Business
ശ്രുതി ഷിബുലാലിന്റെ ഒ ബൈ താമര തിരുവനന്തപുരത്ത് തുറന്നു
കേരളത്തില്‍ 300 കോടി രൂപ നിക്ഷേപമാണ് ശ്രുതിയുടെ താമര നടത്തുന്നത്. അതിഗംഭീരമാണ് പുതിയ ഹോട്ടല്‍

ആതിഥേയ മേഖലയില്‍ പരിചയസമ്പത്തുള്ള പ്രമുഖ ഹോട്ടല്‍ ശൃംഖലയായ താമര ലീഷര്‍ എക്സ്പീരിയന്‍സസ് പ്രൈവറ്റ് ലിമിറ്റഡ് കേരളത്തിലേയ്ക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി തലസ്ഥാനത്ത് ആക്കുളത്ത് പഞ്ചനക്ഷത്ര ഹോട്ടല്‍ പ്രവര്‍ത്തനം ആരംഭിച്ചു.
കൊടൈക്കനാല്‍, കൂര്‍ഗ്, ബെംഗളൂരു എന്നിവിടങ്ങളില്‍ ഹോട്ടലുകള്‍ തുടങ്ങിയ താമര ഹോസ്പിറ്റാലിറ്റി ഗ്രൂപ്പ് എല്ലാവിധ ആഡംബര സജ്ജീകരണങ്ങളും തിരുവനന്തപുരത്തെ ഏറ്റവും വലിയ ഹോട്ടല്‍ കണ്വെന്ഷന് സെന്ററുമാണ് ആക്കുളത്തെ ‘ഒ ബൈ താമര’ എന്ന ഹോട്ടലില്‍ യാഥാര്‍ഥ്യമാക്കിയിരിക്കുന്നത്.
താമര ബ്രാന്‍ഡിലെ ഹോട്ടല്‍ മുറികളുടെ എണ്ണം 2025 ഓടെ ആഗോളാടിസ്ഥാനത്തില്‍ 1,000 തികയ്ക്കുക എന്നതാണ് ലക്ഷ്യമെന്ന് താമര ലീഷര്‍ എക്സ്പീരിയന്‍സസ് പ്രൈവറ്റ് ലിമിറ്റഡ് സിഇഒയും ഡയറക്ടറുമായ ശ്രുതി ഷിബുലാല്‍ പറഞ്ഞു. തിരുവനന്തപുരത്തിനു പിന്നാലെ ആലപ്പുഴ, ഗുരുവായൂര്‍, കണ്ണൂര്‍ എന്നിവിടങ്ങളിലും പദ്ധതികള്‍ വിഭാവനം ചെയ്യുന്നുണ്ട്. തിരുവനന്തപുരത്തെ ഹോട്ടലില്‍ 152 മുറികളാണുള്ളത്. കമ്പനിയുടെ മൂന്നു വിഭാഗം ഹോട്ടലുകളില്‍ ‘ഒ ബൈ താമര’ വിഭാഗത്തിലെ ആദ്യ ഹോട്ടലാണ് ഇവിടെ ആരംഭിച്ചതെന്നും ഹോട്ടലിന്റെ പ്രവര്‍ത്തനം തുടങ്ങുന്നതുമായി ബന്ധപ്പെട്ടു നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അവര്‍ പറഞ്ഞു.

കേരളത്തിന്റെ വിനോദസഞ്ചാര, വിവരസാങ്കേതിക മേഖലകളിലെ നിര്‍ണായക വളര്‍ച്ച കണക്കിലെടുത്താണ് കേരളത്തിനു പ്രാമുഖ്യം നല്‍കുന്നത് വിനോദസഞ്ചാരത്തിനുള്ള നിത്യഹരിത ലക്ഷ്യസ്ഥാനമായ കേരളത്തിന്റെ പ്രകൃതിഭംഗി വിനോദസഞ്ചാരികളെ എന്നും ആകര്‍ഷിക്കുന്നതാണെന്നും അതില്‍ പങ്കാളിയായി സംസ്ഥാനത്തിന്റെ ആതിഥേയ മേഖലയ്ക്ക് അനുയോജ്യമായ സംഭാവന നല്‍കുമെന്നും അവര്‍ വ്യക്തമാക്കി.
