുനിക (നവീന) പരിവര്‍ത്തനത്തിന് വിധേയമായ കാലം സ്പാനിഷ് ഫ്ലൂവിന് ശേഷമുള്ള ഘട്ടമായിരുന്നു. രണ്ടു ലോക മഹായുദ്ധങ്ങളെ അതിജീവിച്ചതിന് ശേഷവും നാം തളര്‍ന്നിരുന്നില്ല. ഇരുപതാം നൂറ്റാണ്ടില്‍ ലോകം മുഴുവന്‍ പുതുജീവന്‍ കൈക്കൊണ്ടു. സാങ്കേതികവിദ്യയുടെ വളര്‍ച്ച കൂടുതല്‍ ഉയരങ്ങളിലേക്ക് നമ്മെ നയിച്ചു. പുതിയ കണ്ടുപിടിത്തങ്ങള്‍ മനുഷ്യ ജീവിതത്തെ കൂടുതല്‍ സുഖകരവും ലളിതവും എളുപ്പമുള്ളതുമാക്കി. രാജ്യങ്ങള്‍ തമ്മിലുള്ള ദൂരം ഇല്ലാതെയായി. ലോകം ഒരൊറ്റ വിപണിയായി മാറി. വ്യവസായങ്ങള്‍ തഴച്ചുവളര്‍ന്നു.
സാഹചര്യങ്ങള്‍ക്കനുസരിച്ച് മാറ്റം
ഒന്നും ഇല്ലാതെയായില്ല. ബിസിനസുകള്‍ കൂടുതല്‍ നവീകരിക്കപ്പെട്ടു. പുതിയ ആശയങ്ങളും നവീനതയും ആധുനിക മാനേജ്മെന്റും പുതുതലമുറയും ബിസിനസുകളുടെ അലകും പിടിയും മാറ്റിമറിച്ചു. സാങ്കേതികത നമ്മുടെ കളിത്തോഴനായി. അത് ആരും കരുതുകപോലും ചെയ്യാത്ത വഴികളിലേക്കും ഉയരങ്ങളിലേക്കും നമ്മെ കൂട്ടിക്കൊണ്ടുപോയി. ഒരു രൂപത്തില്‍ നിന്നും ബിസിനസ് മറ്റൊരു രൂപത്തിലേക്ക് പരിണമിച്ചിട്ടുണ്ടാകാം. പുതിയ ഉത്പന്നങ്ങളും സേവനങ്ങളും കടന്നു വന്നിട്ടുണ്ടാകാം. ഒരിക്കലും ഒരു പ്രത്വേക വ്യവസായ സമൂഹം ഇല്ലാതെയാവുകയില്ല. താത്കാലിക തിരിച്ചടികള്‍ വേഗത കുറയ്ക്കാം. എന്നാല്‍ വ്യവസ്ഥിതി വീണ്ടും പൂര്‍വ്വാവസ്ഥയിലേക്ക് എത്തുകയും വേഗം കൂടുകയും ചെയ്യും.
എല്ലാം തിരിച്ചു വരും
ഒന്നും ഇല്ലാതെയായി പോകുന്നില്ല. നാം കൂടുതല്‍ ശക്തിയാര്‍ജ്ജിച്ച് തിരിച്ചെത്തും. എല്ലാം പഴയപോലെ പുനസ്ഥാപിക്കപ്പെടും. പുതിയ അവസരങ്ങള്‍ തുറക്കപ്പെടും. അഞ്ചു കോടി ജനങ്ങളുടെ ജീവനെടുത്ത സ്പാനിഷ് ഫ്ലൂവിനെക്കുറിച്ചുള്ള ചരിത്രം നാം വായിക്കുന്നതു പോലെ ഒരിക്കല്‍ നാം കോവിഡിനെക്കുറിച്ച് വായിക്കും. അന്ന് ഈ ഭീതി നമുക്കുണ്ടാകില്ല. രോഗ സമയത്ത് നിഷേധാത്മക ചിന്തകള്‍ ഉടലെടുക്കുന്നത് സ്വാഭാവികം. അതൊരു മാനസിക വിക്ഷോഭമായി മാറുകയോ നമ്മെ ഭ്രാന്തു പിടിപ്പിക്കുകയോ ചെയ്യുവാന്‍ പാടുള്ളതല്ല. ഇത് താത്കാലിക പ്രതിസന്ധിയാണ് അതിനെ മറികടന്നേ തീരൂ.