ഉത്തരവാദിത്ത ആതിഥേയത്വമാണ് കേരളത്തില്‍ 300 കോടി രൂപ നിക്ഷേപം നടത്തുന്ന താമര ഗ്രൂപ്പിന്റെ അടിത്തറ. കോര്‍പ്പറേറ്റ് ഭരണം, തൊഴില്‍ നൈതികത, സുസ്ഥിര സമ്പ്രദായങ്ങള്‍, അതിഥികളുടെ സന്തോഷം എന്നിവയിലധിഷ്ഠിതമായതും ഉയര്‍ന്ന മാനദണ്ഡങ്ങള്‍ പാലിക്കുന്നതുമായ ഹോസ്പിറ്റാലിറ്റി ഗ്രൂപ്പ് രൂപീകരിക്കുകയാണ് ദര്‍ശനമെന്നും അവര്‍ ചൂണ്ടിക്കാട്ടി.
നിര്‍മ്മാണത്തിന്റെ ആദ്യഘട്ടം മുതല്‍ ഹരിതചട്ടങ്ങള്‍ സൂക്ഷ്മമായി പാലിച്ചിട്ടുണ്ട്. സംയോജിത വാസസ്ഥല മൂല്യനിര്‍ണയത്തിനുള്ള ദേശീയ മാനദണ്ഡമായ ‘ഗൃഹ’ (ഗ്രീന്‍ റേറ്റിങ് ഫോര്‍ ഇന്റഗ്രേറ്റഡ് ഹാബിറ്റാറ്റ് അസസ്മെന്റ്) സര്ട്ടിഫിക്കേഷന് ഉടന്‍ ലഭിക്കും.
10,000 ചതുരശ്രയടിയിലാണ് തലസ്ഥാനത്തെ ഏറ്റവും വലിയ കണ്വെന്ഷന് സെന്റര്‍ സജ്ജമാക്കിയിരിക്കുന്നത്. ഇത് മുഴുവനായോ ഏഴായിരവും മൂവായിരവും വിസ്തീര്‍ണമുള്ള രണ്ട് ഹാളുകളായോ ഉപയോഗിക്കാം. ഹാളില്‍ തിയേറ്റര്‍ ശൈലിയില്‍ 1,250 പേര്‍ക്കും റൗണ്ട് ടേബിള്‍ മാതൃകയില്‍ അഞ്ഞൂറുപേര്ക്കും ഇരിക്കാമെന്നും അവര്‍ പറഞ്ഞു.
ഒന്നാം നിലയില്‍ ലോബിയില്‍ നിന്നുള്ള എലിവേറ്റര്‍, സ്വീകരണമുറി, ബാര്‍, ബോര്‍ഡ്റൂം, ആവശ്യാനുസരണം ക്രമീകരിക്കാവുന്ന 1400 ചതുരശ്രയടി കോണ്‍ഫറന്‍സ് റൂം എന്നിവയുള്‍പ്പെടുന്ന 1,809 ചതുരശ്രയടിയിലുള്ള ബിസിനസ് സെന്ററുണ്ട്. കോണ്‍ഫറന്‍സ് ഹാളില്‍ തീയേറ്റര്‍ ശൈലില് 125 പേര്‍ക്കും റൗണ്ട് ടേബിളായി 75 പേര്‍ക്കും ഇരിക്കാം. ഔദ്യോഗിക ബിസിനസ് മീറ്റിങ്ങുകള്‍ക്കുള്ള 258 ചതുരശ്ര അടി ബോര്‍ഡ്റൂമില്‍ 12 സീറ്റുകളാണുള്ളത്.
മൂന്നാം നിലയില്‍ 7,136 ചതുരശ്രയടി പുല്‍ത്തകിടിയോടെ പൂള് സജ്ജമാക്കിയിട്ടുണ്ട്. മുന്നൂറ്റിയന്‍പതോളം പേരെ ഉള്‍ക്കൊള്ളാവുന്ന ഈ സ്ഥലം ഔട്ട്ഡോര്‍ പരിപാടികള്‍ക്ക് അനുയോജ്യമാണ്.
മൂന്നു വിഭാഗത്തിലുള്ള മുറികളാണുള്ളത്. 301 ചതുരശ്രയടിയിലുള്ള ഡീലക്സ്-എലീറ്റ് റൂമുകള്‍, പ്രത്യേക ലിവിംഗ് റൂം, പൗഡര്‍ റൂം, ബെഡ്റൂം എന്നിവ ഉള്‍പ്പെടുന്ന 729 ചതുരശ്രയടിയിലുള്ള സ്യൂട്ട് റൂം എന്നിവ. 43 ഇഞ്ചുള്ള എച്ച്ഡി സ്മാര്‍ട് ടിവി, 24 മണിക്കൂറും അതിവേഗ ഇന്റര്‍നെറ്റ്, ഇലക്ട്രോണിക് സെയ്ഫ്, മിനി ബാര്‍, വോക്ക് ഇന്‍ ഷവര്‍, ലോണ്ട്രി സേവനങ്ങള്‍, സൗണ്ട് പ്രൂഫ് വിന്‍ഡോ എന്നീ സജ്ജീകരണങ്ങളും മുറികളിലുണ്ട്.
മുഴുവന്‍സമയ റൂം സര്‍വീസിനു പുറമേ ‘ഒ ബൈ താമര’യില്‍ നാല് ആഡംബര ഭക്ഷണശാലകളുമുണ്ട്. ദിവസം മുഴുവന്‍ ഭക്ഷണം ലഭിക്കുന്ന ‘ഒ കഫേ’യും ലോബി പേസ്ട്രി ഷോപ്പായ ‘എല്‍ബിവി’യും പ്രവര്‍ത്തനമാരംഭിച്ചു കഴിഞ്ഞു. റൂഫ് ടോപ് ബാറും ഗ്രില്ലും അടങ്ങുന്ന ‘ടേക്ക് ഓഫ്’, ‘സ്പോര്‍ട്സ് ബാര്‍’ എന്നിവ ഉടന്‍ പ്രവര്‍ത്തനക്ഷമമാകും.
അഞ്ച് ട്രീറ്റ്മെന്റ് റൂമുകളോടുകൂടിയ സ്പാ, സ്റ്റീം, സോണ, ജകൂസി സൗകര്യങ്ങളും പരിശീലനം ലഭിച്ച തെറാപ്പിസ്റ്റുകളുടേയും ഉഴിച്ചില്‍ നടത്തുന്നവരുടേയും സേവനവും ലഭ്യമാക്കുന്നുണ്ട്. അത്യാധുനിക ജിംനേഷ്യം, ഫിറ്റ്നസ് സെന്റര്‍, ഇന്‍ഫിനിറ്റി പൂള് എന്നിവയാണ് മറ്റു ആകര്‍ഷണതകള്‍. പ്രാദേശിക സമൂഹത്തോടുള്ള ഉത്തരവാദിത്തം എന്ന താമര ഗ്രൂപ്പിന്റെ നയം മുന്‍നിര്‍ത്തി പ്രദേശത്തുള്ളവര്‍ക്കും ഇവിടെ ജോലി നല്‍കിയിട്ടുണ്ടെന്ന് ശ്രുതി അറിയിച്ചു.
Business
സ്കോട്ലന്ഡ് യാര്‍ഡ് ആസ്ഥാനം ആഡംബര ഹോട്ടലാക്കി യൂസഫലി
2800 കോടി രൂപയുടെ നിക്ഷേപവുമായി ലുലു യുകെയില്‍ ചരിത്രം രചിക്കുന്നു. സ്കോട്ലാന്‍ഡ്യാഡ് ലണ്ടനില്‍ തുറന്നു

2800 കോടി രൂപയുടെ നിക്ഷേപവുമായി ലുലു യുകെയില്‍ ചരിത്രം രചിക്കുന്നു. സ്കോട്ലാന്‍ഡ്യാഡ് ലണ്ടനില്‍ തുറന്നു
ലണ്ടന്‍ സ്കോട്ലന്ഡ് യാര്‍ഡിന്റെ ഉദ്ഘാടനത്തോടെ ലുലു ഗ്രൂപ്പിന്റെ ഹോസ്പിറ്റാലിറ്റി നിക്ഷേപ സംരംഭമായ ട്വന്റി 14 ഹോള്‍ഡിംഗ്സിന് യുകെയില്‍ 2800 കോടി രൂപയുടെ നിക്ഷേപമായി. 2015ല്‍ 1,025 കോടി രൂപക്കാണ് ചരിത്രപരമായ നിരവധി പ്രത്യേകതകള്‍ അവകാശപ്പെടുന്ന ഈ നിര്‍മിതി ട്വന്റി 14 ഹോള്‍ഡിംഗ്സ് സ്വന്തമാക്കിയത്. ഇതില്‍ 512 കോടിരൂപയുടെ നവീകരണ പ്രവര്‍ത്തനങ്ങളും ഗ്രൂപ്പ് നടത്തി. ഇതിന് പുറമെ വാള്‍ഡ്റോഫ് അസ്റ്റോറിയ എഡിന്ബറോദി കാലിഡോണിയനും 2018ല്‍ കമ്പനി സ്വന്തമാക്കിയിട്ടുണ്ട്.