ഒരുദാഹരണം നോക്കാം
നമ്മുടെ കുട്ടികളുടെ പഠനം ഇപ്പോള്‍ ഓണ്‍ലൈനിലാണ്. സാഹചര്യം അതിന് മാത്രമേ നമ്മെ അനുവദിക്കുന്നുള്ളൂ. കുട്ടികള്‍ക്കും സൗകര്യപ്രദമാണ്. ഓണ്‍ലൈന്‍ വിദ്യാഭ്യാസം ഇനി കൂടുതല്‍ ശക്തമാകുമെന്നും ഭാവി അതിനാണ് എന്നുമൊക്കെ പ്രവചനങ്ങള്് നാം കേള്‍ക്കുന്നു.
കുട്ടികള്‍ വീട്ടിലിരുന്ന് പഠിക്കുന്നുണ്ട്. നല്ലത് തന്നെ, എന്നാല്‍ അവര്‍ അസ്വസ്ഥരാണ്. സമൂഹത്തില്‍ അവര്‍ക്ക് കിട്ടേണ്ട അനുഭവങ്ങള്‍ നഷ്ടമാകുന്നു. അവരുടെ സ്വഭാവം തേച്ചുമിനുക്കിയെടുക്കേണ്ടത് സമൂഹത്തിലെ വ്യവഹാരങ്ങളിലൂടെയാണ്. അദ്ധ്യാപകരും കുട്ടിയുമായുള്ള ബന്ധം, കുട്ടികള്‍ തമ്മിലുള്ള ബന്ധവും ഇടപെടലുകളും, വിവിധ പ്രവര്‍്ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍, പ്രശ്നങ്ങളെ നേരിടുമ്പോള്‍ അവര്‍ക്ക് ലഭ്യമാകുന്ന അറിവും നിപുണതകളും, സാമൂഹിക ഇടപാടുകളിലൂടെ കൈക്കൊള്ളേണ്ട മാനസിക വളര്‍ച്ച, സ്വഭാവ രൂപീകരണം ഇതൊക്കെ ഒരു ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിനും നല്കുവാന് സാധിക്കുകയില്ല. മനുഷ്യബന്ധങ്ങള്‍ക്ക് സൃഷ്ട്ടിക്കുവാന് മാത്രം കഴിയുന്ന ചില നൈസര്‍ഗ്ഗിക സ്വഭാവ പരിണാമങ്ങളുണ്ട്. അതൊഴിവാക്കിക്കൊണ്ട് ഇനി സ്കൂളുകള്‍് വേണ്ട കുട്ടികള്‍ ഓണ്‍ലൈന്‍ വഴി മാത്രം പഠിക്കട്ടേ എന്ന് നമുക്ക് ചിന്തിക്കുവാന്‍ സാധിക്കുമോ?
സാങ്കേതിക വിദ്യയുടെ വളര്‍ച്ച ഈ രംഗത്ത് രണ്ട് രൂപങ്ങള്‍ സൃഷ്ട്ടിച്ചിരിക്കുന്നു എന്ന് നമുക്ക് കാണാം. മൂര്‍ത്തവും അമൂര്‍ത്തവുമായ രൂപങ്ങള്‍. ഇവ രണ്ടും ഇനിയുള്ള കാലത്ത് ഒഴിവാക്കുവാനാകില്ല. രണ്ടിന്റെയും ഏറ്റവും അനുരൂപമായ ഒരു മിശ്രിത രൂപം നാം സ്വീകരിക്കേണ്ടി വരും. അതൊരു നവീനമായ മാറ്റമാണ്. അതിനു പകരം ഇപ്പോഴത്തെ വിദ്യാഭ്യാസരീതി പൂര്‍ണ്ണമായി ഓണ്‍ലൈന്‍ ആവുകയാണെങ്കിലോ? അത് സമൂഹത്തില്‍ വരുത്തുന്ന വിനാശം എന്തുമാത്രമായിരിക്കും എന്ന് നാം മനസിലാക്കേണ്ടതുണ്ട്. ഒരു റോബോട്ടിക് ടീച്ചര്‍ മനുഷ്യ അദ്ധ്യാപകന് പകരമാകുന്നില്ല എന്നാല്‍ അദ്ധ്യാപകന്റെ പ്രവൃത്തിയില്‍ സഹായിക്കുവാന്‍ അതിനാവും.