വെസ്റ്റ്മിനിസ്റ്ററില്‍ സെയ്ന്റ് ജെയിംസിലാണ് സ്കോട്ലന്ഡ്യാഡ് സ്ഥിതിചെയ്യുന്നത്. ഈ പൈതൃക ഹോട്ടലിന്റെ നടത്തിപ്പ് ഹയാത്ത് ബ്രാന്‍ഡിനാണ്. 1910ല്‍ ബ്രിട്ടീഷ് ആര്‍മി റിക്രൂട്ട്മെന്റ് ഓഫീസായും റോയല്‍ പൊലീസ് കാര്യാലയമായും പ്രവര്‍ത്തിച്ച ഈ നിര്‍മിതി ചാള്‍സ് ഡിക്കിന്‍സ്, സര് ആര്‍തര്‍ കോനന്‍ ഡോയല്‍ അടക്കമുള്ള നിരവധി എഴുത്തുകാരുടെ സൃഷ്ടികളിലൂടെയും ഖ്യാതിനേടിയിട്ടുണ്ട്. തുഡോര്‍ കാലഘട്ടത്തില്‍ സ്കോട്ട്ലന്‍ഡ് സന്ദര്‍ശിക്കുന്നരാജാക്കന്‍മാരുടെ താമസകേന്ദ്രമായും ഈ കെട്ടിടം പ്രവര്‍ത്തിച്ചിട്ടുണ്ട്.
ലോകത്തെ വിഖ്യാത നഗരങ്ങളിലൊന്നായ ലണ്ടന്റെ സവിശേഷ ചരിത്രത്തേയും ആധുനികകാല പ്രാധാന്യത്തേയും ഗ്രേറ്റ് സ്കോട്ലന്ഡ് യാഡ് ഹോട്ടല്‍ പ്രതിനിധീകരിക്കുന്നുവെന്ന് ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ ചെയര്മാന് എം എ യൂസഫലി പറഞ്ഞു. ചരിത്ര നിര്‍മിതിയെ ആതിഥ്യമര്യാദയുടെ ഉന്നത പ്രതീകമാക്കി മാറ്റിയെടുക്കും. സമാനതകളില്ലാത്ത അനുഭവങ്ങളാണ് ഇവിടെ അതിഥികള്‍ക്കായി ഞങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ഇവിടുത്തെ വിസ്മയങ്ങള്‍ നേരിട്ടനുഭവിക്കാന്‍ എല്ലാവരേയും ക്ഷണിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എഡ്വാഡിയന്‍ വിക്ടോറിയന്‍ വാസ്തു ശില്പ മാതൃകയില്‍ 93,000 ചതുരശ്രഅടി വിസ്തൃതിയുള്ള ഈ ആഡംബര ബുട്ടീക്ക് ഹോട്ടലില്‍ ഏഴുനിലകളിലായി 153 മുറികളും 15 സ്യൂട്ടുകളുമുണ്ട്. വ്യവസായ പ്രമുഖര്‍, സെലിബ്രിറ്റികള്‍, രാഷ്ട്രത്തലവന്മാര് എന്നിവര്‍ക്കായി രണ്ട് ബെഡ്റൂം ടൗണ്‍ ഹൗസ് വിഐപി സ്യൂട്ടുകളും ഇതിലുള്‍പ്പെടും. 120 സീറ്റുള്ള കോണ്‍ഫറന്‍സ് റൂമും ഇതിന്റെ പ്രത്യേകതയാണ്.
സ്കോട്ട്ലാന്‍ഡ്യാഡ് ഒരു സ്വപ്ന സാക്ഷാത്കാരമാണെന്ന് ട്വന്റി 14 ഹോള്‍ഡിംഗ്സ് എംഡി അദീബ് അഹമ്മദ് പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ പൈതൃക നിര്‍മിതികളിലൊന്നായ ഇതിന്റെ നവീകരണം ഏറെ നാളായി നടന്നുവരികയായിരുന്നു. അസംഖ്യം കഥകള്‍ ഉറങ്ങിക്കിടക്കുന്ന ഈ നിര്‍മ്മിതിയുടെ കീര്‍ത്തി ഒട്ടും കുറഞ്ഞ് പോകാത്ത വിധത്തിലുള്ള പ്രവര്‍ത്തനമാണ് നടക്കുകയെന്നുംഅദ്ദേഹംപറഞ്ഞു.
Business
നിസ്സാരം, നമുക്ക് പറ്റും ! ഹോട്ടല്‍ സപ്ലയറായി തുടക്കം, ഇന്ന് ശമ്പളം 857 കോടി രൂപ
ബിസിനസ് സ്കൂളിലെ ആദ്യ വര്‍ഷം കഴിഞ്ഞപ്പോള്‍ തന്നെ വിവാഹിതനായി അതോടെ ബാധ്യതകൾ കൂടി.

ചിലർ അങ്ങനെയാണ്, വിജയിക്കണം എന്ന് കരുതി ഇറങ്ങിത്തിരിച്ചത് അത് ഒരു ഒന്നൊന്നര യാത്ര തന്നെയാകും. അത്തരത്തിൽ ഒരു വ്യക്തിയാണ് പാലോ ആള്‍ട്ടോ നെറ്റ് വര്‍ക്സിന്റെ സിഇഒയും ചെയര്‍മാനുമായ നികേഷ് അറോറ.ഗുഗിള്‍ ചീഫ് ബിസിനസ് ഓഫീസര്‍, സോഫ്റ്റ്ബാങ്ക് ഗ്രൂപ്പ് പ്രസിഡന്റ് തുടങ്ങിയ നിരവധി സ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ള നികേഷ് അറോറ വായിൽ സ്വർണകരണ്ടിയുമായി ജനിച്ച വ്യക്തിയല്ല. മാതാപിതാക്കളുടെ പണം ധൂർത്തടിച്ചുമായിരുന്നില്ല അദ്ദേഹത്തിൻറെ വളർച്ച. ഇന്നത്തെ തലമുറ കണ്ടു പഠിക്കേണ്ട ഒന്നാണ് അദ്ദേഹത്തിൻറെ ജീവിതം. ഈയിടെ നടത്തിയ സര്‍വേ പ്രകാരം ലിസ്റ്റഡ് യു.എസ് കമ്പനികളില്‍ ഏറ്റവും കൂടുതല്‍ വേതനം വാങ്ങുന്ന സിഇഒമാരില്‍ മൂന്നാം സ്ഥാനത്താണ് ഇദ്ദേഹം.857 കോടി രൂപയാണ് ഇദ്ദേഹത്തിന്റെ ഇപ്പോഴത്തെ വാര്‍ഷികവേതനം
ബിരുദം കഴിഞ്ഞപ്പോൾ അച്ഛന്റെ കൈയില്‍ നിന്ന് രണ്ട് ലക്ഷം രൂപ കടം വാങ്ങി 21ാം വയസില്‍ യു.എസിലേക്ക് ഉപരി പഠനത്തിനായി തിരിച്ച നികേഷിന്റെ ജീവിതം മുഴുവൻ ട്വിസ്റ്റുകൾ നിറഞ്ഞതായിരുന്നു. അമേരിക്കയിലെത്തി ഒരു കോഴ്സ് തെരഞ്ഞെടുത്ത് പഠിക്കാൻ ഒരുങ്ങിയപ്പോഴേക്കും കയ്യിലെ പണമെല്ലാം തീർന്നു.കൂടുതൽ പണത്തിനായി വീട്ടുകാരെ ബുദ്ധിമുട്ടിക്കാൻ തോന്നിയില്ല.ജോലി തേടിയിറങ്ങി. സെക്യൂരിറ്റി ഗാര്‍ഡ്, ഹോട്ടല്‍ സപ്ലയര്‍ തുടങ്ങിയ പല ജോലികളും ചെയ്തു.
പഠനവും ജോലിയുമൊപ്പത്തിനൊപ്പംനകൊണ്ട് പോകാൻ ശ്രമിച്ചെങ്കിലും കാലിടറി. സാമ്പത്തികബാധ്യത കൊണ്ട് നട്ടംതിരിഞ്ഞ ഒരു സാഹചര്യം നികേഷ് അറോറ പക്ഷെ പിന്തിരിഞ്ഞില്ല. ഉത്തര്‍പ്രദേശിലെ ഘസിയാബാദില്‍ ഒരു എയര്‍ഫോഴ്സ് ഉദ്യോഗസ്ഥന്റെ മകനായി ജനിച്ച സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത് കേന്ദ്രീയ വിദ്യാലയങ്ങളില്‍ നിന്നായിരുന്നു. പഠിക്കാന്‍ മിടുക്കനായിരുന്ന നികേഷിന് ഐഐറ്റിയില്‍ അഡ്മിഷന് ലഭിച്ചു.