ഓരോന്നിനും രണ്ട് വശങ്ങളുണ്ട്
ഓരോ പ്രവൃത്തിക്കും രണ്ട് വശങ്ങളുണ്ട്. അത് രണ്ടും തൂക്കി നോക്കി വിലയിരുത്തി ഏറ്റവും ഗുണകരമായ, അനുയോജ്യമായ ഒരു തീരുമാനത്തിലേക്ക് നമുക്ക് എത്തേണ്ടി വരും. അത് ഒന്നിനെ ഇല്ലാതെയാക്കി മറ്റൊന്നിനെ സ്വീകരിക്കുകയല്ല മറിച്ച് രണ്ടിന്റെയും നല്ല വശങ്ങള് നോക്കി മികച്ച ഒരു മിശ്രിത രൂപം ഉണ്ടാക്കിയെടുക്കണം. ഇവിടെ ചില മാറ്റങ്ങള്‍ നിലവിലുള്ള രീതികള്‍ക്ക് സംഭവിക്കാം. ഈ മാറുന്ന രീതികളെ യഥാസമയം അവലംബിക്കാന്‍ നമുക്ക് സാധിച്ചാല്‍ തീര്‍ച്ചയായും ഭയപ്പെടാന്‍ ഒന്നുമില്ല.
വ്യവസായങ്ങളും സമൂഹവും പഴയനിലയിലേക്ക് തിരികെയെത്തും
ഒരു കേടുപാടും കൂടാതെ വ്യവസായങ്ങളും സമൂഹവും തിരിച്ചു വരും. ആര്‍ക്കും അവസരങ്ങള്‍ നഷ്ട്ടപ്പെടുന്നില്ല. ഇത് പ്രത്യാശാനിര്‍ഭരമായ ഒരു തോന്നല്‍ മാത്രമല്ല. ചരിത്രം തെളിയിക്കുന്നത് അതാണ്. കൊടിയ യുദ്ധങ്ങള്‍ക്കും, പ്രകൃതിക്ഷോഭങ്ങള്‍ക്കും മഹാരോഗങ്ങള്‍ക്കും മുന്നില്‍ നാം നെഞ്ചും വിരിച്ചു നിന്ന് പോരാടിയിട്ടുണ്ട്. താത്കാലിക നഷ്ട്ടങ്ങള്‍ സംഭവിച്ചിട്ടുണ്ടാകാമെങ്കിലും ഈ ലോകവും ജനതയും മുന്നോട്ടു തന്നെയാണ് പോകുന്നത്.
ക്ഷമയോടെ കാത്തിരിക്കുക. എടുത്തുചാടാതെയിരിക്കുക. കൂടുതല്‍ ടെന്‍ഷന്‍ അടിക്കാതിരിക്കുക. പ്രതീക്ഷകള്‍ അണയാതെ സൂക്ഷിക്കുക. കണ്ണുകള്‍ തുറന്നിരിക്കട്ടെ. മാറ്റങ്ങളെ സ്വീകരിക്കുക. പരിണാമം ഒരു സ്വാഭാവിക പ്രക്രിയയാണ്. അതിന് വിധേയമാകേണ്ടത് നമ്മുടെ കര്‍ത്തവ്യമാണ്. ഇതും ഒരു പരിണാമ ദശയാണ്. അതിനെ പുണരുക. വ്യവസായങ്ങളും ഈ നമ്മളടങ്ങുന്ന സമൂഹവും അതിശക്തമായി തിരിച്ചുവരും. നാമെല്ലാവരും ജീവിതം മുന്നോട്ട് കൊണ്ടുപോവുകയും ചെയ്യും.
-
Business3 weeks ago
കോവിഡ്; തിരിച്ചു വന്ന 30 പ്രവാസികളുടെ കിടിലന്‍ മല്‍സ്യ-മാംസ സംരംഭം
-
Business3 weeks ago
‘ശബ്ദം’ കേള്‍ക്കാന്‍ കാശ് നല്കിയാലെന്താ പ്രശ്നം?
-
Entertainment4 weeks ago
നേരും നെറിവുമുള്ള മറ്റൊരു കള്ളന്റെ കഥ സിനിമയാകുന്നു
-
Home2 weeks ago
കോവിഡിനിടയിലും ലക്ഷ്യമിട്ട 500 ഭവനങ്ങളുടെ നിര്‍മാണം പൂര്‍ത്തീകരിച്ച് അസറ്റ് ഹോംസ്
-
Business6 days ago
എ പ്ലസ്; സമാനതകളില്ലാത്ത ഡിറ്റര്‍ജെന്റ് ബ്രാന്‍ഡ്
-
Business6 days ago
പ്രവാസം സംരംഭകനാക്കി; പ്രമേഹരോഗികള്‍ക്കായി റെജിമോന്റെ ഓട്ട്സ്
-
Business2 weeks ago
ആരോഗ്യ പരിചരണത്തിന് ആദിത്യ ബിര്‍ളയുമായി ചേര്‍ന്ന് യെസ് ബാങ്ക് വെല്‍നസ് ക്രെഡിറ്റ് കാര്‍ഡ് അവതരിപ്പിച്ചു
-
Business7 days ago
കള്ളിയത്ത് ടി.എം.ടിക്ക് ഇന്ത്യ 5000 ബെസ്റ്റ് അവാര്‍ഡ്