അവിടെ നിന്ന് ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗ് പൂര്‍ത്തിയാക്കിയ അദ്ദേഹം വിപ്രോയില്‍ ജോലിക്ക് പ്രവേശിച്ചെങ്കിലും ഉന്നതവിദ്യാഭ്യാസം നേടാനായി ജോലി ഉപേക്ഷിച്ചു. അമേരിക്കൻ പഠനത്തിനായിട്ടായിരുന്നു ജോലി വേണ്ടെന്നു വച്ചത് . ബോസ്റ്റണ്‍ കോളെജില്‍ പഠനം ആരംഭിച്ച നികേഷ് കടുത്ത സാമ്പത്തികപ്രതിസന്ധിയിലകപ്പെട്ടു.ബിസിനസ് സ്കൂളിലെ ആദ്യ വര്‍ഷം കഴിഞ്ഞപ്പോള്‍ തന്നെ വിവാഹിതനായി അതോടെ ബാധ്യതകൾ കൂടി.
അങ്ങനെയാണ് പാർട്ട്ടൈം ജോലി ആരംഭിക്കുന്നത്. പഠനത്തിനൊപ്പം തന്നെ സെക്യൂരിറ്റി ഗാര്‍ഡ് ആയി ജോലി ചെയ്തു. ബാക്കിയുള്ള സമയം ശാരീരികപരിമിതികളുള്ളവര്‍ക്ക് നോട്ട്സ് എഴുതി നല്‍കുക, കോര്‍പ്പറേറ്റ് ഫിനാന്‍സിനെക്കുറിച്ച് ക്ലാസുകളെടുക്കുക അങ്ങനെ പഠന കാലഘട്ടത്തിൽ ചെയ്യാത്ത കാര്യങ്ങളില്ല. ആഴ്ചയില്‍ രണ്ടുദിവസം ബര്‍ഗര്‍ കിംഗ് ഔട്ട്ലെറ്റില് സപ്ലയറായി പോകുമായിരുന്നു. എത്ര കഷ്ടപ്പെട്ടാലും ഒടുവിൽ വിജയം തനിക്കൊപ്പം നിൽക്കുമെന്ന ചിന്തയാണ് അദ്ദേഹത്തിന് കരുത്തായത്.
450 കമ്പനികള്‍ ജോലി അപേക്ഷ നിരസിച്ച വ്യക്തി
പഠനം പൂർത്തിയാക്കിയ ഉടനെ ജോലിക്കായുള്ള ശ്രമങ്ങൾ ആരംഭിച്ചു. 450 കമ്പനികളില്‍ അപേക്ഷിച്ചിട്ടും അദ്ദേഹത്തിന് ജോലി ലഭിച്ചില്ല.ഒടുവില്‍ ഒരു സ്ഥാപനം അദ്ദേഹത്തിന് പൊസിറ്റീവ് മറുപടി അയച്ചു. അങ്ങനെ അറോറ ഫിഡെലിറ്റി ഇന്‍വെസ്റ്റമെന്റില്‍ ജോലിക്ക് ചേര്‍ന്നു. അവിടെ കഴിവ് തെളിയിച്ച അദ്ദേഹം ഫിഡെലിറ്റി ടെക്നോളജീസില്‍ ഫിനാന്‍സ് വിഭാഗം വൈസ് പ്രസിഡന്റായി. അവിടെ നിന്നും മാറ്റങ്ങൾ ആരംഭിക്കുകയായിരുന്നു.
2004ലാണ് അദ്ദേഹത്തിന്റെ ജീവിതത്തില്‍ ഗൂഗിളില്‍ ജോലി ലഭിച്ചു. ഏഴ് വര്‍ഷം കൊണ്ട് ഗൂഗിളിന്റെ ചീഫ് ബിസിനസ് ഓഫീസറും ഗൂഗിളില്‍ ഏറ്റവും വേതനം നേടുന്ന ജീവനക്കാരനുമായി. അന്ന് അദ്ദേഹത്തിന്റെ വാര്‍ഷികവേതനം 310 കോടിരൂപയായിരുന്നു.
ഗൂഗിൾ നിന്നും മികച്ച സർവീസോടെ ഇറങ്ങിയ അദ്ദേഹം സോഫ്റ്റ്ബാങ്കില്‍ ചേർന്നു. കഴിഞ്ഞ വര്‍ഷമാണ് അദ്ദേഹം സൈബര്‍ സെക്യൂരിറ്റി സ്ഥാപനമായ പാലോ ആള്‍ട്ടോയില്‍ ജോലിയില്‍ പ്രവേശിച്ചത്. ഏത് സാഹചര്യത്തിലും പിന്മാറിയാതെ മുന്നോട്ട് പോകുന്നതാണ് അദ്ദേഹത്തിൻറെ ഏറ്റവും വലിയ മികവ്. ലക്ഷ്യത്തിലേക്ക് എത്തുന്നതിനായി കഷ്ടപ്പെടുന്നതിൽ ഇദ്ദേഹത്തിന് സന്തോഷം മാത്രമേയുള്ളു. അത് തന്നെയാണ് അദ്ദേഹത്തിൻറെ വിജയ രഹസ്യവും
Business
പപ്പടവട ബാക്ക് ഇൻ ആക്ഷൻ ; ഇനി സ്വാദിന്റെ മാമാങ്കം
പപ്പടവട എക്സ്പ്രസ് എന്ന പേരിലാണ് തിരിച്ചുവരവ്. കൊച്ചിക്കാരുടെ ഫുഡ്ബുക്കിലെ പ്രധാന ആകർഷണങ്ങളിൽ ഒന്നായിരുന്ന പപ്പടവട, നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി 8 മാസങ്ങൾക്കു മുൻപാണ് അടച്ചത്

വേറിട്ട സംരംഭകത്വ ശൈലികൊണ്ടും രുചികരമായ ഭക്ഷണം കൊണ്ടും സാമൂഹിക പ്രശ്നങ്ങളിൽ കരുതലോടെ ഇടപെടുന്ന സംരംഭകയുടെ നിലപാട് കൊണ്ടും വ്യത്യസ്തമായ കൊച്ചി കലൂർ ആസ്ഥാനമായ പപ്പടവട റെസ്റ്റോറന്റ് വീണ്ടും തുറക്കുന്നു. പപ്പടവട എക്സ്പ്രസ് എന്ന പേരിലാണ് തിരിച്ചുവരവ്. കൊച്ചിക്കാരുടെ ഫുഡ്ബുക്കിലെ പ്രധാന ആകർഷണങ്ങളിൽ ഒന്നായിരുന്ന പപ്പടവട, നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി 8 മാസങ്ങൾക്കു മുൻപാണ് അടച്ചത്.
ബാങ്കിങ് രംഗത്ത് പ്രവർത്തിച്ചിരുന്ന മിനു പൗളിൻ എന്ന യുവതി തന്റെ ജോലി വേണ്ടെന്നു വച്ചുകൊണ്ടാണ് റെസ്റ്റോറന്റ് ബിസിനസിലേക്ക് ഇറങ്ങിത്തിരിക്കുന്നത്. ബിസിനസിനോടുള്ള പാഷനും ആളുകൾക്ക് നല്ല ആഹാരം നൽകണം എന്നുള്ള ആഗ്രഹവുമാണ് കുറഞ്ഞ നിരക്കിൽ ഭക്ഷണം നൽകുന്ന ഒരു ഔട്ട്ലെറ്റ് എന്ന നിലയിൽ പപ്പടവടയെ വളർത്തിയത്.

തുടക്കത്തിൽ എംജി റോഡിലായിരുന്നു സ്ഥാപനം പ്രവർത്തിച്ചിരുന്നത്. എന്നാൽ പിന്നീട് ആളുകളുടെ എണ്ണം വർധിച്ചതോടെ കലൂർ ബസ് സ്റ്റാൻഡിനു സമീപമുള്ള വലിയ കെട്ടിടത്തിലേക്ക് പ്രവർത്തനം മാറി. വിശക്കുന്നവർക്ക് സൗജന്യമായി ഭക്ഷണം നൽകുന്നതിനായി നന്മമരം എന്ന പേരിൽ റെഫ്രിഡ്ജറേറ്റർ സ്ഥാപിച്ച് മിനു പൗളിൻ ജനപ്രീതി നേടിയിരുന്നു. സംരംഭകത്വം എന്ന ആശയത്തെ വ്യത്യസ്തമായി കാണുന്ന മിനു മാനേജ്മെന്റ് വിദ്യാർത്ഥികൾക്കായി ക്ളാസുകളും എടുക്കാറുണ്ട്.
എന്നാൽ കേരളത്തിൽ നന്നായി പ്രവർത്തിക്കുന്ന എല്ലാ സ്ഥാപനങ്ങൾക്കും നേരിട്ട തിരിച്ചടി പപ്പടവടയെയും ബാധിച്ചു. 2018 ഒക്ടോബറിൽ ചില സാമൂഹ്യ വിരുദ്ധര്‍ പപ്പടവടയും നന്മമരവും അടിച്ച് തകര്‍ത്തു. അജ്ഞാതരായ വ്യക്തികളുടെ ആക്രമണത്തിൽ തകർന്ന സ്ഥാപനത്തെ പഴയതിലും കൂടുതൽ ആർജവത്തോടെ തിരിച്ചു കൊണ്ട് വന്നിരിക്കുകയാണ് മിനു പൗളിൻ.

കഴിഞ്ഞ 8 മാസത്തോളം കാലം പപ്പടവടക്ക് പൂട്ട് നീനു കിടന്നിരുന്നത് കൊച്ചിയിലെ ഭക്ഷണപ്രേമികളെ വല്ലാതെ ബാധിച്ചിരുന്നു. എന്നാൽ തിരിച്ചുവരവിൽ പപ്പടവട പഴയതിനേക്കാൾ രുചികരമായിരിക്കുകയാണ്. മീൻവണ്ടി എന്ന പേരിൽ ലൈവ് ആയി തയ്യാറാക്കുന്ന മീൻ വിഭവങ്ങളും മീൻകറി ഉൾപ്പെടെ 50 രൂപക്ക് ഊണുമെല്ലാം പപ്പടവടയെ വ്യത്യസ്തമാക്കുന്നു. ഇല അട , സുഖിയൻ , പഴം പൊരി ഉ, കൊഴുക്കട്ട .സമൂസ , കിണ്ണത്തപ്പം, പരിപ്പ് , നെയ്പത്തിരി , ബജികൾ, നെയ്യപ്പം ..അങ്ങനെ നാലുമണി പലഹാരങ്ങളുടെ നിര വേറെയും .

നല്ല റോസ് ചെമ്പാവരി ചോറിൽ വെള്ളമൊഴിച്ച് വച്ച് പഴങ്കഞ്ഞി ആക്കിയ ശേഷം അതിലേക്കു കപ്പ പുഴുക്കുമിട്ടു, അതിനു മുകളിൽ നല്ല കട്ട തൈരും, പുളുശേരിയും, തേങ്ങ ചമ്മന്തിയും, മുളക് കീറിയിട്ട അച്ചാറും പിന്നെ കൂട്ടിനു പച്ച മുളകും ചെറിയ ഉള്ളിയും ചേർത്ത അമ്മച്ചീസ് പഴങ്കഞ്ഞിയാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത.

ഇല ഊണ് പായസം ഉൾപ്പെടെ – ₹50
മത്തി പൊരിച്ചത് – ₹15
കക്ക തോരൻ – ₹20
അയല വറുത്തത് – ₹30
കിളിമീൻ പൊരിച്ചത് – ₹30
കൊഴുവ വറുത്തത് – ₹30
വറ്റ പൊരിച്ചത് – ₹35
സിലോപ്പി ഫ്രൈ – ₹35
കൊഞ്ച് റോസ്റ് – ₹50
ബീഫ് ഫ്രൈ – ₹50
കേര മുളകിട്ടത് – ₹50
അയല മാങ്ങാ കറി ₹60
-
Life2 weeks ago
ഒന്നും രണ്ടുമല്ല, മാലതി ടീച്ചർ ശബരിമല ചവിട്ടിയത് 18 തവണ!
-
Business4 days ago
കിടിലന്‍ കച്ചോടം, 1 വര്‍ഷത്തിനുള്ളില്‍ നേടിയത് 400 കോടി വരുമാനം
-
Life1 week ago
അരുണ്‍ കുമാറിന്റെ മിനിയേച്ചര്‍ വാഹനങ്ങള്‍ ദേശീയതലത്തിലും ശ്രദ്ധയാകര്‍ഷിക്കുന്നു
-
Business2 days ago
അന്ന് 60 ഡോളര്‍ ഇല്ല, ഇന്ന് ലോകം ഭരിക്കുന്ന ആല്‍ഫബെറ്റ് സിഇഒ
-
Business1 week ago
കടബാധ്യതയകറ്റിയ താറാവ്; സന്തോഷത്തിൽ കണ്ണ് നിറഞ്ഞ രാജു
-
Business2 weeks ago
പേടിഎമ്മിന്റെ മൂല്യം 1 ലക്ഷം കോടി രൂപ കവിഞ്ഞു!
-
Business4 days ago
കേരളം ഇതുവരെ കാണാത്ത മിന്നല്‍ പിണര്‍ പോലെയുള്ള യാത്രാനുഭവം
-
Tech2 weeks ago
കൈയടിക്കാം; കേരളത്തില്‍ നിര്‍മിച്ച ഈ ഉപകരണം 100ലേറെ രാജ്യങ്ങളിലേക്ക്